കൽപറ്റ ∙ അവധി ദിനങ്ങൾ ആഘോഷിക്കാൻ സഞ്ചാരികൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. 2 ദിവസമായി കൽപറ്റ, ബത്തേരി ടൗണുകൾ ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടുകയാണ്. കൽപറ്റയിൽ ഇന്നലെ രാവിലെയോടെ രൂപപ്പെട്ട
ഗതാഗതക്കുരുക്കിന് രാത്രി ഏഴോടെയാണു കുറവുണ്ടായത്. വാഹനങ്ങളുടെ നീണ്ടനിര കാരണം, പഴയ ബസ് സ്റ്റാൻഡ് മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള ഒന്നര കിലോമീറ്റർ താണ്ടാൻ അരമണിക്കൂറോളമെടുത്തു.
പ്രധാന ജംക്ഷനുകളായ ജനമൈത്രി ട്രാഫിക് ജംക്ഷൻ, ചുങ്കം, കൈനാട്ടി എന്നിവിടങ്ങളിൽ രാവിലെയോടെ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും തിരക്ക് വർധിച്ചിട്ടുണ്ട്. സ്വന്തമായി പാർക്കിങ് ഏരിയകളില്ലാത്തതിനാൽ ഇടങ്ങളിലേക്കുള്ള വാഹനങ്ങൾ റോഡരികിലാണ് നിർത്തിയിടുന്നത്.
ഇതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. നഗരം ഗതാഗത കുരുക്കിലായതോടെ ചെറുവാഹനങ്ങളെ അടക്കം ബൈപാസ് വഴി തിരിച്ചുവിട്ടു.
എന്നാൽ, ഉച്ചയോടെ ബൈപാസ് റോഡിലും കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. കൽപറ്റ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണു കുരുക്ക് ഒഴിവാക്കിയത്.
നഗരത്തിലേക്കുള്ള പോക്കറ്റ് റോഡുകളിലും ഇന്നലെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. സമാനമായ സ്ഥിതിയായിരുന്നു ബത്തേരി ടൗണിലും.
കർണാടകയിൽ നിന്നുള്ള സഞ്ചാരികളുടെ വാഹനങ്ങളായിരുന്നു ഇന്നലെ ബത്തേരി ടൗണിലെത്തിയതിൽ ഭൂരിഭാഗവും.
മൈസൂരു, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാൻ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരുടെ തിരക്കും കൂടിയായതോടെ നഗരം വാഹനത്തിരക്ക് കൊണ്ടു വീർപ്പുമുട്ടി. ഇന്നലെ രാവിലെയോടെ ബീനാച്ചി മുതൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു.
വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും സമയക്രമം പാലിക്കാൻ കഴിയാതെ വലഞ്ഞു.
ബത്തേരി മുതൽ ഗുണ്ടൽപേട്ട് വരെ പലയിടത്തും ഇന്നലെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മീനങ്ങാടി, വൈത്തിരി ടൗണുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
അരമണിക്കൂറോളം കാത്തുകിടന്നാണ് പലർക്കും മീനങ്ങാടി ടൗൺ കടക്കാനായത്. വൈത്തിരി, പഴയവൈത്തിരി, തളിപ്പുഴ ടൗണുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
താമരശ്ശേരി ചുരം കയറി ലക്കിടിയിലെത്തിയ വാഹനങ്ങൾ ഒരുമണിക്കൂറോളമെടുത്താണു വൈത്തിരി ടൗൺ പിന്നിട്ടത്.
എൻഉൗര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് വിനോദസഞ്ചാരികളുമായെത്തിയ വാഹനങ്ങൾ ദേശീയപാതയോരത്ത് നിർത്തിയിട്ടതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. പുതുവത്സരാഘോഷത്തിനായി സഞ്ചാരികൾ എത്തുന്നതോടെ വരുംദിവസങ്ങളിലും പ്രധാന ടൗണുകൾ ഗതാഗതക്കുരുക്കു കൊണ്ടു വീർപ്പുമുട്ടും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

