
കൽപറ്റ ∙ ഏറെ ശ്രദ്ധിച്ചു വാഹനമോടിച്ചില്ലെങ്കിൽ സ്ഥിരം യാത്രക്കാർ പോലും അപകടത്തിൽപെടുന്ന തരത്തിൽ ഒട്ടേറെ ചതിക്കുഴികൾ വയനാട് ചുരത്തിലുണ്ട്. ഇടയ്ക്കിടെയുണ്ടാകുന്ന വാഹനതടസ്സങ്ങൾക്കു പ്രധാന കാരണം ഇത്തരം ചതിക്കുഴികളുണ്ടാക്കുന്ന അപകടങ്ങളാണ്.
കഴിഞ്ഞദിവസം ഒന്നാംവളവിനടുത്ത് കോഴി ലോഡുമായി വന്ന വണ്ടി കാറിൽ ഇടിച്ച് ഓവുചാലിലേക്ക് ലോറി മറിഞ്ഞ് അപകടമുണ്ടായിരുന്നു. 25 നു ചുരത്തിലുണ്ടായ അപകടപരമ്പരയിൽ ലോറി ഇടിച്ചുതെറിപ്പിച്ച രണ്ടു കാറുകളാണു നേരെ ഓവുചാലിലേക്ക് വന്നുവീണത്.
ഏഴാം വളവിനും ആറാംവളവിനുമിടയിൽ ചുരത്തിലെ ഏറ്റവും വീതികുറഞ്ഞ ഭാഗത്തു ചെറിയൊരു അശ്രദ്ധയുണ്ടായാൽ വാഹനങ്ങൾ കൊക്കയിലേക്കു പതിച്ചു വൻ ദുരന്തം തന്നെയുണ്ടാകും.
മിക്കപ്പോഴും രണ്ട് വലിയ വാഹനങ്ങൾ ഈ ഭാഗത്ത് ഒന്നിച്ചു വരുമ്പോൾ ഗതാഗതം ഏറെ ദുഷ്കരമാകുന്നു. ഡ്രൈവർമാർക്ക് കൃത്യമായ കാഴ്ച ലഭിക്കാത്തതും കുത്തനെയുള്ള ഇറക്കവും അപകട
സാധ്യത വർധിപ്പിക്കുന്നു. ഭാരവാഹനങ്ങൾ ഇവിടെവെച്ച് കേടാകുകയോ നിയന്ത്രണം വിട്ട് കൊക്കയിലേക്കു നീങ്ങുകയോ ചെയ്താൽ ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെടും.
ഈ ഭാഗത്ത് സംരക്ഷണഭിത്തികൾക്ക് വേണ്ടത്ര ഉറപ്പോ ഉയരമോ ഇല്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു.
വാതുറന്ന് ഓവുചാലുകൾ
ചുരത്തിലെ റോഡുകളുടെ വശങ്ങളിലുള്ള ഓവുചാലുകൾ പലയിടത്തും തുറന്നുകിടക്കുകയാണ്.
വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ല. മഴവെള്ളം ഒഴുകിപ്പോകാൻ നിർമിച്ച ഈ ഓവുചാലുകൾ വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
ഇരുചക്രവാഹന യാത്രക്കാർക്കും ഓടകൾ ഭീഷണിയാണ്. ചെറിയ വളവുകളിൽ പോലും വാഹനങ്ങൾ നിയന്ത്രണം വിട്ട് ഓവുചാലുകളിൽ വീഴാൻ സാധ്യതയുണ്ട്.
കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിച്ച് ഓവുചാലുകൾ അടയ്ക്കാനോ സുരക്ഷാഭിത്തി നിർമിക്കാനോ ഇനിയും വൈകിക്കൂടാ.
വീഴാനൊരുങ്ങി വന്മരങ്ങൾ
ചുരത്തിന്റെ പല ഭാഗങ്ങളിലും പഴയതും ഉണങ്ങിയതുമായ മരങ്ങൾ കടപുഴകിവീഴാൻ പാകത്തിന് നിൽക്കുന്നുണ്ട്. ശക്തമായ കാറ്റിലോ മഴയിലോ ഇവ ഏത് നിമിഷവും നിലംപതിക്കാം.
കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിന് സമാനമായി, ഇത്തരം മരങ്ങൾ വീണും ഗതാഗതം തടസ്സപ്പെടാം. അപകടഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം.
മലയോരപാതയായതിനാൽ ചുരത്തിലെ മൺതിട്ടകൾ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാം. വേനൽക്കാലത്ത് പോലും ചെറുതും വലുതുമായ മണ്ണിടിച്ചിലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
മണ്ണിന്റെ ബലം ഉറപ്പുവരുത്താൻ സംരക്ഷണ ഭിത്തികൾ നിർമിക്കുകയാണു പരിഹാരമാർഗങ്ങളിലൊന്ന്.
മുന്നറിയിപ്പ് നൽകേണ്ടവർ എവിടെ
ചുരത്തിൽ അടുത്തിടെയുണ്ടായ രണ്ട് വൻ അപകടങ്ങളിലും മനുഷ്യജീവൻ നഷ്ടപ്പെടാതിരുന്നതു ഭാഗ്യമൊന്നുകൊണ്ടുമാത്രമാണ്. അപകടസാധ്യതയെക്കുറിച്ച് അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പുകളൊന്നും നൽകിയിരുന്നില്ല.
മഴയില്ലാത്തതിനാൽ അപകടമുണ്ടാകുമെന്നു പ്രതീക്ഷിച്ചില്ലെന്ന വിശദീകരണമാണു ജില്ലാ ഭരണകൂടം നൽകുന്നത്. ചുരത്തിൽ സുരക്ഷാപരിശോധന നടത്തുമെന്നും തുടർന്നു പ്രഖ്യാപിച്ചു.
അപകടമുണ്ടായശേഷം സുരക്ഷാപരിശോധനയും കുറച്ചുകാലത്തേക്കു നിയന്ത്രണങ്ങളും ഏർപെടുത്തുന്ന സ്ഥിരം ശൈലിക്ക് ഇനിയെന്നു മാറ്റമുണ്ടാകുമെന്നാണു യാത്രക്കാരുടെ ചോദ്യം.
വയനാട്ടിൽ കാലവർഷക്കെടുതിയും പ്രകൃതിക്ഷോഭങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ വൈത്തിരി താലൂക്കിൽ എമ്പാടും മഴമാപിനികൾ സ്ഥാപിച്ച് കാലാവസ്ഥാനിരീക്ഷണവും മുന്നറിയിപ്പ് സംവിധാനവും ശക്തമാക്കിയതായി അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ, ചുരത്തിലെ വൻ മണ്ണിടിച്ചിൽ മുൻകൂട്ടിക്കാണാനോ നിയന്ത്രണങ്ങൾ ഏർപെടുത്താനോ ഈ സംവിധാനങ്ങളൊന്നും ഉപകാരപ്പെട്ടില്ല.
ദുർഘടമായ ചുരംപാതയിൽ അപകടമുണ്ടായാൽ അടിയന്തരചികിത്സ പോലും ലഭ്യമാകാതെയും പുറംലോകത്തേക്കു വിവരം അറിയിക്കാൻ പോലും കഴിയാതെയും യാത്രക്കാർ ദുരിതത്തിലാകുമെന്നതു കൂടി കണക്കിലെടുത്തുകൊണ്ടുള്ള നടപടികളാണുണ്ടാകേണ്ടത്.
ഇരുട്ടിലെ ചുരംയാത്ര
ചുരത്തിൽ രാത്രികാലങ്ങളിൽ വേണ്ടത്ര വെളിച്ചമില്ല. വളവുകളിലും കുത്തനെയുള്ള ഇറക്കങ്ങളിലും ആവശ്യത്തിനു വെളിച്ചമില്ലാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.
വാഹങ്ങളുടെ ഹെഡ്ലൈറ്റിലെ വെളിച്ചം മാത്രമാണ് ആശ്രയം. ചുരത്തിന്റെ വൈദ്യുതീകരണം ഏറെനാളായുള്ള ആവശ്യമാണ്.
കനത്ത മഴയുള്ളപ്പോൾ കാഴ്ച കൂടുതൽ മങ്ങുന്നതും പ്രതിസന്ധിയാണ്. രാത്രിയിൽ ചരക്കുലോറികൾ കേടായി റോഡിന്റെ വശത്ത് കിടക്കുമ്പോൾ മുന്നറിയിപ്പ് ലൈറ്റുകളോ റിഫ്ലക്ടറുകളോ ഇല്ലാത്തതും അപകടങ്ങൾക്കു കാരണമാകാറുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]