
പാൽചുരം റോഡ് അപകട ഭീതിയിൽ; രാത്രി ഗതാഗതത്തിന് നിയന്ത്രണം
മാനന്തവാടി ∙ വയനാട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗൺ പാൽചുരം റോഡ് അപകട
ഭീഷണിയിൽ. മഴ കനത്തതോടെ ചുരത്തിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗത തടസ്സം ഉണ്ടാകുന്നുണ്ട്.
ഇതേ തുടർന്ന് പാൽചുരം റോഡിൽ രാത്രി ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് 6 ന് ശേഷം ഈ റോഡിലൂടെ ഗതാഗതം പാടില്ലെന്നും നെടുംപൊയിൽ പേരിയ ചുരം റോഡ് പകരമായി ഉപയോഗിക്കണം എന്നും കണ്ണൂർ കലക്ടർ ഉത്തരവിട്ടു. ചൊവ്വ രാത്രിയിൽ ചുരത്തിൽ കല്ലും മണ്ണും ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
തുടർന്ന് റോഡിലെ ഗതാഗതം നിരോധിച്ച് കണ്ണൂർ കലക്ടർ ഉത്തരവിട്ടിരുന്നു. യന്ത്രങ്ങൾ ഉപയോഗിച്ച് കല്ലും മണ്ണും വാരി നീക്കിയ ശേഷം രാത്രി തന്നെ ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ റോഡിൽ വീണിരുന്ന കൂറ്റൻ കല്ല് റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ എത്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാറ്റി.
പിന്നീട് വാഹനങ്ങൾ കടന്നു പോകുന്നതിന് കലക്ടർ അനുമതി നൽകിയെങ്കിലും രാത്രി ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കയാണ്. വയനാട് അതിർത്തിയിൽ ചെകുത്താൻ തോടിന് സമീപം, ഏറ്റവും വീതി കുറഞ്ഞ ഭാഗത്താണ് കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണത്.
അടരുകളായ പാറയും മണൽ പോലെയുള്ള മണ്ണും ഉള്ള പ്രദേശമായതിനാൽ കനത്ത മഴ തുടർന്നാൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യത നിലനിൽക്കുന്നതിനാലാണ് രാത്രി ഗതാഗതം നിയന്ത്രിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]