കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ് നിർമാണത്തിനായി ഏറ്റെടുത്ത കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ, തൊഴിലാളികളുടെ ആനുകൂല്യ വിതരണം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ ഇന്നലെ ജില്ലാ ലേബർ ഓഫിസർ സി.വിനോദ്കുമാറിനെ ഉപരോധിച്ചു.ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ തുടങ്ങിയ ഉപരോധം മൂന്നര മണിക്കൂറോളം നീണ്ടു.
തുടർന്ന് നടന്ന ചർച്ചയിൽ, തൊഴിലാളികളുടെ ആനുകൂല്യ വിതരണം അടക്കമുള്ള പ്രശ്നങ്ങൾ 5 ദിവസം കൊണ്ടു പരിഹരിക്കണമെന്ന് ഹൈക്കോടതി എസ്റ്റേറ്റ് മാനേജ്മെന്റിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ഇന്ന് രാവിലെ 11.30 ന് ഡപ്യൂട്ടി ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ കല്കടറുടെ പ്രതിനിധി, എസ്റ്റേറ്റ് മാനേജ്മെന്റ് പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരെ പങ്കെടുപ്പിച്ച് കലക്ടറേറ്റിൽ അടിയന്തര യോഗം ചേർന്ന് പ്രശ്ന പരിഹാരം കാണാമെന്നും അധികൃതർ ഉറപ്പുനൽകി. തുടർന്ന് വൈകിട്ട് 5.45 ഓടെ ഉപരോധം അവസാനിപ്പിച്ച് തൊഴിലാളികളും നേതാക്കളും മടങ്ങി.
പ്രതിഷേധത്തിൽ മുങ്ങിജില്ലാ ലേബർ ഓഫിസ്
എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് പിന്തുണയുമായി മറ്റ് എസ്റ്റേറ്റുകളിലെ തൊഴിലാളികളും ലേബർ ഓഫിസിലെത്തിയിരുന്നു.
വൈകിട്ടു മൂന്നോടെ, ഉരുൾപൊട്ടൽ പുനരധിവാസ ചുമതല കൂടി വഹിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.വി.മൻമോഹൻ, ഡപ്യൂട്ടി കലക്ടർ(എൽഎ) സുരേഷ്ബാബു എന്നിവർ ജില്ലാ ലേബർ ഓഫിസറുടെ ചേംബറിലേക്കെത്തി. പിന്നാലെ, കൽപറ്റ പൊലീസും സ്ഥലത്തെത്തി.
ഇവർ നേതാക്കളുമായി സംസാരിച്ചെങ്കിലും വഴങ്ങിയില്ല.
ട്രേഡ് യൂണിയൻ നേതാക്കൾ ജില്ലാ ലേബർ ഓഫിസറെ അദ്ദേഹത്തിന്റെ ചേംബറിൽ ഉപരോധിച്ചപ്പോൾ തൊഴിലാളികൾ ലേബർ ഓഫിസിനു മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനിടെ, സി.വി.മൻമോഹൻ, കല്കടർ ഡി.ആർ.മേഘശ്രീ, എസ്റ്റേറ്റ് മാനേജ്മെന്റ് പ്രതിനിധി എന്നിവരുമായി ഫോണിൽ ചർച്ച നടത്തി.
തൊഴിലാളികളുമായി ബന്ധപ്പെട്ട
പ്രശ്നങ്ങളെല്ലാം ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ച ചെയ്തോളാമെന്നായിരുന്നു എസ്റ്റേറ്റ് മാനേജ്മെന്റ് പ്രതിനിധിയുടെ മറുപടി. പ്രതിഷേധം ശക്തമായതോടെ, വൈകിട്ട് നാലരയോടെ വീണ്ടും ചർച്ച നടത്തി.
എസ്റ്റേറ്റ് മാനേജ്മെന്റ് തൊഴിലാളികൾക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തില്ലെങ്കിൽ, ആനുകൂല്യങ്ങൾ സർക്കാർ വിതരണം ചെയ്യണമെന്ന് തൊഴിലാളി നേതാക്കൾ നിലപാടെടുത്തു.
ഇതിനായി സർക്കാർ സമ്മർദം ചെലുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. തുടർന്നാണ് ഇന്ന് രാവിലെ 11.30 ന് യോഗം ചേരാമെന്ന് അധികൃതർ ഉറപ്പുനൽകിയത്.
സിഐടിയു ജില്ലാ ട്രഷറർ പി.ഗഗാറിൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി.ആലി, ട്രേഡ് യൂണിയൻ നേതാക്കളായ എൻ.ഒ.ദേവസ്യ, എൻ.വേണുഗോപാൽ, യു.കരുണൻ, ബി.സുരേഷ് ബാബു, ഗിരീഷ് കൽപറ്റ, കെ.ടി.ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
നൽകാനുള്ളത് 13 കോടി രൂപ
വിവിധ ഇനങ്ങളിലായി 13 കോടി രൂപയാണു തൊഴിലാളികൾക്ക് നൽകാനുള്ളത്. ടൗൺഷിപ്പിനായി ഏറ്റെടുത്ത പുൽപാറ ഡിവിഷനിലെ 100 തൊഴിലാളികൾ അടക്കം എസ്റ്റേറ്റിനു കീഴിലെ 3 ഡിവിഷനുകളിലായി ആകെ 300 തൊഴിലാളികളാണുള്ളത്.
ഇവരിൽ 150 പേർ വിരമിച്ചവരാണ്. 2014 മുതൽ തൊഴിലാളികളിൽ നിന്നും ഈടാക്കിയ പിഎഫ് വിഹിതവും ഉടമ അടയ്ക്കേണ്ട
വിഹിതവും പിഎഫ് അക്കൗണ്ടിൽ അടച്ചിട്ടില്ല.
വിരമിച്ച 150 തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി ലഭിച്ചിട്ടില്ല. ഒരു വർഷത്തെ ലീവ് വിത്ത് വേജസ്, 2 വർഷത്തെ ബോണസ്, 7 വർഷത്തെ മെഡിക്കൽ ആനുകൂല്യങ്ങൾ, അത്രയും വർഷത്തെ വെതർ പ്രൊട്ടക്ടീവ് ആനുകൂല്യങ്ങൾ, 2 ഘട്ടങ്ങളിലായി കൂലി പുതുക്കിയ സമയത്തെ കുടിശിക തുടങ്ങിയവയാണു വിതരണം ചെയ്യാനുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]