
ഉയരട്ടെ സ്വപ്നങ്ങൾ; പുതിയ പ്രതീക്ഷയിൽ ദുരന്തബാധിതർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ ഒറ്റരാത്രി കൊണ്ടു ജീവിതം മാറിമറിഞ്ഞവർ നൊമ്പരക്കണ്ണീരുണങ്ങാത്ത മുഖങ്ങളായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഒത്തുചേർന്നു. അവരുടെ ഗ്രാമങ്ങൾ പുനർജനിക്കാനിരിക്കുന്ന തേയിലത്തോട്ടത്തിൽ മാതൃകാ ടൗൺഷിപ്പിനു ശിലയിട്ടപ്പോൾ ആ മുഖങ്ങളിൽ സന്തോഷക്കണ്ണീർ പൊടിഞ്ഞു. എത്രയും വേഗം പുനരധിവാസം സാധ്യമാകുമെന്ന പ്രതീക്ഷയിൽ കുറെ മനുഷ്യർ.
8 മാസം മുൻപ് രക്തം ഉറഞ്ഞുപോയ നൂറുകണക്കിന് ജീവിതങ്ങളായിരുന്നു അവരുടേത്. ആ ജീവിതങ്ങളിൽ പുഞ്ചിരി തളിരിട്ട ദിനമായിരുന്നു ഇന്നലെ. ഒരിക്കലും തിരികെ കിട്ടില്ലെന്ന് കരുതിയിരുന്ന പഴയ ജീവിതം പതുക്കെയെങ്കിലും തിരിച്ചു വരുന്നതിന്റെ ആഹ്ലാദത്തെളിച്ചം അവരുടെ മുഖങ്ങളിൽ ദൃശ്യമായി.
‘ഒപ്പമുണ്ട് സർക്കാർ’ എന്നത് വെറും വാക്കല്ലെന്നു മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മാതൃക ടൗൺഷിപ്പ് പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിലേക്ക് ഇന്നലെ ഒഴുകിവന്ന നൂറുകണക്കിന് പേർ സാക്ഷ്യം പറഞ്ഞു. കൽപറ്റ ബൈപാസിന് സമീപം എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഏക്കറിൽ ഉയരുന്ന മാതൃകാ ടൗൺഷിപ്പ് പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ആഹ്ലാദം വീണ്ടെടുക്കലിന്റെ വേദിയായി മാറി.
ദുരന്തരാത്രി ഓർത്തെടുത്ത് ഗുണഭോക്താക്കളിൽ പലരും പരസ്പരം സംസാരിക്കുമ്പോൾ കണ്ഠമിടറി. പരസ്പരം കെട്ടിപ്പിടിച്ച് അവർ സന്തോഷം പങ്കുവെച്ചു. ജനിച്ച ഗ്രാമാന്തരീക്ഷം നഷ്ടമായതിന്റെ നീറ്റൽ ഉണ്ടെങ്കിലും കൽപറ്റ നഗര ഹൃദയത്തിൽ 7സെന്റ് ഭൂമിയും അതിൽ 1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീടും എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പും ഏറെ പ്രതീക്ഷയോടെയാണ് ഗുണഭോക്താക്കൾ ഉറ്റുനോക്കുന്നത്.
മുണ്ടക്കൈയിലും ചൂരൽമലയിലും പുഞ്ചിരിമട്ടത്തും ജീവിച്ചപോലെ തന്നെ അതേ അയൽക്കാരും സുഹൃത്തുക്കളുമായി ടൗൺഷിപ്പിലും വേർപിരിയാതെ ഒന്നിച്ചു ജീവിക്കാൻ സാധിക്കുക എന്ന സ്വപ്നത്തിന്റെ കൂടി തറക്കല്ലിട്ടാണ് ഇന്നലെ അവർ എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് നിറവോടെ മടങ്ങിയത്.
ദുരന്ത പുനരധിവാസത്തിൽ കേരളം ലോകത്തിന് മാതൃക: മന്ത്രി കെ. രാജൻ
കൽപറ്റ ∙ ദുരന്ത പുനരധിവാസത്തിൽ കേരളം ലോകത്തിനു മാതൃകയാണെന്നു മന്ത്രി കെ. രാജൻ. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ലോകം കേരളത്തെ മാതൃകയാക്കും. ദുരന്തബാധിതരെ പലതായി പിരിക്കാതെ ഒരുമിച്ചു ജീവിക്കാൻ വീടൊരുക്കുകയാണ് ടൗൺഷിപ്പിലൂടെ. ജാതി-മത-വർണ വ്യത്യാസമില്ലാതെ ദുരന്ത നിവാരണത്തിൽ നാം ഒന്നായി ചേർന്ന് പ്രവർത്തിച്ചത് ലോകം കണ്ടതാണ്. അപ്രതീക്ഷിത ദുരന്തത്തിൽ നഷ്ടപ്പെട്ടത് തിരികെപിടിക്കാനാണ് ഒറ്റക്കെട്ടായി നാം മുന്നിട്ടിറങ്ങുന്നത്.
ഭൂമി, കൃഷി, സ്കൂൾ, റോഡ്, പാലം, കെട്ടിടം എന്നിവ പുനർനിർമിക്കും. കൃഷി-മൃഗ സംരക്ഷണ മേഖലയിലെ സാധ്യതകൾ കണ്ടെത്തി നടപ്പാക്കും. മൂന്നര കോടി ജനതയുടെ പിന്തുണയോടെയാണ് സർക്കാർ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദുരന്തത്തിൽ അപ്രതീക്ഷിതമായി തനിച്ചായവരെ സർക്കാർ ഒറ്റപ്പെടുത്തില്ലെന്നും അവസാന ദുരന്തബാധിതരെയും പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
രാഹുൽ വാഗ്ദാനം ചെയ്ത 100 വീടുകൾ നിർമിക്കും: വി.ഡി.സതീശൻ
കൽപറ്റ ∙ കോൺഗ്രസിനു വേണ്ടി രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്ത നൂറു വീടുകൾ നിർമിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നതു സംബന്ധിച്ച് ആലോചിക്കും. സർക്കാർ ആദ്യം 10 ലക്ഷമെന്നും പിന്നീട് പതിനഞ്ചെന്നും അവസാനം 30 ലക്ഷമെന്നുമാണ് പറഞ്ഞത്. അതേത്തുടർന്നുണ്ടായ ആശയക്കുഴപ്പം മാത്രമേയുള്ളൂ. എന്നാൽ, കോൺഗ്രസ് നൂറു വീടുകളും നിർമിച്ച് നൽകും. അത് എങ്ങനെയാണ് നിർമിക്കുന്നതെന്നതു സംബന്ധിച്ച് അടുത്ത ദിവസം പ്രഖ്യാപിക്കും.
മുസ്ലിം ലീഗ് പത്തര ഏക്കർ സ്ഥലം വാങ്ങി അവിടെയാണ് വീടുകൾ നിർമിച്ച് നൽകുന്നത്. കർണാടക സർക്കാരും രാഹുൽ ഗാന്ധിയും മുസ്ലിം ലീഗും നിർമിച്ച് നൽകുന്ന വീടുകളും ചേരുമ്പോൾ തന്നെ 300 വീടുകളായി. പുനരധിവാസത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നു കാലതാമസമുണ്ടായി. പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കുന്നതിലും കാലതാമസമുണ്ടായി. അത് ഇപ്പോഴും പൂർത്തിയായിട്ടില്ല.
സ്ഥലം ഏറ്റെടുക്കുന്നതിലും കാലതമാസമുണ്ടായി. വാടക എല്ലാവർക്കും നൽകാത്ത സ്ഥിതിയുണ്ടായി. ദിവസേന 300 രൂപ നൽകുന്നതു 3 മാസം കഴിഞ്ഞപ്പോൾ നിർത്തിവച്ചു. പരുക്കേറ്റവർക്കുള്ള ചികിത്സാ സഹായവും നൽകുന്നില്ല. നിയമസഭയിൽ പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനു ശേഷം സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഒട്ടേറെ പാളിച്ചകളുണ്ടായെന്നും ഇതൊക്കെ പരിഹരിക്കുന്നതിനായാണ് വിഷയം നിയമസഭയിൽ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തബാധിതരെ കബളിപ്പിക്കുന്നു: എം.ടി.രമേശ്
കോഴിക്കോട്∙ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതരെ സർക്കാർ കബളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു. വയനാട്ടിൽ ഇന്നലെ നടന്നത് ഏകപക്ഷീയ പരിപാടിയാണെന്നും പുനരധിവാസം വൈകിയത് എന്തുകൊണ്ടാണെന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രം നൽകിയ 111 കോടി രൂപ ലാപ്സാവും എന്ന് കണ്ടാണ് പെട്ടെന്ന് തറക്കല്ലിടൽ നാടകം നടത്തിയത്. കേന്ദ്രം മൊത്തം 800 കോടി രൂപ നൽകിയിട്ടുണ്ട്. ഇതിൽ 70 % വയനാടിന് ചെലവിടുമെന്ന് വ്യക്തമാക്കിയതാണ്. 580 കോടി രൂപ വയനാടിന് കൊടുത്തു എന്ന് പാർലമെന്റിൽ പറഞ്ഞതാണ് അത് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും രമേശ് പറഞ്ഞു.
വീടുകൾ പെട്ടെന്ന് നിർമിക്കുക ലക്ഷ്യം: എസ്.സുഹാസ്
കൽപറ്റ ∙ വീടുകളുടെ നിർമാണം എത്രയും വേഗം പൂർത്തീകരിക്കുകയാണു പ്രഥമ ലക്ഷ്യമെന്ന് വയനാട് ടൗൺഷിപ് പ്രൊജക്ട് സ്പെഷൽ ഓഫിസർ എസ്. സുഹാസ്.നവംബർ മാസത്തിനുള്ളിൽ വീടുകളുടെ പണി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇത് പുതിയ ആശയമായതിനാൽ മാതൃകാ ടൗൺഷിപ്പാണു സർക്കാർ ലക്ഷ്യമിടുന്നത്. സാമൂഹിക ജീവിതത്തിന് പ്രാധാന്യം നൽകി വാണിജ്യ കേന്ദ്രവും ആശുപത്രിയും അങ്കണവാടിയും അടക്കമുള്ള കെട്ടിടങ്ങൾ ടൗൺഷിപ്പിൽ ഉണ്ടാവും. നിയമ പ്രശ്നങ്ങൾ പരിഹരിച്ച് സ്ഥലം കൈമാറിയ ശേഷം ഉടൻ നിർമാണം ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.