
കൽപറ്റ ∙ ഉരുൾപൊട്ടലിൽ ഇല്ലാതായ ചൂരൽമല, മുണ്ടക്കൈ ഗ്രാമങ്ങൾ പുനർനിർമിക്കാൻ സർക്കാർ ചെലവഴിക്കുന്നതു കോടികൾ. ആദ്യഘട്ടത്തിൽ, 195.5 കോടി രൂപ ചെലവഴിച്ചു പുന്നപ്പുഴയുടെ പുനരുജ്ജീവനത്തിനു തുടക്കമിട്ടു.
അതിനിടെ, പുഴയുടെ ഗതി നേരെയാക്കാനായി കോരിയിട്ട ഉരുൾ അവശിഷ്ടങ്ങൾ മേയ് അവസാനവാരത്തിൽ രണ്ടുതവണയായുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയും ചെയ്തു.
പുഴയിൽ അടിഞ്ഞുകൂടിയ ഏകദേശം 50 ലക്ഷം ക്യുബിക് മീറ്റർ അവശിഷ്ടങ്ങൾ പൂർണമായി നീക്കുന്ന പ്രവൃത്തി ഇപ്പോഴും പുരോഗമിക്കുന്നു. പുഴയുടെ തീരങ്ങൾ ബലപ്പെടുത്തുന്നതിനും ഭാവിയിൽ മണ്ണൊലിപ്പ് തടയുന്നതിനും പുഴയ്ക്കു സ്ഥിരത നൽകുന്നതിനുമായി ഗാബിയോൺ കവചവും സ്ഥാപിച്ചു.എന്നാൽ, ഇക്കുറി കാലവർഷാരംഭത്തിൽ ആദ്യ കുത്തൊഴുക്കിൽതന്നെ ബെയ്ലി പാലത്തിനു ചുറ്റുമുള്ള ഗാബിയോൺ കവചവും സംരക്ഷണഭിത്തിയും തകർന്നു.
ദുരന്തമേഖലയുടെ പുനർനിർമാണത്തിനു സംസ്ഥാന ബജറ്റിൽ 750 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. പുതിയ റോഡുകൾ, പാലം, അങ്കണവാടി, ഷെൽറ്റർ ഹോം, പൊതുശ്മശാനം തുടങ്ങിയവയും മുണ്ടക്കൈയിലും ചൂരൽമലയിലും ഉയരും.
വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിൽ കൂടുതൽ കാര്യക്ഷമമായ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനായി വൈത്തിരി, തൊണ്ടർനാട്, പനമരം എന്നിവിടങ്ങളിൽ അഗ്നിരക്ഷാ സേനാ കേന്ദ്രങ്ങൾ നിർമിക്കാൻ 21 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഇതിൽ വൈത്തിരി, തൊണ്ടർനാട്, പനമരം എന്നിവിടങ്ങളിലെ ഫയർ ഫോഴ്സിന്റെ 3 സ്റ്റേഷൻ യൂണിറ്റുകൾ ഉൾപ്പെടുന്നു. കേന്ദ്ര സർക്കാർ അനുവദിച്ച 529.50 കോടി രൂപയുടെ വായ്പയും പുനർനിർമാണ പദ്ധതിക്ക് ഉപയോഗിക്കും.
വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളുടെ പുനർനിർമാണം(12 കോടി), വൈത്തിരി താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടനിർമാണം (15 കോടി രൂപ) എന്നിവയും ഉൾപെടുന്നു.
ജില്ലയിൽ 22.50 കോടി രൂപ ചെലവിൽ 15 ജലശുദ്ധീകരണശാലകൾ, 8 വിവിധോദ്ദേശ്യ ഷെൽറ്ററുകൾ(28.50 കോടി) എന്നിവയ്ക്കും കേന്ദ്ര വായ്പ ഉപയോഗിക്കും. പ്രകൃതി ദുരന്ത സാധ്യതേറിയ പ്രദേശത്തു മറ്റൊരു പരീക്ഷണത്തിനു കൂടി വിട്ടുകൊടുക്കാൻ തങ്ങളില്ലെന്നും എല്ലാവരെയും പുനരധിവസിപ്പിക്കണമെന്നും ദുരന്തമേഖലയിലുള്ളവർ ആവശ്യപ്പെടുമ്പോൾ കോടികൾ ചെലവഴിച്ചു പുനർനിർമാണത്തിനു മുൻഗണന നൽകുന്നതിൽ വിമർശമുന്നയിക്കുന്നവരുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]