
ഈപ്പൻകാട് ഭാഗത്ത് കാട്ടാന ശല്യം രൂക്ഷം
ഗൂഡല്ലൂർ ∙ മാർത്തോമാ നഗർ ഈപ്പൻകാട് ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമായി. മുതുമല കടുവ സങ്കേതത്തിൽ നിന്നാണ് ഇവിടെ കാട്ടാന ഇറങ്ങുന്നത്.
മുതുമലയിൽനിന്നു തൊറപ്പള്ളി വഴി രാത്രിയിൽ ഈ പ്രദേശത്ത് എത്തുന്ന കാട്ടാന പുലർച്ചെ സൂര്യോദയത്തിനു ശേഷമാണ് വനത്തിലേക്ക് മടങ്ങുന്നത്. മാർത്തോമാനഗർ മുതൽ തൊറപ്പള്ളി വരെയുള്ള റോഡിൽ എപ്പോൾ വേണമെങ്കിലും കാട്ടാനകളെത്തുന്ന സ്ഥിതിയിലായി.
മൈസൂരു ദേശീയ പാതയിലൂടെയാണ് കാട്ടാനകൾ കാട്ടിലേക്ക് മടങ്ങുന്നത്. ഈ പ്രദേശത്ത് സ്ഥിരമായി ഇറങ്ങുന്ന കാട്ടാന വലിയ ശല്യക്കാരനായി മാറിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയിൽ തൊറപ്പള്ളിയിലെ റേഷൻ കടയുടെ വാതിൽ തകർത്ത് ഭക്ഷ്യ വസ്തുക്കൾ തിന്നു. മുതുമലയിൽ നിന്നും കാട്ടാനകൾ നാട്ടിലിറങ്ങാതിരിക്കാനുള്ള നടപടികൾ വനം വകുപ്പ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ ദേവർഷോല സ്വദേശി സുരേഷിനു പരുക്കേറ്റിരുന്നു. ഗൂഡല്ലൂർ ടൗണിലും തൊറപ്പള്ളി, പന്തല്ലൂർ, കയ്യൂന്നി, അയ്യൻകൊല്ലി, കല്ലിച്ചാൽ, മുക്കട്ടി, പാട്ടവയൽ, ബിദർക്കാട്, കുന്നലാടി, ചേരമ്പാടി, പാടന്തറ പ്രദേശങ്ങളിലും ജനങ്ങൾ കാട്ടാനശല്യത്താൽ പൊറുതിമുട്ടിയിരിക്കുകയാണ്.
ഒരുപാട് ജനങ്ങൾ താമസിക്കുന്ന ഓവാലി പഞ്ചായത്തിലാകെ കാട്ടാനകൾ സ്ഥിരമായി മേഞ്ഞുനടക്കുന്നു. മഴനിഴൽ പ്രദേശമായ മസിനഗുഡി വനത്തിൽ വേനൽക്കാലത്തു വരൾച്ച രൂക്ഷമായതോടെയാണ് ഈ മേഖലകളിലേക്കു കാട്ടാനകൾ കൂടുതലായി ഇറങ്ങാൻ തുടങ്ങിയത്.
ഭക്ഷണലഭ്യത കുറഞ്ഞതോടെ കാട്ടാനകൾ വൻ അക്രമകാരികളായി മാറിയിരിക്കുകയാണെന്നു നാട്ടുകാർ പറഞ്ഞു. കൂട്ടത്തോടെ പലായനം ചെയ്തു ജനവാസകേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകളെ തുരത്താൻ വനംവകുപ്പും കാര്യമായ ഇടപെടൽ നടത്തുന്നില്ല.
പട്ടയമുള്ള സ്വകാര്യഭൂമി വനഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങളും നിയമനിർമാണങ്ങളും പ്രദേശത്തു തകൃതിയായി നടക്കുന്നു. ജീവഹാനിയും കൃഷിനാശവുമുണ്ടായാൽപ്പോലും കാര്യമായ നഷ്ടപരിഹാരം ലഭിക്കുന്നില്ല.
കാട്ടാന ശല്യം നേരിടാൻ ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വൈദ്യുത വേലിയും കിടങ്ങും അടക്കമുള്ള മാർഗങ്ങൾ സ്വീകരിക്കും.
ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ വനം വകുപ്പ് അധികൃതരോട് നിർദേശിച്ചിട്ടുണ്ട്. പൊൻ ജയശീലൻ, എംഎൽഎ കാട്ടാന ശല്യം കാരണം ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്. അധികൃതർ ഇടപെടണം.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുമ്പോൾ വനം വകുപ്പ് നോക്കു കുത്തിയാവരുത്. മുഹമ്മദ് കനി സിപിഐ താലൂക്ക് സെക്രട്ടറി കർഷകരും പ്രദേശവാസികളും ഭീതിയിലാണ്. കൃഷി നാശവും കാട്ടാന ആക്രമണവും സ്ഥിര സംഭവമായി മാറിയിരിക്കുന്നു.
വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കിൽ നാട്ടുകാർ സമരരംഗത്തേക്ക് ഇറങ്ങും.
ഹനീഫ വട്ടക്കളരി മുസ്ലിം ലീഗ് നീലഗിരി ജില്ലാ സെക്രട്ടറി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]