
കൽപറ്റ ∙ ദുരന്തമുണ്ടായി ഒരു വർഷം പിന്നിടുമ്പോൾ വയനാട്ടിൽ കാലാവസ്ഥാ നിരീക്ഷണവും മുന്നറിയിപ്പു സംവിധാനങ്ങളും കൂടുതൽ ശാസ്ത്രീയമായി. ഇനിയൊരു മഹാദുരന്തമുണ്ടായാലും കെടുതികൾ പരമാവധി കുറയ്ക്കാൻ ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങളാണു മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിനു ശേഷം വയനാട്ടിൽ നടക്കുന്നത്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും സംയുക്തമായി, മഴയറിയാൻ ജില്ലയിലാകെ 350 മഴമാപിനികൾ സ്ഥാപിച്ചു. തൊട്ടടുത്ത സ്ഥലങ്ങളിൽ പോലും തീർത്തും വ്യത്യസ്തമായ അളവിലുള്ള മഴപ്പെയ്ത്തുണ്ടാകുന്ന സാഹചര്യത്തിൽ, മഴയുടെ പ്രാദേശിക ലഭ്യത കൃത്യമായി കണക്കാക്കി പ്രതിരോധ നടപടികൾ സ്വീകരിക്കുന്നുണ്ട്.
ഓരോ പ്രദേശത്തും നിശ്ചിത സമയത്തു ലഭിക്കുന്ന മഴയുടെ അളവ് ഡിഎം സ്യൂട്ട് വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ മുഖേന കൈമാറും. ഹ്യൂമിന്റെ സാങ്കേതിക സഹായത്തോടെ ദിവസേനയുള്ള മഴ, താപനില എന്നിവയുടെ പ്രവചനവും വിശകലനവും നടത്തുന്നു.
ഓരോ പ്രദേശത്തെയും മഴയുടെ അളവ്, കാലാവസ്ഥ എന്നിവയനുസരിച്ച് നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് മഴജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിപ്പിക്കുന്നത്.
തുടർച്ചയായി 600 മില്ലിമീറ്ററിലധികം മഴ ലഭിക്കുന്ന പ്രദേശങ്ങളെ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള ദുർബല പ്രദേശങ്ങളായാണു കണക്കാക്കുന്നതെന്ന് ഹ്യൂം ഡയറക്ടർ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മഴമാപിനി സ്ഥാപിച്ചിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തിൽ മാത്രം 20 മഴമാപനികൾ സ്ഥാപിച്ചു.
ജില്ലയിലാകെ സ്ഥാപിച്ച 350 മഴമാപിനികളിൽ 20 എണ്ണം ഓട്ടമാറ്റിക് ആണ്.
വനത്തിനുള്ളിൽ വനംവകുപ്പിന്റെ സഹകരണത്തോടെയാണു മഴമാപിനികളുള്ളത്. ഇക്കുറി കാലവർഷാരംഭത്തിനു മുൻപുതന്നെ വിവിധ വകുപ്പുകൾക്കു ദുരന്തനിവാരണത്തിലും പ്രതിരോധ നടപടികളിലും 4 തവണ പ്രത്യേക പരിശീലന ക്ലാസുകൾ നടത്തി.
ജാഗ്രത; ദുരന്തമുണ്ടായാലും കെടുതി കുറയ്ക്കും
മഴമാപിനികളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ തത്സമയം ആളുകളിലേക്കെത്തിച്ച് അവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്നതിനു വെതർ ഫോർകാസ്റ്റ് എന്ന പേരിൽ 225 പേരുള്ള വാട്സാപ് കൂട്ടായ്മ രൂപീകരിച്ചു. ദിവസവും രാവിലെ 8ന് മഴമാപിനി വിവരങ്ങളും കാലാവസ്ഥാ പ്രവചനവും ലഭ്യമാക്കുന്നു.
റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ പ്രാദേശിക ഭരണകൂടങ്ങളുമായും പൊലീസ്, അഗ്നിരക്ഷാ സേന, സന്നദ്ധ പ്രവർത്തകർ എന്നിവരുമായും ചേർന്ന് ഒഴിപ്പിക്കൽ നടപടികൾക്കു ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ ചുമതലപ്പടുത്തി. മേപ്പാടി, ബ്രഹ്മഗിരി, മക്കിമല, ബാണാസുര, സുഗന്ധഗിരി, ലക്കിടി തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലും താരതമ്യേന മഴ കുറവുള്ള മുള്ളൻകൊല്ലി, പുൽപള്ളി തുടങ്ങിയ പ്രദേശങ്ങളിലും മഴമാപിനി സ്ഥാപിച്ചിട്ടുണ്ട്.
വിവരശേഖരണത്തിനും ഏകോപനത്തിനുമായി ഓരോ ദിവസവും പ്രത്യേക യോഗങ്ങൾ ചേരുന്നുണ്ട്.
മണ്ണെടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഉൾപെടെയുള്ള മുന്നറിയിപ്പുകൾ ഇക്കുറി നേരത്തേ നൽകി.ദുരിതാശ്വാസ ക്യാംപുകളുടെ സജ്ജീകരണവും സുരക്ഷിത സ്ഥാനങ്ങളുടെ അടയാളപ്പെടുത്തലും പ്രാദേശിക തലത്തിൽ നടക്കുന്നു. കാലാവസ്ഥാ നിരീക്ഷണവും മുന്നറിയിപ്പു സംവിധാനവും കൂടുതൽ കാര്യക്ഷമമായെന്നാണു കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. എന്നാൽ, മേഘവിസ്ഫോടനം പോലുള്ള അപ്രതീക്ഷിതവും കൃത്യമായി പ്രവചിക്കൽ ബുദ്ധിമുട്ടേറിയതുമായ പ്രതിഭാസങ്ങൾ ഉണ്ടായാലാണു പ്രശ്നം.നിലവിലെ സാഹചര്യത്തിൽ ദുരന്തങ്ങളുണ്ടായാലും കെടുതിയും മരണങ്ങളും പരമാവധി കുറയ്ക്കാനാകുമെന്നും അവർ പറയുന്നു.
വിദ്യാലയങ്ങളിൽ ദുരന്തനിവാരണ ക്ലബ്ബുകൾ
എല്ലാ വിദ്യാലയങ്ങളിലും ദുരന്തനിവാരണ ക്ലബ്ബുകൾ തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാണു വയനാട്.
198 സ്കൂളുകളിൽ നിന്നായി ആറായിരത്തോളം കുട്ടികൾ ക്ലബ്ബിന്റെ ഭാഗമായി. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കുട്ടികളിൽ ചെറിയ പ്രായം മുതൽ അവബോധം നൽകുക എന്നതാണ് ലക്ഷ്യം.
എന്നു വരും റഡാർ ?
കാലാവസ്ഥാ വ്യതിയാനം വേഗത്തിൽ അറിയാനായി 100 കിലോമീറ്റർ വിസ്തൃതിയിൽ നിരീക്ഷണം നടത്താവുന്ന എക്സ് ബാൻഡ് റഡാർ സ്ഥാപിക്കുന്നതിനു ധാരണാപത്രം ഒപ്പിട്ടിരുന്നു.
പുൽപള്ളി പഴശ്ശിരാജാ കോളജ് വിട്ടുനൽകിയ സ്ഥലത്താണു കേന്ദ്ര കാലാവസ്ഥാ വകുപ്പുമായി സഹകരിച്ച് നിരീക്ഷണകേന്ദ്രം സ്ഥാപിക്കുക. കാലവർഷ ആരംഭത്തിനു മുൻപുതന്നെ റഡാർ സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ധാരണാപത്രം ഒപ്പിടുന്ന ഘട്ടത്തിലേക്കു മാത്രമേ കടന്നിട്ടുള്ളൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]