
കൽപറ്റ ∙ നിനച്ചിരിക്കാതെയെത്തിയ മഹാദുരന്തത്തെ അതിജീവിച്ച മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഒരു കൂട്ടം വനിതകൾ ചേർന്നൊരു കൂട്ടായ്മയുണ്ടാക്കി. ഉറ്റവരെ നഷ്ടപ്പെടുകയും പ്രതീക്ഷകൾ അസ്തമിക്കുകയും ചെയ്തിടത്ത് നിന്നൊരു ഉയർത്തെഴുന്നേൽപ്പായിരുന്നു ലക്ഷ്യം.
ദുരന്തത്തിന് ഒരാണ്ട് തികയുമ്പോൾ അവർ കുടകളും ബാഗുകളും നിർമിക്കുന്ന ഒരു സംരംഭത്തിലൂടെ അതിജീവന പാതയിൽ മുന്നേറുകയാണ്. രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച പാലത്തിന്റെ പേരാണ് അവർ സംരംഭത്തിനായി കടമെടുത്തത്–’ബെയ്ലി’.
‘ബി’ എന്ന അവരുടെ ലോഗോയ്ക്ക് അതിജീവനമെന്ന അർഥം കൂടിയുണ്ട്.
ദുരന്ത സമയത്തു മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളെ ബന്ധിപ്പിച്ച് അതിജീവനത്തിനു തുടക്കമിട്ടത് സൈന്യം നിർമിച്ച ബെയ്ലി പാലത്തിലൂടെയായിരുന്നു. ചൂരൽമലയിലെ വനിതകൾക്കു മുൻപിൽ കുട
നിർമാണമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചതു കുടുംബശ്രീ ജില്ലാ മിഷനാണ്. കലക്ടർ ഡി.ആർ.മേഘശ്രീ പിന്തുണ നൽകി.
ആശയത്തിന് താൽപര്യം പ്രകടിപ്പിച്ചവർക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ കുട നിർമാണത്തിൽ പരിശീലനം നൽകി.
ജില്ലാ ഭരണകൂടം, കുടുംബശ്രീ, പുത്തൂർവയൽ സ്വാമിനാഥൻ ഗവേഷണ നിലയം, വിവിധ സന്നദ്ധ സംഘടനകൾ എന്നിവർ ചേർന്നു ഓഫിസ് സൗകര്യങ്ങളും മെഷിനുകളും നൽകി. കൽപറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ സംസ്ഥാന സർക്കാരിന്റെ 4–ാം വാർഷികാഘോഷ പരിപാടിയിലാണ് ബെയ്ലി യൂണിറ്റിന് ആദ്യമായി വിപണന സാധ്യത തുറന്നത്.
കുട
നിർമിക്കാൻ ആവശ്യമായ 390 അസംസ്കൃത വസ്തുക്കൾ ജില്ലാ ഭരണകൂടം നൽകി. നിലവിൽ റിപ്പൺ, മേപ്പാടി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കുട
നിർമാണവും ബാഗ് നിർമാണവും വ്യത്യസ്ത യൂണിറ്റുകളായി നടക്കുന്നുണ്ട്.കുട നിർമാണ യൂണിറ്റിൽ 8 പേരും ബാഗ് നിർമാണ യൂണിറ്റിൽ 26 പേരുമാണുള്ളത്.
മേപ്പാടി സിഡിഎസിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലാണു കുട നിർമാണ യൂണിറ്റിന്റെ പ്രവർത്തനം.ഒരാൾ ഒരുദിവസം 7 കുടകൾ വീതം നിർമിക്കും.
രാവിലെ തുടങ്ങുന്ന ജോലി വൈകിട്ടു 6 വരെ നീളും.
ത്രീ ഫോൾഡ് കുടകൾക്കു 350–400 രൂപ വരെ, ഫൈവ് ഫോൾഡ് കുടകൾക്ക് 550 രൂപ, ടു ഫോൾഡ് കുടകൾക്ക് 270 രൂപ, വലിയ കുടയ്ക്ക് 600 രൂപ, കുട്ടികളുടെ ടു ഫോൾഡ് കുടകൾക്ക് 250 രൂപ, വലിയ കുടയ്ക്കു 300 രൂപ എന്നിങ്ങനെയാണ് വില. റിപ്പൺ 52 ൽ സ്വകാര്യകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാഗ് നിർമാണ യൂണിറ്റിൽ 200 രൂപ മുതൽ 600 രൂപ വരെയുള്ള ബാഗുകളുണ്ട്.തുണിയും ജ്യൂട്ടും ഉപയോഗിച്ചാണു ബാഗുകൾ നിർമിക്കുന്നത്.
സഹായങ്ങൾ ലഭിക്കാറുണ്ടെങ്കിലും പലപ്പോഴും കെട്ടിട വാടക, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി പണം തികയാതെ വരുമ്പോൾ സ്വർണം പണയം വച്ചും പണം കണ്ടെത്തേണ്ട
അവസ്ഥയും ഇവർ നേരിടുന്നുണ്ട്. മികച്ച രീതിയിൽ കച്ചവടം നടന്നാൽ മാത്രമേ മുന്നോട്ടുള്ള അതിജീവനത്തിന് കരുത്താവുകയുള്ളു.
‘ഇതുവരെയുള്ള കച്ചവടത്തിൽ നിന്നും ലാഭമൊന്നും ലഭിച്ചിട്ടില്ല, പക്ഷെ, പ്രതീക്ഷയുണ്ട്, സങ്കടവഴികൾ താണ്ടാൻ ഞങ്ങൾക്ക് സാധിക്കും’–അവർ ഒറ്റക്കെട്ടായി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]