അമ്പലവയൽ ∙ 6 മാസം പ്രായമുള്ള കുരുന്ന് മുതൽ 60 വയസ്സുകാരി വരെയുള്ള 30 പേർ ഒരു ഷെഡിൽ. ചോർന്നൊലിക്കുന്ന ഷെഡിൽ മണ്ണിന്റെ തറയിൽ ഉറക്കവും ആഹാരം പാകംചെയ്യലും ജീവിതവും.
ദുരിതത്തിന്റെ ആഴക്കടലിൽ ജീവിക്കാൻ ബുദ്ധിമുട്ടി ചോലനായ്ക്ക വിഭാഗത്തിലെ 6 കുടുംബങ്ങൾ. വർഷങ്ങളായി ഒരു ഷെഡിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകുമ്പോഴും തിരിഞ്ഞ് നോക്കാതെ അധികൃതർ ഇവരെ അവഗണിക്കുകയാണ്.നടക്കാൻ വഴിപോലുമില്ലാത്ത ഇവർക്ക് വീടും അടിസ്ഥാന സൗകര്യങ്ങളും ഇപ്പോഴും വാഗ്ദാനങ്ങളിൽ മാത്രമാണ്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ മണ്ണിന്റെ തറയിലാണ് കുട്ടികളും മുതിർന്നവരുമെല്ലാം കിടക്കുന്നത്.
ഷെഡിന്റെ ഉള്ളിലും അരികിലുമെല്ലാമായാണ് ഇവർ ചെറിയ അടുപ്പുകൾ കൂട്ടി ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും.
കുട്ടികളും മുതിർന്നവരുമടങ്ങിയ ഒാരോ കുടുംബങ്ങളെയും വേർതിരിക്കുന്നത് ഷെഡിന്റെ ഉള്ളിൽ മുള ചതച്ചുണ്ടാക്കി കെട്ടിയ ഒരു മറമാത്രമാണുള്ളത്. സ്കൂൾ ഹോസ്റ്റലിലടക്കം പഠിക്കുന്ന കുട്ടികൾ അവധിക്കാലത്ത് തിരിച്ചെത്തുമ്പോൾ നിലവിൽ മുപ്പതിലേറെ പേരുള്ള ഷെഡിൽ താമസിക്കുന്നവരുടെ എണ്ണം വീണ്ടും വർധിക്കും.വനത്തിനുള്ളിൽ താമസിച്ചിരുന്ന ചോലനായ്ക്ക വിഭാഗത്തിലെ 6 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കാടിനോടുള്ള ചേർന്നുള്ള കാടാശേരിയിലേക്ക് എത്തിയത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് താൽക്കാലിക ഷെഡ് ഒരുക്കി താമസം ആരംഭിക്കുകയായിരുന്നു ഇവർ.
വീടും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ആ സമയത്ത് വാഗ്ദാനം നൽകിയിരുന്നെങ്കിലും ഒന്നും ഇതുവരെയും നടപ്പായില്ല. ഇതോടെയാണ് ഒറ്റ ഷെഡിൽ കുടുംബങ്ങളെല്ലാം താമസമാക്കിയത്.
വർഷമിത്രയായിട്ടും ഇവരെ പുനരധിവസിപ്പിക്കുന്ന നടപടികൾ എങ്ങുമെത്തിയില്ല. പുനരധിവാസവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്ന കാര്യം വരുമ്പോൾ ഇവർക്ക് മറ്റിടങ്ങളിലേക്ക് താമസത്തിനായി പോകാൻ താൽപര്യമില്ലാത്തതിനാലാണ് മാറ്റാത്തതെന്ന പതിവ് പല്ലവിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന ആക്ഷേപവുമുണ്ട്.
സുരക്ഷിതമായ താമസിക്കാൻ പറ്റിയ വീടും ഭക്ഷണ സാധനങ്ങളും കുട്ടികളുടെ ജീവിതത്തിന് ആവശ്യമായ സഹായങ്ങളുമെല്ലാമാണ് ഇവരുടെ ആവശ്യം.
ചോർന്നൊലിക്കുന്ന കാഴ്ചകൾ
പരസ്പരം ബന്ധുക്കളാണ് കുടുംബങ്ങളെല്ലാം. ആറ് മാസം മാത്രം പ്രായമുള്ള കുട്ടിയാണ് ഏറ്റവും പ്രായം കുറഞ്ഞളാൾ.
രണ്ടര വയസ്സുമുതൽ 18 വയസ്സുവരെ പ്രായമുള്ള പതിനഞ്ചിലേറെ കുട്ടികളും വേറെയും ഇവിടെയുണ്ട്. 60 വയസ്സിലേറേ പ്രായമുള്ള മാധവിയാണ് ഏറ്റവും പ്രായം കൂടിയ ആൾ. മരങ്ങൾ കൊണ്ടുണ്ടാക്കിയ ചില കട്ടിലുകളുണ്ടെങ്കിലും അതിൽ എല്ലാവർക്കും കിടക്കാൻ കഴിയാത്തതിനാൽ ഭൂരിഭാഗം പേരും മണ്ണിലാണ് കിടക്കുന്നത്.
കുട്ടികളുടെ ഒപ്പമാണ് വളർത്തു പൂച്ചയും നായകളും കിടക്കുന്നത്.ഷെഡിന്റെ എല്ലാ സൈഡിൽ നിന്നും കയറാവുന്ന രീതിയിലാണ് ഇവർ തന്നെ നിർമിച്ചിരിക്കുന്നത്.
പെൺകുട്ടികളടക്കമുണ്ടെങ്കിലും വാതിലോ മറ്റോ ഷെഡിനില്ല. അടുക്കളയായിട്ടും കിടക്കാൻ ഉപയോഗിക്കുന്നതുമെല്ലാം ഒരേ സ്ഥലം തന്നെയാണ്. മഴ ശക്തമായതോടെ ഷെഡിൽ പലയിടങ്ങളിലും ചോർന്നൊലിക്കാനും തുടങ്ങി.
കിട്ടുന്ന അരിയും സാധാനങ്ങളും ഉപയോഗിച്ച് ഷെഡിന്റെ അരികിലും ഉള്ളിലുമെല്ലാമായി പാകം ചെയ്താണ് ഇവിടെയുള്ളവർ കഴിക്കുന്നത്. ഇവരുടെ താമസ സ്ഥലത്തേക്കുള്ള വഴിയിലൂടെ എത്തുന്നതും ബുദ്ധിമുട്ടാണ്. ഇടുങ്ങിയ വഴിയിലൂടെ കുത്തനെയുള്ള ചെറിയ ഇറക്കവും കയറ്റവും കയറി വേണമെത്താൻ. വടുവൻചാലടക്കമുള്ള സ്ഥലങ്ങളിലാണ് ഇവർ പണിക്ക് പോകുന്നതെങ്കിലും മഴ പെയ്യുന്നതിനാൽ കാര്യമായ പണിയും ഇല്ലാത്ത അവസ്ഥയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

