പനമരം ∙ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ മറ്റുള്ളവരെ തിരുകി കയറ്റി പണം തട്ടിയെടുത്തെന്ന ആരോപണവുമായി പനമരം സ്വദേശി രംഗത്ത്. കൈതക്കൽ കരിമംകുന്ന് മണപ്പറമ്പിൽ ശിവദാസനാണ് പരാതിയുമായി രംഗത്തെത്തിയത്.
കരിമംകുന്ന് അങ്കണവാടിക്ക് സമീപം ഒറ്റയ്ക്ക് താമസിക്കുന്ന ഇദ്ദേഹത്തിന്റെ റേഷൻ കാർഡിൽ ശിവദാസൻ എന്ന പേര് മാത്രമാണുള്ളത്. സൗജന്യ ആരോഗ്യ ഇൻഷുറൻസ് കാർഡിന് അപേക്ഷ നൽകിയതും ഇദ്ദേഹത്തിന്റെ പേരിൽ മാത്രമാണ്.
എന്നാൽ കഴിഞ്ഞദിവസം അക്ഷയ സെന്റർ മുഖേന ഓൺലൈനായി ഇൻഷുർ കാർഡ് പുതുക്കുന്നതിനിടെയാണ് തന്റെ കാർഡിൽ പുറമേ നിന്നുള്ള മറ്റു മൂന്നുപേർ കൂടി ഉൾപ്പെട്ടതായി അറിയുന്നത്.
എന്നാൽ ഇത് അറിയാതെ സംഭവിച്ചതാകാം എന്ന് കരുതി കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ശിവദാസൻ അമ്പരന്നത്. താൻ അറിയാതെ തന്റെ കാർഡ് വഴി ഈയടുത്ത് രണ്ടുലക്ഷം രൂപയോളം ക്ലെയിം ചെയ്തതായി കണ്ടെത്തിയതാണ് ഇദ്ദേഹത്തെ അമ്പരപ്പിച്ചത്.
വിൻസന്റ്, ശ്യാമള, ആതിര തുടങ്ങിയ പേരുകളിലുള്ള അംഗങ്ങളാണ് ശിവദാസിന്റെ ഇൻഷുറൻസ് കാർഡിൽ കടന്നുകൂടിയത്. താൻ അറിയാതെ മറ്റുള്ളവരുടെ പേര് ഉൾപ്പെടുകയും പണം മാറുകയും ചെയ്തതിന് പിന്നിൽ വൻ തട്ടിപ്പ് തന്നെ നടന്നതായി ശിവദാസൻ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും മൂന്നു പേരെയും ഒഴിവാക്കാം എന്നു പറയുന്നതല്ലാതെ ഇതുവരെ യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല. തന്റെ പേരിലുള്ള ഇൻഷുറൻസ് പദ്ധതിയിൽ നിന്നും തുക തട്ടിയെടുത്തവരെ കണ്ടെത്തി അവരെയും അവർക്ക് കൂട്ടുനിന്നവർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇതിനു വേണ്ടി ഏതറ്റംവരെയും പോകാനാണ് തീരുമാനമെന്നും ശിവദാസൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

