ബത്തേരി ∙ കൃഷിയിടങ്ങളിലെ ആക്രമണങ്ങൾക്കു പിന്നാലെ വീട്ടുമുറ്റത്തേക്കു കയറി കാട്ടാന ആക്രമണം. വാകേരി മൂടക്കൊല്ലിയിൽ വീട്ടുമുറ്റത്തെത്തിയ കാട്ടാന ശുചിമുറിയിൽ നിന്ന വീട്ടുവരാന്തയിലേക്ക് കയറുകയായിരുന്ന വയോധികയെ ആക്രമിച്ചു.
മൂടക്കൊല്ലി കൈതവേലിൽ തങ്കമ്മ(80)യ്ക്കാണ് പരുക്കേറ്റത്. കാലിനും നട്ടെല്ലിനും വാരിയെല്ലിനും പരുക്കേറ്റ ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കി.
ഇന്നലെ രാവിലെ ആറരയോടെ വീട്ടുവരാന്തയോടു ചേർന്നുള്ള ശുചിമുറിയിൽ നിന്ന് ഇറങ്ങി വരികയായിരുന്നു തങ്കമ്മയെ മുറ്റത്തു നിന്ന കാട്ടുകൊമ്പൻ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു.
കുത്തേറ്റെങ്കിലും കൊമ്പ് ആഴ്ന്നിറങ്ങിയില്ല. പുറത്ത് നട്ടെല്ലിനോടു ചേർന്ന് സാരമായ മുറിവുണ്ടായി.
കാലിന് രണ്ടിൽ കൂടുതൽ പൊട്ടലുണ്ട്. വാരിയെല്ലും ഒടിഞ്ഞിട്ടുണ്ട്.
തങ്കമ്മയെ കാട്ടാന തട്ടിയെറിയുകയായിരുന്നെന്ന് പഞ്ചായത്ത് അംഗം ശ്രീനേഷ് പറയുന്നു. പുറകിൽ നിന്ന് തട്ടി ചാണക കുഴിയിലേക്ക് ഇടുകകയായിരുന്നു.
തങ്കമ്മയെ ആക്രമിച്ച ശേഷം തൊഴുത്തിന്റെ ഭിത്തി പൊളിച്ചാണ് കാട്ടാന നീങ്ങിയത്. നിലവിളിയും ബഹളവും കേട്ടെത്തിയ നാട്ടുകാരുടെ സഹായത്തടെ തങ്കമ്മയെ ആദ്യം ബത്തേരിയിലെ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
കാട്ടാന മടങ്ങിയത് കുട്ടികൾ കളിച്ചിരുന്ന സ്ഥലത്തിനു സമീപം
തങ്കമ്മയെ ആക്രമിച്ച ശേഷം സമീപത്തെ ഉന്നതിയിൽ കൂടിയാണ് കാട്ടാന നീങ്ങിയത്.
അവിടെ കുട്ടികൾ മുറ്റത്ത് കളിക്കുന്നുണ്ടായിരുന്നു. ആന മറുവശത്തു കൂടി നീങ്ങിയതിനാൽ അപകടം ഒഴിവായി.
ഉന്നതിയിലൂടെ നീങ്ങിയ കാട്ടാന കൃഷിയിടങ്ങളിലൂടെ നടന്ന് 300 മീറ്റർ അപ്പുറമുള്ള കാട്ടിലേക്ക് കയറി.
യോഗം വിളിച്ച് നാട്ടുകാർ
മൂടക്കൊല്ലി, കൂടല്ലൂർ മേഖലയിലെ കാട്ടാനശല്യവുമായി ബന്ധപ്പെട്ട് നാട്ടുകാർ പ്രത്യേക യോഗം വിളിച്ചു. ഒന്നര കൊമ്പൻ എന്ന കാട്ടാന സ്ഥിരമായി നാട്ടിലിറങ്ങുന്നുവെന്നും പ്രതിരോധം തീർത്തില്ലെങ്കിൽ കുടുതൽ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു.
ഇന്നലെ തങ്കമ്മ ആക്രമിക്കപ്പെട്ടപ്പോൾ ചികിത്സാ ചെലവ് വഹിക്കാമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നെങ്കിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് ഉടൻ ശസ്ത്രക്രിയ വേണമെന്നും 50,000 രൂപ കെട്ടി വയ്ക്കണമെന്നും പറഞ്ഞതോടെ പെട്ടെന്ന് പണം ലഭിക്കാത്തത് പ്രതിസന്ധിയായി. നാട്ടുകാർ പ്രതിഷേധവുമായി ബത്തേരി വൈൽഡ് ലൈഫ് ഡിവിഷൻ ഓഫിസിലും പിന്നീട് ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലുമെത്തി.
നടപടിയെടുക്കും, ചികിത്സാ ചെലവ് നൽകും: ഡിഎഫ്ഒ
തങ്കമ്മയെ കാട്ടാന ആക്രമിച്ച സംഭവത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത്.കെ.രാമൻ പറഞ്ഞു.
ഇന്നലെ ഓഫിസ് അവധിയായതിനാലാണ് ചികിത്സാ ചെലവിനുള്ള പണം കൈമാറുന്നതിൽ ചെറിയ താമസമുണ്ടായത്. പണം ഇന്ന് നൽകും.
ശസ്ത്രക്രിയ മുടങ്ങാതിരിക്കാൻ വേണ്ട നടപടികളെടുത്തിട്ടുണ്ട്.
ആശുപത്രി അധികൃതരെയും വിവരം ധരിപ്പിച്ചിട്ടുണ്ട്. വാകേരി , മൂടക്കക്കൊല്ലി മേഖലകളിൽ പട്രോളിങ് ശക്തമാക്കും.
വനാതിർത്തിയിലെ തൂക്കുവേലി, തേക്കുമരം മുറിച്ചിട്ട് തകർത്താണ് ആന നാട്ടിലേക്കെത്തിയത്. തൂക്കുവേലിയുടെ അറ്റകുറ്റപ്പണികൾ തീർത്തിട്ടുണ്ട്.
കാവലും നിരീക്ഷണവും ശക്തമാക്കും. ഇന്നലെ തങ്കമ്മയെ ആക്രമിച്ച കാട്ടാന ഒന്നര കൊമ്പൻ അല്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അജിത്.കെ.
രാമൻ പറഞ്ഞു.
മൂടക്കൊല്ലിയിൽ വീട്ടുമുറ്റത്തു കൂടി ഒന്നര കൊമ്പൻ
മൂടക്കൊല്ലി, കൂടല്ലൂർ പ്രദേശത്തെ സ്ഥിരം സാന്നിധ്യമാണ് ഒന്നര കൊമ്പൻ എന്ന കാട്ടാന. തുടർച്ചയായി ഈ ആന വീട്ടുമുറ്റത്തു കൂടി നടന്നു വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്.
മൂടക്കൊല്ലി നെടിയാങ്കൽ ബിനുവിന്റെ വീട്ടുമുറ്റത്തു കൂടി കഴിഞ്ഞ മാസം 3 തവണയാണ് ഒന്നര കൊമ്പൻ എത്തിയത്. പ്ലാസ്റ്റിക് ഷീറ്റു മേഞ്ഞ കാർ ഷെഡിനുള്ളിൽ കൂടിയാണ് രണ്ടു തവണയും ആനയെത്തിയത്.
ഒരു തവണ കുട്ടികൾ മുറ്റത്തു നിൽക്കുമ്പോഴായിരുന്നു. മറ്റൊരു തവണ ബിനുവിന്റെ ഭാര്യ അടുക്കള മുറ്റത്തു നിൽക്കുമ്പോഴും.
മൂന്നാം തവണ ബിനു മുറ്റത്തു നിൽക്കുമ്പോഴായിരുന്നു ആന എത്തിയത്. ഒന്നര കൊമ്പന്റെ കാര്യത്തിൽ ഗൗരവത്തോടെയുള്ള തീരുമാനങ്ങളുണ്ടായില്ലെങ്കിൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

