അമ്പലവയൽ ∙ കളം നിറഞ്ഞാടി മുന്നണികൾ പോരാട്ടം കനപ്പിക്കുമ്പോൾ ജില്ലാ പഞ്ചായത്തിലേക്കുള്ള അമ്പലവയൽ ഡിവിഷനിൽ മൽസരത്തിന് വീറും വാശിയുമേറി. ഡിവിഷൻ തിരിച്ച് പിടിക്കാൻ യുഡിഎഫും നിലനിറുത്താൻ എൽഡിഎഫും ശക്തിതെളിയിക്കാൻ എൻഡിഎയുമെത്തിയതോടെ പോരാട്ടത്തിന്റെ ശക്തിയേറി.
ഏറെക്കാലം കോട്ടയായിരുന്ന അമ്പലവയൽ പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷനുമടക്കം കഴിഞ്ഞ തവണ യുഡിഎഫിന് നഷ്ടപ്പെട്ടിരുന്നു. ഇത് തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തിലാണ് യുഡിഎഫ്.
പഞ്ചായത്തിനൊപ്പം കഴിഞ്ഞ തവണയും അതിന് മുൻപും ജയിച്ച സീറ്റ് നിലനിറുത്തുകയെന്ന ലക്ഷ്യത്തിലാണ് എൽഡിഎഫ്. എൻഡിഎയും നേരത്തെ സ്ഥാനാർഥിയെ അടക്കം പ്രഖ്യാപിച്ച് പോരാട്ടത്തിന് ഇറങ്ങി കഴിഞ്ഞു.
അമ്പലവയൽ പഞ്ചായത്തിലെ നാലും നെന്മേനി പഞ്ചായത്തിലെ 18 വാർഡുകളും ഉൾപ്പെട്ടതാണ് ഡിവിഷൻ.
ആദ്യമായി മൽസരത്തിന് ഇറങ്ങുന്ന മഹിളാ കോൺഗ്രസ് ജില്ലാ അധ്യക്ഷ ജിനി തോമസാണ് യുഡിഎഫിനായി കളത്തിൽ. സിപിഎം ജില്ലാ കമ്മിറ്റി അംഗവും കഴിഞ്ഞ തവണ തോമാട്ടുചാൽ ഡിവിഷനിൽ മൽസരാർഥിയുമായിരുന്ന എൻ.പി.കുഞ്ഞുമോളാണ് എൽഡിഎഫിനായി പോരാടുന്നത്.
എൻഡിഎക്കായി പൊതുപ്രവർത്തകയായ ഏലിയാമ്മ വർഗീസാണ് രംഗത്തുള്ളത്. 2015 ൽ ജയിച്ചുകയറിയ ഡിവിഷനിലാണ് കുഞ്ഞുമോൾ വീണ്ടും മൽസരത്തിനിറങ്ങുന്നത്.
നെന്മേനി പഞ്ചായത്തിൽ യുഡിഎഫും അമ്പലവയൽ പഞ്ചായത്തിൽ എൽഡിഎഫുമാണ് ഭരിക്കുന്നത്.
ഡിവിഷനിൽപ്പെടുന്ന അമ്പലവയൽ പഞ്ചായത്തിലെ നാല് വാർഡുകളിലും എൽഡിഎഫ് ജയിച്ചപ്പോൾ നെന്മേനിയിൽ കൂടുതൽ വാർഡുകളും യുഡിഎഫിനാണ് ലഭിച്ചത്. ഇതെല്ലാം മുൻപിൽ കണ്ട് കൂട്ടിയും കിഴിച്ചുമാണ് മുന്നണികൾ പ്രവർത്തനം നടത്തുന്നത്.
അമ്പലവയൽ, അമ്പുകുത്തി, കോളിയാടി, ചുള്ളിയോട് ബ്ലോക്ക് ഡിവിഷനുകൾ ഇതിലുൾപ്പെടുന്നത്. ജില്ലാ പഞ്ചായത്ത് ഭരണമടക്കം നിർണായകമായതിനാൽ ഇരു മുന്നണികളും വലിയ പ്രവർത്തനമാണ് ഡിവിഷനിലെ ഒാരോ മേഖലയിലും നടത്തുന്നത്.
വീട് കയറിയുള്ള വോട്ടാഭ്യർഥനയും പൊതുയോഗങ്ങളിൽ പങ്കെടുത്തുള്ള പ്രവർത്തനങ്ങളുമാണ് നിലവിൽ സ്ഥാനാർഥികൾ നടത്തുന്നത്.
ഭൂരിഭാഗം വാർഡുകളിലും സ്ഥാനാർഥികൾ ആദ്യഘട്ടമായി എത്തിക്കഴിഞ്ഞു. പ്രവർത്തനങ്ങളെല്ലാം തകൃതിയായതോടെ അമ്പലവയൽ ഡിവിഷനിൽ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്.
രണ്ട് തവണയായി ജയിച്ച് കയറുന്ന സീറ്റ് നിലനിറുത്തുമെന്നുള്ള ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. എന്നാൽ ഇത്തവണ വിജയം ഞങ്ങൾക്കൊപ്പമാകുമെന്നാണ് യുഡിഎഫിന്റെ വിശ്വാസം.
മുൻകാലത്തേക്കാൾ വോട്ടും ശക്തിയും തെളിയിക്കാനാകുമെന്ന ാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

