ഗൂഡല്ലൂർ∙ദേവഷോലയിലും പരിസര പ്രദേശങ്ങളിലും ഭീതി പരത്തിയ കടുവ കൂട്ടിലായി. കഴിഞ്ഞ 6 മാസമായി ഈ പ്രദേശത്ത് മാത്രം 37 കന്നുകാലികളെ കടുവ കൊന്നു.
നിലമ്പൂർ വനം വകുപ്പിൽ നിന്നും കൊണ്ടുവന്ന കൂറ്റൻ കൂട്ടിലാണ് ഇന്നലെ പുലർച്ചെ കടുവ കുടുങ്ങിയത്. കൂട്ടിൽ കടുവ നേരത്തെ കൊന്ന പശുവിന്റെ ജഡം ഇട്ടിരുന്നു.
കൂട്ടിൽ കുടുങ്ങിയതോടെ ജഡം ഭക്ഷിക്കാനുള്ള ശ്രമം നടത്തിയില്ല. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ മുഖം ഇരുമ്പു കൂട്ടിൽ ഇടിച്ച് നേരിയ പരുക്കേറ്റിട്ടുണ്ട്.
ആരോഗ്യമുള്ള 3 വയസ്സ് മാത്രം പ്രായമുള്ള കടുവയാണിതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
വലിയ കൂട്ടിൽ നിന്നും സാവധാനമാണ് ചെറിയ കൂട്ടിലേക്ക് കടുവയെ മാറ്റിയത്. മയക്കു മരുന്ന് നൽകാതെ വലിയ കൂടിന്റെ വാതിൽ ചെറിയ കൂടിന്റെ വാതിലിലേക്ക് പിടിപ്പിച്ചു.
ഒരു മണിക്കൂറിന് ശേഷമാണ് കടുവ ചെറിയ കൂട്ടിലേക്ക് മാറിയത്. കടുവയെ ഭയപ്പെടുത്താതെയാണ് ജീവനക്കാർ ദൗത്യം പൂർത്തിയാക്കിയത്.
പ്രായം കുറഞ്ഞ കടുവയെ പിടികൂടുന്നത് ആദ്യമായാണ്. പ്രായക്കുറവും ആരോഗ്യവുമുള്ളതിനാലാണ് ആദ്യം വനം വകുപ്പ് സ്ഥാപിച്ചിരുന്ന കൂടുകളിൽ കടുവ കയറാതിരുന്നത്.
ഇടയ്ക്ക് വനത്തിലേക്ക് കയറി പോകുന്ന കടുവ കുറച്ച് നാളുകൾക്ക് ശേഷമാണ് വീണ്ടും ഈ ഭാഗത്ത് എത്തിയിരുന്നത്. കഴിഞ്ഞ 4 മാസം മുൻപ് കടുവയെ കൂട് വച്ച് പിടികൂടി വനത്തിലേക്ക് മാറ്റാൻ വനം വകുപ്പ് ഉത്തരവിട്ടിരുന്നു.
കൂട്ടിലായ കടുവയാണ് ഈ പ്രദേശത്ത് കന്നുകാലികളെ കൊന്നതെന്ന് ക്യാമറകളിൽ പതിഞ്ഞ കടുവയുടെ ചിത്രങ്ങൾ പരിശോധിച്ച് ജീവനക്കാർ ഉറപ്പ് വരുത്തി.ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് കടുവയെ പിടികൂടിയത്.
പിടികൂടിയ കടുവയെ ലോറിയിൽ മുതുമല കടുവ സങ്കേതത്തിലേക്ക് മാറ്റി. രാത്രിയോടെ കടുവയെ ഉൾക്കാട്ടിൽ തുറന്നുവിടും.
കടുവയെ പിടികൂടിയതോടെ കൊട്ടായമട്ടം,ദേവർഷോല,പാടംന്തുറ, ദേവൻ,സർക്കാർമൂല,അഞ്ചുകുന്ന് പ്രദേശങ്ങളിലെ ജനങ്ങളുടെ ഭീതി അകന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

