അമ്പലവയൽ ∙ കാരാപ്പുഴ ഡാമിൽ വൈദ്യുതോൽപാദന യൂണിറ്റ് ആരംഭിക്കാനുള്ള സാധ്യത തേടിയത് വെറുതെയായി. തുടർനടപടിഇഴഞ്ഞതോടെ പദ്ധതി കടലാസിൽ മാത്രമൊതുങ്ങുന്ന സ്ഥിതിയാണ്.
ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമിലെ വെള്ളം ഉപയോഗപ്പെടുത്തി 30 മെഗാവാട്ട് ശേഷിയിൽ വൈദ്യുതി ഉൽപാദിപ്പിക്കാനായിരുന്നു പദ്ധതി. കെഎസ്ഇബി കോഴിക്കോട് ഇൻവെസ്റ്റിഗേഷൻ വിഭാഗം പ്രാഥമിക പരിശോധന നടത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല.കാരാപ്പുഴ ഡാമിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്നു ‘പമ്പ്ഡ് സ്റ്റോറേജ്’ സംവിധാനത്തിലൂടെ വൈദ്യുതോൽപാദനം ആരംഭിക്കുന്നതിനായിരുന്നു ആലോചന. എന്നാൽ, സാധ്യതകൾ തേടിയതല്ലാതെ പദ്ധതി മുന്നോട്ടുപോയില്ല.
സംസ്ഥാനത്ത് 9 ഇടങ്ങളിൽ പമ്പ്ഡ് സ്റ്റോറേജ് സംവിധാനം ആരംഭിക്കുന്നതിൽ ഒന്നായിരുന്നു കാരാപ്പുഴയിലേത്. റിസർവോയറിൽ കെട്ടിക്കിടക്കുന്ന ജലം പകൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളങ്ങളിലേക്ക് എത്തിച്ച് രാത്രി തിരികെ റിസർവോയറിലേക്ക് ഒഴുക്കി വൈദ്യുതി ഉൽപാദിപ്പിക്കാമെന്നു കണ്ടെത്തിയിരുന്നു.
ഡാമിലെ ജലത്തിന്റെ ഉപരിതലത്തിൽ സ്ഥാപിക്കാവുന്ന ഫ്ലോട്ടിങ് സോളറിലൂടെ ലഭ്യമാകുന്ന വൈദ്യുതി ഉപയോഗിച്ച് പകൽ ക്വാറിക്കുളങ്ങളിലേക്ക് പമ്പ് ചെയ്യും. രാത്രിയിലെ ഉയർന്ന വൈദ്യുതി ഉപയോഗ സമയത്ത് (പീക്ക് ടൈം) ചെലവ് കുറവിൽ ആഭ്യന്തര വൈദ്യുതി ഉൽപാദിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ഊർജ വിനിയോഗം ഏറ്റവും കൂടുതലുള്ള രാത്രി 52.50 ദശലക്ഷം യൂണിറ്റ് വൈദ്യുതി പമ്പ്ഡ് സ്റ്റോറേജിലൂടെ ഉൽപാദിപ്പിക്കാനാകുമെന്നത് ഏറെ പ്രതീക്ഷ നൽകി.
ഡാം കൈവശമുള്ള ജലസേചന വകുപ്പിന്റെയും ക്വാറിക്കുളങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ റവന്യു വകുപ്പിന്റെയും മാത്രം അനുമതി ലഭ്യമായാൽ പദ്ധതി യാഥാർഥ്യമാകാൻ തടസ്സവുമുണ്ടായിരുന്നില്ല. സ്ഥലം ഏറ്റെടുക്കലുകളും പ്രോജക്ട് റിപ്പോർട്ടും പൂർത്തിയാക്കിയാൽ 36 മാസം കൊണ്ട് പദ്ധതി യാഥാർഥ്യമാക്കാനാകുമെന്നായിരുന്നു സാധ്യതാ പഠനം നടത്തുമ്പോൾ കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.
എന്നാൽ, പഠനത്തോടെ പദ്ധതിയും ഉപേക്ഷിച്ച അവസ്ഥയാണ്.
180 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ മറ്റുജില്ലകളിലെ ജലാശയങ്ങളും ഉൾപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ ഉൾപ്പെട്ട
കാരാപ്പുഴയിലെ ഉൽപാദനം വിജയകരമായാൽ സംസ്ഥാനത്തെ മറ്റിടങ്ങളിലും വ്യാപിപ്പിക്കാനും ആലോചനയുണ്ടായിരുന്നു. ബാണാസുര ഡാമിലെ വെള്ളം നിലവിൽ കക്കയത്ത് എത്തിച്ച് വൈദ്യുതി ഉൽപാദനം നടത്തുന്നുണ്ട്.
സംസ്ഥാനമാകെ 10 കേന്ദ്രങ്ങൾ;ആദ്യം ലക്ഷ്യമിട്ടതു കാരാപ്പുഴയിൽ
വൈദ്യുതോൽപാദനം കഴിഞ്ഞു പുറന്തള്ളുന്ന വെള്ളം പമ്പ് ചെയ്തു സംഭരിച്ച് വീണ്ടും വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് പമ്പ്ഡ് സ്റ്റോറേജ് പദ്ധതി.
കാരാപ്പുഴ റിസർവോയറിന്റെ ഭാഗമായ മഞ്ഞപ്പാറയിലും ഇടുക്കി ജില്ലയിലെ പൊന്മുടി റിസർവോയറിന്റെ ഭാഗമായ മുതിരപ്പുഴയിലും ഇത്തരത്തിൽ യൂണിറ്റ് തുടങ്ങാനായിരുന്നു നീക്കം. മഞ്ഞപ്പാറ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചശേഷം മുതിരപ്പുഴ ഉൾപെടെ 8 ഇടങ്ങളിൽക്കൂടി യൂണിറ്റ് ആരംഭിക്കാമെന്നും ശുപാർശയുണ്ടായിരുന്നു. കെഎസ്ഇബിയുടെ തനതുവിഹിതവും വിപണിയിൽനിന്നുള്ള കടമെടുപ്പും വഴി ഫണ്ട് കണ്ടെത്താമെന്നും എനർജി മാനേജ്മെന്റ് സെന്ററിലെ ജലവൈദ്യുത പ്രമോഷൻ സെൽ വഴി പദ്ധതി നടപ്പാക്കാമെന്നും നിർദേശം ഉയർന്നിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

