പാരമ്പര്യത്തിന്റെ സ്മരണകളുമായി കുറിച്യ തറവാടുകളിൽ തുലാം പത്ത് ആഘോഷം നടത്തി. ചാണകം മെഴുകിയ മുറ്റത്ത് വിളക്കുകൾ കത്തിച്ച് പ്രത്യേക പൂജയോടെ നെൽക്കതിർ കയറ്റൽ ചടങ്ങ് നടന്നു, പത്താമുദയം എന്നറിയപ്പെടുന്ന ഈ ചടങ്ങിന്റെ ഭാഗമായാണ് ആയുധപൂജ നടത്തുന്നത്.
പഴശ്ശിരാജയുടെ പടയാളികളായ കുറിച്യരുടെ പോരാട്ടത്തിന്റെയും നായാട്ടിന്റെയും ഓർമയിലാണ് ഇവരുടെ പരമ്പരാഗത ആയുധങ്ങളായ അമ്പും വില്ലും പൂജയ്ക്കു വയ്ക്കുന്നത്.
കണിയാമ്പറ്റയിലെ പള്ളിയറ കുറിച്യ തറവാട്ടിൽ കാരണവർ രാമന്റെ കാർമികത്വത്തിലാണ് തുലാംപത്ത് (പത്താമുദയം) ആഘോഷിച്ചത്.
തറവാട് കുളക്കരയിൽ തലേദിവസം വൃത്തിയാക്കി ഒരുക്കിവച്ച നെൽക്കതിരുകൾ തുലാം പത്ത് ദിവസം രാവിലെ തറവാട്ടിലെ മുറ്റത്ത് എത്തിച്ച് പൂജ നടത്തുന്നതോടെയാണ് ആഘോഷങ്ങൾ തുടങ്ങുന്നത്. പൂജയ്ക്ക് ശേഷം നെൽക്കതിരുകൾ വീടിന്റെയും കാവിന്റെയും പാടത്തിന്റെയും വിവിധ ഭാഗങ്ങളിൽ ഐശ്വര്യത്തിന്റെ പ്രതീകമായി സ്ഥാപിച്ച ശേഷം ആചാരപ്പെരുമയോടെ ആയുധപൂജയും നടത്തി.
വയനാട്ടിലെ അറുപതോളം കുറിച്യ തറവാട്ടുകളിലാണു തുലാപ്പത്ത് കാർഷിക ഉത്സവം ഇത്തവണ നടന്നത്.
പള്ളിയറ തറവാട്ടിൽ പള്ളിയറ രാമന്റെ കാർമികത്വത്തിൽ നടന്ന ചടങ്ങുകളിൽ തറവാട്ടിലെ എല്ലാ അംഗങ്ങളും പങ്കെടുത്തു. മുൻകാലങ്ങളിൽ ആചാരനുഷ്ഠാനങ്ങളോടെ വളരെ ഗംഭീരമായി നടത്തുന്ന ആയുധപൂജയാണ് തുലാപ്പത്ത്.
തറവാട്ടിലെ അംഗങ്ങളെല്ലാം പുതിയ അമ്പും വില്ലും നിർമിച്ചും പഴയത് മിനുക്കിയുമെടുത്ത് പൂജയ്ക്ക് സമർപ്പിക്കും. സമുദായത്തിലെ എല്ലാവരും അവരുടെ പരമ്പരാഗത ആയുധങ്ങൾ പൂജയ്ക്ക് സമർപ്പിക്കണമെന്നാണ് ആചാരം.
മുൻ കാലങ്ങളിൽ പൂജ പൂർത്തിയാക്കിയ ശേഷമാണ് എല്ലാവരും നായാട്ടിനായി ഇറങ്ങിയിരുന്നത്.
നായാട്ട് നിരോധിച്ചതോടെ ചടങ്ങിന്റെ ഭാഗമായി ഇപ്പോൾ പ്രതീകാത്മക നായാട്ട് മാത്രമാണുള്ളത്. പള്ളിയറ തറവാട്ടിലെ അച്ചപ്പൻ, പി.എ.രാമൻ, രാമചന്ദ്രൻ, ഗോപിരാമൻ, ബാലകൃഷ്ണൻ, പ്രവീൺകുമാർ, ചന്ദ്രൻ, കേളുരാമൻ, ശിവദാസൻ, ജയചന്ദ്രൻ എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

