കോടമഞ്ഞിന്റെ നാടായ വൈത്തിരിയും തിരഞ്ഞെടുപ്പ് ചൂടിലാണ്. കൽപറ്റ നിയമസഭാ മണ്ഡലത്തിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും അടങ്ങിയതാണ് വൈത്തിരി ഡിവിഷൻ.
ഇൗ 3 പഞ്ചായത്തുകളിലുമായി ആകെ 44 വാർഡുകളാണ് വൈത്തിരി ഡിവിഷനിലുള്ളത്. ഇത്തവണ വൈത്തിരി വനിതാ (ജനറൽ) സംവരണ ഡിവിഷനാണ്.
പതിറ്റാണ്ടുകളായി എൽഡിഎഫിന് മേൽക്കോയ്മയുള്ള ഡിവിഷനാണ് വൈത്തിരി. ഡിവിഷനിലെ 3 പഞ്ചായത്തുകളും ഭരിക്കുന്നത് എൽഡിഎഫാണ്. വൈത്തിരിയിൽ ആകെയുള്ള 14 വാർഡുകളിൽ 10ലും എൽഡിഎഫാണ്.
പൊഴുതനയിലെ 13 വാർഡുകളിൽ എട്ടും വെങ്ങപ്പള്ളിയിലെ 13 വാർഡുകളിൽ ഏഴും എൽഡിഎഫിനാണ്.
അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നില്ല. വോട്ട് കണക്കിലും എൽഡിഎഫിനാണ് മേൽക്കൈ.
ഡിവിഷൻ രൂപീകരിച്ച് ഒരുതവണ ഒഴികെ മിന്നും ജയം നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ 1500ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു എൽഡിഎഫ് വിജയം. നിലവിൽ പൊഴുതന പഞ്ചായത്ത് പ്രസിഡന്റും സിപിഎം പൊഴുതന ലോക്കൽ കമ്മിറ്റി അംഗവുമായ അനസ് റോസ്ന സ്റ്റെഫിയാണ് എൽഡിഎഫ് സ്ഥാനാർഥി.
2020ൽ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്നു അനസ് റോസ്ന സ്റ്റെഫി.
യുവത്വത്തിന്റെ ചുറുചുറുക്കിനൊപ്പം, പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അനസിന്റെ നേതൃത്വത്തിൽ നടത്തിയ വികസന നേട്ടങ്ങളും വോട്ടു കണക്കിൽ വീണ്ടും മുന്നിലെത്തിക്കുമെന്നാണ് പ്രതീക്ഷയിലാണ് എൽഡിഎഫ്. ഇത്തവണ എൽഡിഎഫ് കോട്ട
പിടിച്ചെടുക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണു യുഡിഎഫ്. നിലവിൽ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ ചന്ദ്രികാ കൃഷ്ണനാണു യുഡിഎഫ് സ്ഥാനാർഥി. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മുട്ടിൽ മണ്ഡലം വൈസ് പ്രസിഡന്റും കൂടിയാണ്.
ചന്ദ്രികയുടെ തിരഞ്ഞെടുപ്പ് രംഗത്തെ പരിചയസമ്പന്നത വോട്ടായി മാറുമെന്നാണ് യുഡിഎഫ് കരുതുന്നത്.
എൻഡിഎയും വിജയപ്രതിക്ഷയിലാണ് സിന്ധു അയിരവീട്ടിൽ ആണ് എൻഡിഎ സ്ഥാനാർഥി. കവയത്രിയും നിരൂപകയും കൂടിയായ സിന്ധു നിലവിൽ ബിജെപി ജില്ലാ ഉപാധ്യക്ഷയാണ്.
കഴിഞ്ഞതവണ കൽപറ്റ ബ്ലോക്ക് പഞ്ചായത്തിലെ പടിഞ്ഞാറത്തറ ഡിവിഷനിൽ മത്സരിച്ചിരുന്നു. ഗൃഹസന്ദർശനങ്ങളും പൊതുയോഗങ്ങളുമൊക്കെയായി 3 സ്ഥാനാർഥികളും ഡിവിഷനിൽ സജീവമായി രംഗത്തുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

