കൽപറ്റ ∙ വയനാട്ടിലേക്കുള്ള തുരങ്കപ്പാതയുടെ നിർമാണോദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കാനിരിക്കുകയാണ്. ചുരംയാത്രയിലെ അനിശ്ചിതത്വത്തിന് പൂർണപരിഹാരമാകുമെന്നു പറയാൻ കഴിയില്ലെങ്കിലും തുരങ്കപ്പാത വയനാട്ടിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നുറപ്പ്.
വൻ പദ്ധതികൾക്കു സ്വാഭാവികമായുണ്ടാകുന്ന കാലതാമസം തുരങ്കപ്പാതയുടെ നിർമാണത്തിനുമുണ്ടാകുമോയെന്ന ചോദ്യമാണുയരുന്നത്. നിലവിലെ സാഹചര്യത്തിൽ, താരതമ്യേന ചെലവും സങ്കീർണതകളും കുറഞ്ഞതും വേഗത്തിൽ പൂർത്തിയാക്കാനാകുന്നതുമായ ബദൽപാതകൾ എന്ന ആവശ്യത്തിന്റെ പ്രസക്തി വർധിക്കുകയാണ്.
താമരശ്ശേരി ചുരത്തിന്റെ ബദൽപാത ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ ബൈപാസ് മാത്രമാണ്.
ചുരമില്ലാ പാത പോലെ മറ്റു പല റോഡുകളും വയനാട്ടിലേക്കു നിർദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയൊന്നും താമരശ്ശേരി ചുരത്തിനു ബദലാകില്ല. മറ്റു പാതകൾ കൂടി യാഥാർഥ്യമായാൽ താമരശ്ശേരി ചുരത്തിലെ തിരക്കിനു കുറവുണ്ടാകുമെന്നു മാത്രം.
നിലവിൽ വയനാട്ടിലേക്കും വയനാട്ടിൽനിന്നു പുറത്തേക്കുമുള്ള ഏറ്റവും പ്രധാന പാതയെന്ന നിലയിൽ താമരശ്ശേരി ചുരം പ്രതിസന്ധിക്കു പരിഹാരം തേടുമ്പോൾ ആദ്യം പരിഗണിക്കേണ്ട ഉത്തരം ചിപ്പിലിത്തോട്–തളിപ്പുഴ ബൈപാസ് തന്നെയാണ്.
വരുമോ ചുരം ബൈപാസ്
കോടഞ്ചേരി, പുതുപ്പാടി, വൈത്തിരി പഞ്ചായത്തുകളിലൂടെയാണു റോഡ് പോകുന്നത്.
14.44 കിലോമീറ്റർ റോഡിൽ 9 കിലോമീറ്റർ വനഭൂമിയാണ്. വനം വകുപ്പ് ഭൂമി അനുവദിച്ചാലേ ചുരം ബൈപാസ് യാഥാർഥ്യമാകൂ.
കോഴിക്കോട് ജില്ലയിൽ 4.85 ഹെക്ടർ വനഭൂമിയും 21.1 ഹെക്ടർ സ്വകാര്യഭൂമിയും വയനാട് ജില്ലയിൽ ഇഎഫ്എലും റിസർവ് വനഭൂമിയുമുൾപ്പെടെ 12 െഹക്ടറുമാണു പാതയ്ക്കായി ഏറ്റെടുക്കേണ്ടത്. രണ്ടുതവണ സർവേ നടത്തി മാസ്റ്റർ പ്ലാൻ തയാറാക്കിയെങ്കിലും പദ്ധതി നിർവഹണത്തിൽ പുരോഗതിയുണ്ടായില്ല.
വൻകിട
പദ്ധതികളെക്കാൾ വേഗത്തിലും കുറഞ്ഞ ചെലവിലും പൂർത്തിയാക്കാവുന്നതും കുറഞ്ഞ ദൂരമുള്ളതുമാണ് നിർദിഷ്ട ചുരം ബൈപാസ്.
ഇതു യാഥാർഥ്യമായാൽ അടിവാരത്തുനിന്നു ഹെയർപിൻ വളവുകളില്ലാതെ നേരെ വയനാട്ടിലെത്താനാകും. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി, കോടഞ്ചേരി പരിധിയിൽ 6 കിലോമീറ്റർ പഞ്ചായത്ത് റോഡ് നിലവിലുണ്ട്.
തുടർന്ന് രണ്ടര കിലോമീറ്ററാണു വനഭൂമി. ഇതുകഴിഞ്ഞാൽ വൈത്തിരി പഞ്ചായത്ത് പരിധിയിലെ കൂപ്പ്റോഡാണ്.
റോഡിനായി വയനാട്ടിലെയും കോഴിക്കോട് മലയോര മേഖലകളിലെയും വയനാട്ടിലെയും ജനം ഒട്ടേറെ സമരങ്ങൾ നടത്തിയെങ്കിലും എന്നു യാഥാർഥ്യമാകുമെന്നതിൽ ഉറപ്പില്ല.
കാത്തിരിപ്പിന് എന്നാണ് അവസാനം
താമരശ്ശേരി ചുരത്തിന് ബദലായി 3 ബദൽപാതകൾ ഏറ്റവും ഉചിതവും പ്രായോഗികവുമാണെന്ന് കണ്ടെത്തി വിവിധ കാലത്തെ സർക്കാരുകൾ നടപടി ആരംഭിച്ചതാണ്. പടിഞ്ഞാറത്തറ–പൂഴിത്തോട് ചുരം ബദൽ റോഡ് നിർമാണം 1994ൽ ആരംഭിച്ചിരുന്നു.
പിന്നീട് സാങ്കേതിക തടസ്സങ്ങളുടെ പേരിൽ നിലച്ചു. പെരുവണ്ണാമൂഴി ഡാം സൈറ്റിൽ നിന്ന് പൂഴിത്തോട് വരെ 9.400 കിലോമീറ്റർ പൊതുമരാമത്ത് റോഡ് നിലവിലുണ്ട്.
ആകെ 27 കിലോമീറ്റർ റോഡിൽ 9 കിലോമീറ്ററോളം കോഴിക്കോട് ജില്ലയിലൂടെയും 18 കിലോമീറ്റർ വയനാട് ജില്ലയിലൂടെയുമാണ് കടന്നുപോവുക. ഇതിൽ 13 കിലോമീറ്ററോളം നിക്ഷിപ്ത വനഭൂമിയാണ്.
ഏകദേശം 52 ഏക്കർ വനഭൂമിക്കു പകരം 104 ഏക്കർ ഭൂമിയാണ് വനവൽക്കരണത്തിനു വിട്ടുകൊടുക്കേണ്ടിവന്നത്. പിന്നീട് റോഡിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും 1994–95 വർഷത്തെ ബജറ്റിൽ പ്രവൃത്തികൾക്ക് ഒരു കോടി വകയിരുത്തുകയും ചെയ്തു.
വികസനം മുടക്കുന്ന അപൂർവയിനം ഞണ്ട്!
എന്നാൽ വനം വകുപ്പിന്റെ എതിർപ്പ് കാരണം റോഡ് നിർമാണം തടസ്സപ്പെട്ടു. അപൂർവയിനം ഞണ്ട് ഉൾപ്പെടെയുള്ള സസ്യജാലങ്ങളുടെ ആവാസവ്യവസ്ഥയിലൂടെയാണു പാത കടന്നുപോകുന്നതെന്നാണു വനംവകുപ്പ് പറയുന്നത്.
ഒട്ടേറെ സസ്തനികളുടെ സ്വൈരവിഹാരകേന്ദ്രമാണ്, ദേശാടനക്കിളികൾ, മലമുഴക്കി വേഴാമ്പൽ, വിവിധയിനം താറാവുകൾ എന്നിവയുടെ വാസസ്ഥലമാണ്…ഇങ്ങനെ പോയി വനംവകുപ്പ് വാദം. ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്നതും വന്യജീവികളുടെ സ്വൈര്യവിഹാരത്തിനു വിഘാതമാകുന്നതും മാറ്റം വരുത്തുന്നതുമായ റോഡ് നിർമാണത്തിന് വനസംരക്ഷണ നിയമപ്രകാരം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നാണ് വനംവകുപ്പ് അറിയിച്ചത്.
ഇതുൾപ്പെടെ അടിയന്തര സാഹചര്യത്തിൽ മാത്രം പരിഗണിക്കുന്ന വനത്തിനുള്ളിലൂടെയോ വനാതിർത്തികളിലൂടെയോ ഉള്ള പാതകൾക്കെല്ലാം ഇടങ്കോലിടുന്ന സമീപനമാണു വനംവകുപ്പിനും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനുമുള്ളത്.
വിവിധ വകുപ്പുകളുടെയും സമരസമിതിയുടെയും നേതൃത്വത്തിൽ സംയുക്ത സർവേ നടത്തി അപൂർവയിനം സസ്യജാലങ്ങളോ മൃഗങ്ങളെയോ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സാധ്യതാപഠനത്തിനായി 2024ൽ സർക്കാർ തുക വകയിരുത്തി.
തുടർന്ന് വയനാട് ജില്ലയിൽ ജിപിഎസ് സർവേ നടത്തി. കോഴിക്കോട് ജില്ലയിലെ സർവേ ഇനിയും പൂർത്തിയായിട്ടില്ല.
സർവേ നടത്താനുള്ള സമയപരിധി സെപ്റ്റംബർ 18ന് അവസാനിക്കാനിരിക്കുകയാണ്.
ആകാശത്തുരുത്തായി തുടരണോ?
ചുരം പാത അടഞ്ഞാൽ പുറംലോകവുമായി വയനാടിനുള്ള ബന്ധം നിലയ്ക്കും. വിനോദസഞ്ചാരത്തിനും കൃഷിമേഖലയ്ക്കും പേരുകേട്ട
വയനാടിന്റെ സാമ്പത്തിക മുരടിപ്പിനു പ്രധാന കാരണങ്ങളിലൊന്നു ഗതാഗത പ്രതിസന്ധിയാണ്. നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത വയനാടിന്റെ സ്വപ്നമാണ്. എന്നാൽ, പദ്ധതിയുടെ പ്രാഥമിക നടപടികൾ പോലും വേഗത്തിൽ പൂർത്തിയാക്കാൻ സർക്കാരിന് സാധിക്കുന്നില്ല. എയർ സ്ട്രിപ് പദ്ധതിയിൽ സാധ്യതാപഠനം നടന്നെങ്കിലും തുടർനടപടികൾക്കു വേഗം കുറവാണ്.
തുരങ്കപ്പാത നിർമാണോദ്ഘാടനം നടക്കാനിരിക്കുന്നു.
റോപ്വേ പദ്ധതി ഇപ്പോഴും കടലാസിലാണ്. ചുരത്തിൽ എന്തെങ്കിലും അപകടമോ വൻ ഗതാഗതക്കുരുക്കോ തുടർച്ചയായി ഉണ്ടാകുമ്പോൾ മാത്രമേ യാത്രാപ്രതിസന്ധി ചർച്ചയാകുന്നുള്ളൂ. പദ്ധതികൾ കടലാസിലൊതുങ്ങുന്നിടത്തോളം കാലം വയനാട് ഒറ്റപ്പെട്ട
തുരുത്തായി തുടരും.
നിർദേശങ്ങളേറെ;എല്ലാം ഫയലിൽ ഉറങ്ങുന്നു
വടക്കേ വയനാട്ടിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് എളുപ്പത്തിൽ ബന്ധപ്പെടാനുള്ള ബദൽപാത നിർദേശമായിരുന്നു കുഞ്ഞോം–വിലങ്ങാട് റോഡ്. തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോത്തുനിന്ന് ആരംഭിച്ച് കുങ്കിച്ചിറ, പാലോം വഴി കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ വിലങ്ങാട് എത്തുന്നതാണ് ഈ റോഡ്.
നാദാപുരത്തുനിന്നു വടകര വഴി കോഴിക്കോട്ടേക്കും നാദാപുരത്തുനിന്നു പെരിങ്ങത്തൂർ വഴി കണ്ണൂർ ജില്ലയിലെ തലശ്ശേരി, മാഹി എന്നിവിടങ്ങളിലേക്കും വയനാട്ടുകാർക്ക് എളുപ്പത്തിൽ എത്താം. മേപ്പാടി–നിലമ്പൂർ ബദൽ റോഡ് നിർദേശത്തിനും 3 പതിറ്റാണ്ട് പഴക്കമുണ്ട്.
മേപ്പാടി മുതൽ മുണ്ടക്കൈ വരെയും നിലമ്പൂർ മുതൽ പോത്തുകല്ല് വരെയും റോഡ് നിലവിലുണ്ട്.ശേഷിക്കുന്ന 14 കിലോമീറ്ററിൽ 8 കിലോമീറ്റർ കൂപ്പ് റോഡുമുണ്ട്. ബാക്കി 6 കിലോമീറ്റർ വനത്തിലൂടെ കടന്നു പോകുന്നതാണ് റോഡിന്റെ പ്രധാന തടസ്സം.
പ്രതീക്ഷകൾ വാനോളം
ചുരത്തിലെ 6,7,8 വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിനു 37 കോടി രൂപയുടെ പദ്ധതി ടെൻഡറായിട്ടുണ്ട്.
തുടർനടപടികൾ വേഗത്തിലായാൽ യാത്രാദുരിതത്തിന് തെല്ലൊരു കുറവുണ്ടാകും. ചുരം ഉൾപ്പെടുന്ന കോഴിക്കോട്–കൊല്ലഗൽ ദേശീയപാത നാലുവരി ആക്കുന്നതിനുള്ള അലൈന്മെന്റിനും അംഗീകാരമായിട്ടുണ്ട്. മലാപ്പറമ്പ് മുതൽ ബത്തേരി തിരുനെല്ലി വരെയുള്ള ഭാഗമാണു നാലുവരിയാക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]