
നല്ല ദമ്മിലൊരു റോഡ് : റോഡിന് 6.25 സെന്റ് സ്ഥലം വാങ്ങാൻ ബിരിയാണി ചാലഞ്ച്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി∙ രണ്ടു കരകൾക്കിടയിൽ വഴിയില്ലാതെ വിഷമിച്ച നാടിന് വഴിയൊരുക്കി ബിരിയാണി ചാലഞ്ച്. നഗരസഭയിലെ 9ാം ഡിവിഷൻ കടമാൻചിറ പാടശേഖരത്തിന്റെ ഇരുകരകളിലുമായി എത്തി നിൽക്കുന്ന കുണ്ടാട്ടിൽ അഹമ്മദ് ഹാജി റോഡും പോസ്റ്റ് ഓഫിസ് മുസ്ലിം പള്ളി റോഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി 3.05 മീറ്റർ വീതിയിലും 84 മീറ്റർ നീളത്തിലും 6.25 സെന്റ് സ്ഥലം സ്വകാര്യ വ്യക്തിയിൽ നിന്ന് വിലയ്ക്കു വാങ്ങുന്നതിനാണ് ബിരിയാണി ചാലഞ്ച് നടത്തിയത്. ആയിരത്തിഎഴുനൂറോളം ബിരിയാണി പൊതികൾ വിതരണം ചെയ്തു.
ആർമാട് ഗ്രാമവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട ആവശ്യമാണ് നടപ്പാകുന്നത്. പണം സ്വരൂപിക്കാനായതോടെ വസ്തുവിൽപന കരാർ കഴിഞ്ഞ ദിവസം എഴുതി. ഇനി ആവശ്യമുള്ള 36.15 മീറ്റർ നീളത്തിലുള്ള സ്ഥലം സൗജന്യമായി വിട്ടു നൽകാമെന്ന് ഉടമകളായ 2 പേർ അറിയിച്ചിട്ടുണ്ട്. ഇതോടെ 120 മീറ്റർ നീളത്തിലുള്ള കണക്ഷൻ റോഡ് യാഥാർഥ്യമാകും.ഡിവിഷൻ കൗൺസിലർ പി.സംഷാദിന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് ബിരിയാണി ചാലഞ്ച് പൂർത്തിയാക്കിയത്.
റോഡിന്റെ അതിർത്തികൾ പൂർത്തിയാക്കി നഗരസഭയുടെ ആസ്തി റജിസ്റ്ററിൽ ചേർക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടു വരികയാണെന്ന് സി.സംഷാദ് പറഞ്ഞു. ഒട്ടേറെ കുടുംബങ്ങൾക്ക് കിലോമീറ്ററുകൾ വളഞ്ഞു സഞ്ചരിക്കേണ്ടിയിരുന്ന ദൂരമാണ് കണക്ഷൻ റോഡിലൂടെ ഇല്ലാതായത്. 50 പേരടങ്ങിയ സംഘം ബിരിയാണി ചാലഞ്ചിന് നേതൃത്വം നൽകി. ബേബി സക്കറിയാസ് ഉദ്ഘാടനം ചെയ്തു.