കൽപറ്റ ∙ ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ വാസ സ്ഥലം പരിശോധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്താനും കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാനും മന്ത്രി ഒ.ആർ.കേളു നിർദേശം നൽകി. ജില്ലാ വികസന സമിതി യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരിയിൽ താമസിക്കുന്ന ഉൗരുനിവാസികൾക്ക് വിവിധ ആവശ്യങ്ങൾക്കായി വനംവകുപ്പിന്റെ എൻഒസി ആവശ്യമാകുന്നതിനാൽ ഐടിഡിപിയും വനംവകുപ്പും ചേർന്ന് തീരുമാനമെടുക്കണമെന്നും ഉൗരുനിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ ഉടൻ തീരുമാനമെടുക്കണമെന്നും മന്ത്രി ഒ.ആർ.കേളു ആവശ്യപ്പെട്ടു.
അനധികൃതമായി പ്രവർത്തിക്കുന്ന ടെന്റുകൾ, സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ മാർഗ നിർദേശങ്ങൾ പാലിക്കുന്ന പക്ഷം നിയമ വിധേയമാക്കാൻ മാർഗരേഖ തയാറാക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബത്തേരിയിൽ നിർമിച്ച അമ്മയും കുഞ്ഞും ആശുപത്രി ഉടൻ പ്രവർത്തന ക്ഷമമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ യോഗത്തിൽ ആവശ്യപ്പെട്ടു.
സ്കൂളുകളിൽ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ഡ്രോപ് ഔട്ട് ഫ്രീ പദ്ധതി നടപ്പാക്കാൻ യോഗത്തിൽ നിർദേശമുയർന്നു.
മാവിലാംതോട് സ്മാരകം വനമേഖലയോട് ചേർന്നായതിനാൽ വന്യമൃഗ ശല്യമുണ്ട്. സോളർ ഫെൻസിങ് നശിപ്പിച്ചാണ് വന്യമൃഗങ്ങൾ എത്തുന്നത്.
ഇതു കൽമതിൽ കെട്ടി സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അതിദരിദ്ര ഭൂരഹിതരായ 141 പേർക്ക് വീട് നിർമാണത്തിന് ഭൂമി ലഭ്യമാക്കുന്നതിന് സ്ഥലം കണ്ടെത്തുമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം അറിയിച്ചു.
ജലസംഭരണികൾ പരിശോധിച്ച് നിരീക്ഷണം ഏർപ്പെടുത്തണം
തദ്ദേശ സ്ഥാപന പരിധികളിൽ ജല സംഭരണത്തിനായി നിർമിച്ച പദ്ധതികൾ കാലവർഷത്തിൽ അപകടകരമായ അവസ്ഥയിലേക്ക് മാറുന്നതിനാൽ അതീവ ശ്രദ്ധ പുലർത്തണമെന്നും തദ്ദേശ സ്ഥാപനത്തിന് കീഴിലെ ജല സംഭരണികൾ പരിശോധിക്കണമെന്നും ജില്ലാ വികസന സമിതി യോഗത്തിൽ കലക്ടർ ഡി.ആർ.മേഘശ്രീ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കോടനാട് പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി നിർമിച്ച തടയണ പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുത്ത് ജലം ഒഴിവാക്കി കളഞ്ഞു. തടയണ ഡാം സേഫ്റ്റി അതോറിറ്റി പരിശോധിക്കണമെന്നും നിർദേശം നൽകി.
ബാണാസുര ഡാമിനായി ഏറ്റെടുത്ത കുതിര പാണ്ടി റോഡിന് പകരം അനുവദിച്ച പുതിയ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടികൾ വേഗത്തിലാക്കണമെന്ന് കെഎസ്ഇബി അധികൃതരോട് ആവശ്യപ്പെട്ടു.
ദേശീയപാതയുടെ ഓരങ്ങളിലെ കാടുവെട്ടി മാറ്റാനും പുൽപള്ളി-ചേകാടി റോഡ് വനത്തിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ ഒടിഞ്ഞു വീഴാറായ മരങ്ങൾ മുറിച്ച് മാറ്റാനും നിർദേശം നൽകി. അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചു മാറ്റുന്നതിന് 26 തദ്ദേശസ്ഥാപനങ്ങളിൽ നിന്നായി ലഭിച്ച 585 അപേക്ഷകളിൽ 407 മരങ്ങൾ മുറിച്ച് മാറ്റിയതായും അറിയിച്ചു.
എഡിഎം കെ.ദേവകി, ജില്ലാ പ്ലാനിങ് ഓഫിസർ എം.പ്രസാദൻ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, കൽപറ്റ നഗരസഭാധ്യക്ഷൻ ടി.ജെ.ഐസക്, സബ് കലക്ടർ മിസാൽ സാഗർ ഭരത്, അസി. കലക്ടർ പി.പി.അർച്ചന, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]