
കൽപറ്റ ∙ ചുരത്തിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഇന്നലെ വീണ്ടും പലതവണ മണ്ണും പാറക്കഷണങ്ങളും മലവെള്ളവും ഒലിച്ചെത്തിയതു വൻ ആശങ്കയ്ക്കിടയാക്കി. അപ്രതീക്ഷിതമായി വീണ്ടും മണ്ണിടിഞ്ഞപ്പോൾ രക്ഷാപ്രവർത്തകർ ഓടി രക്ഷപെടുകയായിരുന്നു.
രാവിലെ മുതൽ ചുരം ഉൾപ്പെടുന്ന ലക്കിടി മേഖലയിൽ കനത്ത മഴയായിരുന്നു. രാവിലെ ഏഴോടെ കൽപറ്റ അഗ്നിരക്ഷാ സേനയും പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് റോഡിൽ അടിഞ്ഞുകൂടി കിടന്നിരുന്ന ചെളിയും കല്ലുകളും മാറ്റി ഗതാഗതം സുഗമമാക്കി.
ഇൗസമയമത്രയും വൺവേ അടിസ്ഥാനത്തിലായിരുന്നു വാഹനങ്ങളെ കടത്തിവിട്ടത്.
രാവിലെ 8ന് വാഹനങ്ങൾ കടന്നു പോകുന്നതിനിടെ പാറക്കഷണങ്ങൾ പൊട്ടിയടർന്ന് താഴേക്ക് പതിച്ചു. ആസമയം സ്ഥലത്തുണ്ടായിരുന്ന ദൗത്യസംഘാംഗങ്ങൾ ഓടി രക്ഷപ്പെട്ടു.
റോഡരികിൽ വീണ്ടും മണ്ണും കല്ലുകളും നിറഞ്ഞു. പിന്നാലെ, വാഹനഗതാഗതം നിരോധിച്ചതായി താമരശ്ശേരി ഡിവൈഎസ്പി സുഷീറിന്റെ അറിയിപ്പെത്തി.
മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ, റോഡിലേക്ക് വീണ മണ്ണും കല്ലുകളും നീക്കാനുള്ള ശ്രമം തുടങ്ങി.
ഇൗസമയമത്രയും ആംബുലൻസുകളെ മാത്രമാണ് കടത്തിവിട്ടത്. ഒന്നരമണിക്കൂറിനുശേഷം വീണ്ടും മണ്ണിടിച്ചിലുണ്ടായ ഭാഗത്തു നിന്നു ചെറിയതോതിൽ മണ്ണും കല്ലുകളും താഴേക്ക് പതിക്കാൻ തുടങ്ങി.
മഴ തെല്ലൊന്നൊതുങ്ങിയപ്പോൾ, ലക്കിടി ഭാഗത്തു കുടുങ്ങിയ കിടന്നിരുന്ന അത്യാവശ്യ യാത്രക്കാരെ ചുരത്തിലൂടെ കടത്തിവിടുന്നു. ഉച്ചയോടെ മഴ വീണ്ടും ശക്തമായി.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്തു പലഭാഗങ്ങളിലായി പുതിയ നീർച്ചാലുകളും രൂപപ്പെട്ടു.
12.15 ഓടെ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നീരൊഴുക്ക് ശക്തമായി. ഇൗ ഭാഗത്തു പല സ്ഥലങ്ങളിലായി ശക്തിയായി മഴവെള്ളം ഒലിച്ചെത്തുകയും ചെയ്തു.
പിന്നാലെ വൻ ശബ്ദത്തോടെ പാറക്കല്ലുകളും മരങ്ങളും മണ്ണും വീണ്ടും റോഡിലേക്ക് പതിച്ചു. ആസമയത്തും സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിമാറുകയായിരുന്നു.
മണ്ണിടിച്ചിലുണ്ടായ ഭാഗത്തു രൂപപ്പെട്ട നീർചാലുകളിലൂടെ കലങ്ങിയ വെള്ളം ഒഴുകിയതു പ്രദേശത്തു ഉരുൾപൊട്ടലുണ്ടായെന്ന ആശങ്കയും സൃഷ്ടിച്ചു.
പിന്നാലെ ചുരത്തിലൂടെയുള്ള ഗതാഗതത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് 4.3 ഓടെ , വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി കാണിച്ച് വയനാട് കലക്ടർ ഡി.ആർ.മേഘശ്രീ ഉത്തരവിറക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]