അമ്പലവയൽ ∙ സഞ്ചാരികൾ നിറഞ്ഞ് ജില്ലയിലെ വിനോദ സഞ്ചാര മേഖല. അവധിക്കാലവും ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളും എത്തിയതോടെയാണു ജില്ലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്.
ക്രിസ്മസ് ദിനത്തിലടക്കം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വിനോദ സഞ്ചാരികളെ കൊണ്ടു നിറഞ്ഞു.
കാരാപ്പുഴ ഡാം, ബാണാസുര സാഗർ ഡാം എന്നിവിടങ്ങളിൽ പതിനായിരത്തിനു മുകളിൽ സഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. ഡിടിപിസിയുടെ കീഴിലുള്ള പൂക്കോട് തടാകം, കറലാട് തടാകം, കാന്തൻപാറ വെള്ളച്ചാട്ടം, കുറവ ദ്വീപ്, എടയ്ക്കൽ ഗുഹ തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം വലിയ തോതിൽ സഞ്ചാരികളെത്തി.
വനംവകുപ്പിന്റെ കീഴിലുള്ള മുത്തങ്ങ, സൂചിപ്പാറ വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളും സന്ദർശകരുടെ തിരക്കായിരുന്നു.
മറ്റു ജില്ലകളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കൊപ്പം കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ട്. ജില്ലയിലെ അനൗദ്യോഗിക കേന്ദ്രങ്ങളിലും ക്രിസ്മസ് ദിനത്തിലും വലിയ തിരക്കാണ്.
നെല്ലാറാച്ചാൽ വ്യൂ പോയിന്റിൽ കൂടുതൽ സഞ്ചാരികളെത്തിയതോടെ റോഡിൽ ഗതാഗത തടസ്സമുണ്ടായി. പലരും ഏറെ സമയമെടുത്താണ് വ്യൂ പോയിന്റിലെത്തിയത്.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാതെ കുറെ പേർ തിരിച്ചു പോയി.
മഞ്ഞപ്പാറയിലും സമാന തിരക്കായിരുന്നു. കാരാപ്പുഴ ഡാം റിസർവോയറിന്റെ വിവിധ ഭാഗങ്ങളിലും സഞ്ചാരികളെത്തി.
കാരാപ്പുഴ ഡാമിന് മുൻപിലെ റോഡിൽ സന്ദർശകരുടെ വാഹനങ്ങളാൽ പലവട്ടം ഗതാഗത തടസ്സമുണ്ടായി. റോഡിലൂടെയുള്ള യാത്രക്കാരുടെ വാഹനങ്ങൾ കടന്നു പോകാൻ കഴിയാതെ ബുദ്ധിമുട്ടി.
എടയ്ക്കൽ ഗുഹയിൽ സന്ദർശകരുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളതിനാൽ ഒട്ടേറെ സന്ദർശകർ തിരിച്ചു പോകേണ്ട
സാഹചര്യമുണ്ടായി. കാന്തൻപാറ, പൂക്കോട് തടാകം എന്നിവിടങ്ങളിലെല്ലാം വലിയ സന്ദർശകരെത്തിയതോടെ റോഡിലടക്കം ഗതാഗതതടസ്സമുണ്ടായി.
ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മേപ്പാടി ഭാഗത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭപ്പെട്ടത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് കൂടുതൽ സന്ദർശകരെത്തി.
ഒപ്പം തെള്ളായിരംകണ്ടി, അട്ടമല തുടങ്ങിയ സ്ഥലങ്ങളിലും തിരക്ക് അനുഭവപ്പെട്ടു.
ജില്ലയിലെ റിസോർട്ട്, ഹോംസ്റ്റേ, വില്ലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നേരത്തെ ബുക്ക് ചെയ്തവരും അല്ലാത്തവരുമായ സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. കൽപറ്റ, ബത്തേരി, മാനന്തവാടി അടക്കമുള്ള ടൗണുകളിലെ ഹോട്ടൽ റൂമുകളിലെറെയും നിറഞ്ഞു. ടൗണുകളും വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ വർധിച്ചതോടെ തിരക്കേറി.
വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നതോടെ ജില്ലയിലെ വ്യാപാര, ടൂറിസം മേഖലയിൽ കൂടുതൽ ഉണർവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

