
കരടികളുടെ ആക്രമണത്തിൽ ഗോത്ര യുവാവിന് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി ∙ കരടികളുടെ ആക്രമണത്തിൽ ഗോത്ര യുവാവിനു ഗുരുതര പരുക്ക്. ചെതലയം കൊമ്മഞ്ചേരി ഊരിലെ ഗോപി(45)ക്കാണ് പരുക്കേറ്റത്. സമീപത്തെ പടിപ്പുര വനത്തിൽ വിറകു ശേഖരിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. 2 കരടികൾ ചേർന്നാണ് ഗോപിയെ ആക്രമിച്ചത്. ഇടതു കൈക്കും തോളെല്ലിനും കഴുത്തിനും മുറിവേറ്റു. വിറകെടുക്കുന്നതിന് കയ്യിൽ കരുതിയിരുന്ന ആയുധങ്ങളുപയോഗിച്ചാണ് കരടികളെ തുരത്തിയതെന്ന് ഗോപി പറയുന്നു. ഗോപി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മുൻപും ഇതേ ഉന്നതിയിലുള്ളവർ കരടിയുടെ ആക്രമണത്തിനിരയായിട്ടുണ്ട്. വനപാലകരെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ചികിത്സയും നഷ്ടപരിഹാരവും നൽകണമെന്ന് കോൺഗ്രസ്
ബത്തേരി ∙ കരടിയുടെ ആക്രമണത്തിനിരയായ ചെതലയം കൊമ്മഞ്ചേരി ഊരിലെ ഗോപിക്ക് വിദഗ്ധ ചികിത്സയും അർഹമായ നഷ്ടപരിഹാരവും വനംവകുപ്പ് നൽകണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഉൾവനത്തിലെ കൊമ്മഞ്ചേരി ഊരിലെ 5 കുടുംബങ്ങളെ പുറത്തേക്ക് കൊണ്ടു വന്നെങ്കിലും അവർക്ക് ഭൂമിയോ വീടോ നൽകുന്നതിന് സർക്കാർ തയാറായിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
5 കുടുംബങ്ങൾക്ക് വീടും സ്ഥലവും നൽകാനുള്ള നടപടികൾ വേഗത്തിലുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സതീഷ് പൂതിക്കാട് അധ്യക്ഷത വഹിച്ചു. ബാബു പഴുപ്പത്തൂർ, അസീസ് മാടാല, മധു സെബാസ്റ്റ്യൻ, ബിന്ദു സുധീർ ബാബു, സഫീർ പഴേരി, കെ.പി. സാമുവൽ, ഷിജു.പി. എളങ്ങനാമറ്റം, കെ.വി. സാജു, പ്രമോദ് പാളാക്കര, ഷാലി ജോസഫ്, ഷൈലജ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.
വീടും സ്ഥലവുമില്ലാതെ കൊമ്മഞ്ചേരി നിവാസികൾ
ബത്തേരി ∙ ഉൾവന ഗ്രാമമായ കൊമ്മഞ്ചേരിയിൽ താമസിച്ചിരുന്ന കുടുംബങ്ങൾക്ക് ഇന്നും വീടും സ്ഥലവുമില്ല. നേരത്തെ 7 കുടുംബങ്ങളുണ്ടായിരുന്നിടത്ത് ഇന്ന് 5 വീട്ടുകാരാണ് ഉള്ളത്. ഉൾവനത്തിൽ നിന്ന് മാറ്റി ഇവരെ വനാതിർത്തിയിലെ താൽക്കാലിക ഷെഡിൽ പാർപ്പിച്ചിരുന്നെങ്കിലും കനത്ത മഴയിലും കാറ്റിലും ഷെഡുകളെല്ലാം നശിച്ചതോടെ അവരെ അവിടെ നിന്ന് മാറ്റി.
പിന്നീട് സ്കൂൾ കെട്ടിടത്തിൽ കുറച്ചുനാൾ താമസിപ്പിച്ചു.തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന ഫോറസ്റ്റ് ക്വാർട്ടേഴ്സിലേക്ക് മാറ്റി. ചിലർ ബന്ധുവീടുകളിലേക്കും മാറിയിരുന്നു. ഏറെ ബുദ്ധിമുട്ടി കഴിയുന്ന കൊമ്മഞ്ചേരി നിവാസികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.