
നിരവിൽപുഴ∙ താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനെത്തുടർന്നു റോഡ് അടച്ച് ഗതാഗതം വഴി തിരിച്ചു വിട്ടതോടെ നാടുകാണി ചുരം, കുറ്റ്യാടി ചുരം എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്കു രൂക്ഷമായി. ചൊവ്വാഴ്ച രാത്രിയോടെ കുറ്റ്യാടി ചുരത്തിൽ എത്തിയവർക്കു ബുധനാഴ്ച രാവിലെയോടെയാണു ചുരം കയറി വയനാട്ടിലേക്കു പ്രവേശിക്കാനായത്.
കനത്ത മഴ പെയ്തതും ഇതുവഴിയുള്ള യാത്രയെ ദുരിതത്തിലാക്കി. പൊലീസും സന്നദ്ധ പ്രവർത്തകരും ഏറെ പണിപ്പെട്ടാണു ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.
സമാനമായ സ്ഥിതിയായിരുന്നു നാടുകാണി ചുരത്തിലും. വാഹനങ്ങൾ കൂട്ടമായി എത്താൻ തുടങ്ങിയതോടെ ഇവിടെയും ഗതാഗത തടസ്സമുണ്ടായി.
ഇന്നലെ വൈകിട്ടോടെയാണു ഇരുചുരങ്ങളിലെയും ഗതാഗതക്കുരുക്കിന് അയവുണ്ടായത്.
നിരവിൽപുഴ–പക്രംതളം–കുറ്റ്യാടി റോഡ് ഇന്നലെ ഗതാഗതക്കുരുക്കിലമർന്നു. ഇവിടെ ചുരത്തിലെ റോഡ് തകർന്നതും നിരവിൽപുഴ മുതൽ ചുങ്കക്കുറ്റി വരെ നടക്കുന്ന റോഡ് പണിയും ഗതാഗതക്കുരുക്ക് ഇരട്ടിയാക്കി.
ഒരു വർഷം മുൻപ് ആരംഭിച്ച നിരവിൽപുഴ–ചുങ്കക്കുറ്റി റോഡ് പണി ഇഴഞ്ഞു നീങ്ങുകയാണെന്നു പരാതിയുണ്ട്. മിക്കയിടങ്ങളിലും റോഡ് പൊളിച്ചിട്ട
നിലയിലാണ്. മണ്ണിടിച്ചിലിനെ തുടർന്ന് താമരശ്ശേരി ചുരം അടച്ചെന്നു വിവരം അറിഞ്ഞതു മുതൽ കോഴിക്കോട് ജില്ലയിൽ നിന്നും തിരിച്ചും പോകുന്ന വാഹനങ്ങൾ മിക്കവയും കുറ്റ്യാടി ചുരം വഴിയാണ് കടന്നു പോയത്. വാഹനങ്ങൾ കൂട്ടത്തോടെ എത്തിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്.
വീതി കുറഞ്ഞ നിലയിലുള്ള ചുരം റോഡിൽ പലയിടങ്ങളിലും എതിരെ വരുന്ന വാഹനങ്ങൾക്ക് വശം നൽകാൻ ഇടമില്ലാത്ത അവസ്ഥയാണ്.
മിക്കയിടങ്ങളിലും റോഡിന്റെ അരിക് ഇടിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ബസുകളും വലിയ ചരക്കു വാഹനങ്ങളും കൂട്ടത്തോടെ എത്തിയതോടെ ചൊവ്വ രാത്രി മുതൽ തുടരുന്ന ഗതാഗതക്കുരുക്കിന് ശമനം ആയിട്ടില്ല. ഏറെ സമയം എടുത്താണ് വാഹനങ്ങൾ ചുരം റോഡ് കടന്നു പോകുന്നത്.
മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയും ഉണ്ട്. വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തിലുള്ള രോഗികൾ ഏറെയും കുറ്റ്യാടി ഭാഗങ്ങളിലുള്ള ആശുപത്രികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ചികിത്സയ്ക്കു വേണ്ടിയുള്ള ഇവരുടെ യാത്രയും ഇപ്പോൾ ഏറെ ദുരിതമാകുന്നതായി നാട്ടുകാർ പറയുന്നു.
റോഡിന്റെ ശോച്യാവസ്ഥയാണു ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതെന്നും ഇത് പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യമുയരുന്നു.
ഭാരത്മാല പദ്ധതിക്കായി ആവശ്യം ശക്തമാകുന്നു
മാനന്തവാടി ∙ ചൊവ്വാഴ്ച രാത്രി താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി തിരിച്ച് വിട്ടതോടെ ഇതുവഴി നിർദേശിക്കപ്പെട്ട ഭാരത്മാല പദ്ധതിക്കായി ആവശ്യം ശക്തമാകുന്നു. നിർദിഷ്ട
മൈസൂരു-മലപ്പുറം സാമ്പത്തിക ഇടനാഴി യാഥാഥ്യമായാൽ വയനാട് ഒറ്റപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ആകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.പൊതുവേ വീതി കുറഞ്ഞ കുറ്റ്യാടി ചുരം വഴി വാഹനങ്ങൾ തിരിച്ചു വിട്ടതോടെ ചൊവ്വാഴ്ച രാത്രി മുതൽ ഇവിടെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. പൊലീസും സന്നദ്ധ പ്രവർത്തകരും ഏറെ പരിശ്രമിച്ചാണ് ഇന്നലെ പുലർച്ചെയോടെ ഗതാഗത കുരുക്ക് ഒരു പരിധിവരെ ഒഴിവാക്കിയത്.
എന്നാൽ ഇന്നലെ പകലും പലവട്ടം കുറ്റ്യാടി ചുരത്തിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ഭാരത്മാല റോഡ് നിർമാണ പദ്ധതിക്കായി മൈസൂരു -കുട്ട-പനവല്ലി-മാനന്തവാടി-കുറ്റ്യാടിച്ചുരം-പുറക്കാട്ടിരി പാതയാണ് നിർദേശിക്കപെട്ടിട്ടുള്ളത്. തുരങ്കപ്പാതയ്ക്ക് ഒപ്പം പടിഞ്ഞാറെത്തറ-പൂഴിത്തോട് റോഡ്, തലപ്പുഴ 44-അമ്പായത്തോട് വഴി കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ചുരമില്ലാ പാത എന്നിവയും യാഥാർഥ്യം ആയാൽ വയനാടിന്റെ യാത്ര ക്ലേശത്തിന് വലിയ തോതിൽ പരിഹാരമാവും.അടുത്ത ദിവസം ജില്ലയിൽ എത്തുന്ന നീതി ആയോഗ് കമ്മിഷന് മുന്നിൽ ഈ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള ഒരുക്കത്തിലാണ് റോഡ് ആക്ഷൻ കമ്മിറ്റി.
കാൽനടയായും കാത്തിരുന്നും ചുരം കയറി യാത്രക്കാർ
കൽപറ്റ ∙ വയനാട്ടിലേക്കും തിരിച്ചും താമരശ്ശേരി ചുരം വഴിയുള്ള യാത്ര പൂർണമായും നിലച്ചതോടെ ചുരത്തിനു മുകളിൽ വൈത്തിരി വരെയും ചുരത്തിനു താഴെ ഈങ്ങാപ്പുഴ വരെയും വാഹനങ്ങളുടെ നീണ്ട
നിര. ചുരത്തിൽ കുടുങ്ങിയ യാത്രക്കാർ കാൽനടയായാണു ചുരം കയറിയത്.
ചൊവ്വാഴ്ച രാത്രിയിൽ തന്നെ കൽപറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ഹാഷിഫ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എം.സാജൻ, ആർആർടി അംഗങ്ങളായ സി.ഷഫീഖ്, എം.സലിം എന്നിവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെത്തി പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്തിയിരുന്നു. തുടർന്നാണു മണ്ണു നീക്കാനുള്ള പ്രവൃത്തി വേഗത്തിലായത്.എംഎൽഎമാരായ ടി.സിദ്ദീഖ്, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കലക്ടർ ഡി.ആർ.മേഘശ്രീ, ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]