മാനന്തവാടി ∙ തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്കൂൾ (ആശ്രമം സ്കൂൾ) തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ മക്കിമലയിലേക്ക് മാറ്റുന്നതിനായി കോടികൾ ചെലവഴിച്ച് നിർമാണം തുടങ്ങിയ കെട്ടിടങ്ങൾ കാട് മൂടി നശിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് മക്കിമലയിലേക്ക് ആശ്രമം സ്കൂൾ മാറ്റാൻ തീരുമാനിച്ചത്.
ഇവിടെ ആശ്രമം സ്കൂളിന് പുറമേ എൽകെജി മുതൽ പിഎച്ച്ഡി വരെയുള്ള പഠന സൗകര്യങ്ങൾ ഒരുക്കുന്ന കലിംഗ മോഡൽ സർവകലാശാല ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. ഇതിനായി കോടികൾ ചെലവഴിച്ച് നിർമാണം തുടങ്ങിയ കെട്ടിടങ്ങൾ പണി തീരാതെ പാതിവഴിയിൽ കിടക്കുകയാണ്. കാട് കയറി പല കെട്ടിടങ്ങളും നശിച്ച് തുടങ്ങി.
തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് ആറളം ഫാമിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു.
ജൂലൈ അവസാനത്തോടെ ഇവിടേക്ക് മാറാൻ തീരുമാനിച്ചെങ്കിലും അവിടെ വൈദ്യുതി കണക്ഷൻ ഇല്ലാത്തത് തടസ്സമായി. ഇതിനിടെ തിരുനെല്ലിയിൽ നിന്ന് സ്കൂൾ മാറ്റുന്നതിന് എതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തു.
ജില്ലയിൽ തന്നെ സുരക്ഷിതമായ സ്ഥലം കണ്ടെത്തി സ്കൂൾ അവിടേയ്ക്ക് മാറ്റണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. ഇതോടെയാണ് മക്കിമലയിലെ പാതിവഴിയിലായ കെട്ടിടങ്ങൾ വീണ്ടും ചർച്ചയായത്. ആറളത്തേക്ക് സ്കൂൾ മാറ്റാനായി അടിയന്തരമായി ട്രാൻഫോർമർ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
യുഡിഎഫിന്റേത് രാഷ്ട്രീയ സമരം: മന്ത്രി ഒ.ആർ.കേളു
മാനന്തവാടി ∙ തിരുനെല്ലി ഗവ.
ആശ്രമം സ്കൂളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തുന്നത് രാഷ്ട്രീയ സമരമാണെന്ന് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. തവിഞ്ഞാൽ മക്കിമലയിൽ മോഡൽ റസിഡൻഷ്യൽ സ്കൂളിനായി മുൻ യുഡിഎഫ് സർക്കാർ തുടങ്ങിയത് ദീർഘവീക്ഷണവും കാഴ്ചപ്പാടും ഇല്ലാതെയാണ്.
മണ്ണൊലിപ്പിന് സാധ്യതയുള്ള ഭൂമിയാണ് അവിടെയുള്ളത്. മുൻപ് ഉരുൾ പൊട്ടൽ ദുരന്തം ഉണ്ടായ ഇവിടെ വീണ്ടും ദുരന്തം ഉണ്ടായേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്തിയ സ്ഥലമാണത്.
അങ്ങനെയുള്ള ഭൂമിയിൽ കുട്ടികളെ താമസിപ്പിക്കാൻ കഴിയില്ല.
സമൂഹത്തിനു ഭീഷണിയുണ്ടാക്കിയ മാവോവാദികൾ തമ്പടിച്ച സ്ഥലം കൂടിയാണത്. അടിസ്ഥാന വർഗ വിഭാഗത്തിൽ പെട്ട
കുട്ടികളെ അവിടെ താമസിപ്പിക്കാൻ സാധിക്കില്ല. വനത്തോട് ചേർന്നുകിടക്കുന്ന പ്രദേശത്ത് ആന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്.
സ്കൂൾ പ്രവർത്തനം അങ്ങോട്ട് മാറ്റിയാൽത്തന്നെ കുട്ടികളെ കാണാൻ രക്ഷിതാക്കൾക്ക് എത്താൻ പോലും പ്രയാസമാണ്. വാഹന, റോഡ് സൗകര്യമില്ലാത്ത പ്രദേശമാണെന്നത് അടക്കം നിരവധി വിഷയങ്ങൾ നിലനിൽക്കുന്നുണ്ട്.
കോടികൾ മുടക്കി പാതിവഴിയിലായ നിർമിതി ഉപേക്ഷിക്കണം എന്ന നിലപാട് സർക്കാരിനില്ല.
കോടതി വ്യവഹാരങ്ങൾ നീങ്ങുന്ന മുറയ്ക്കു കെട്ടിടം പണി പൂർത്തിയാക്കും. അവിടെ മറ്റെന്തെങ്കിലും സംരംഭങ്ങൾ തുടങ്ങാനുള്ള ശ്രമം നടത്തും.
തിരുനെല്ലി ഗവ. ആശ്രമം സ്കൂളിനു പോരായ്മ ഉണ്ട്.
മുൻപ് ട്രൈബൽ ഹോസ്റ്റൽ ആയിരുന്ന കെട്ടിടം സ്കൂളായി രൂപപ്പെടുത്തുകയായിരുന്നു. അതിന്റെ പരിമിതികളും പോരായ്മകളും മനസ്സിലാക്കിയാണ് താൽക്കാലികമായി സ്കൂൾ മാറ്റാൻ തീരുമാനിച്ചത്.
ആറളം ഫാമിൽ സ്കൂളിനായി നിർമിച്ച കെട്ടിടത്തിലേക്ക് തന്നെയാണ് മാറ്റം. തിരുനെല്ലിയിൽ നല്ല കെട്ടിടം നിർമിക്കുന്ന മുറയ്ക്ക് സ്കൂൾ തിരിച്ചുകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
അട്ടിമറിച്ചത് എൽഡിഎഫ് സർക്കാർ: മുൻ മന്ത്രി പി.കെ.ജയലക്ഷ്മി
മാനന്തവാടി ∙ സംസ്ഥാനത്തിന് തന്നെ അഭിമാനം ആകുമായിരുന്ന മക്കിലമലയിലെ ട്രൈബൽ വിദ്യാഭ്യാസ സമുച്ചയ പദ്ധതി അട്ടിമറിച്ചത് എൽഡിഎഫ് സർക്കാരാണെന്ന് മുൻ മന്ത്രി പി.കെ.ജയലക്ഷ്മി കുറ്റപ്പെടുത്തി.
തിരുനെല്ലി ആശ്രമം സ്കൂളിന്റെ ശോചനീയാവസ്ഥ മുന്നിൽ കണ്ടും ഏറ്റവും കൂടുതൽ പട്ടിക വർഗക്കാർ അധിവസിക്കുന്ന ജില്ലയെന്ന പരിഗണന നൽകിയുമാണ് മക്കിമലയിൽ ഗവ മോഡൽ റസിഡൻഷ്യൽ സ്കൂളിനായി കെട്ടിടം നിർമാക്കാൻ തീരുമാനിച്ചത്.
ഇതിന് അടുത്ത് തന്നെ എൽകെജി മുതൽ ഗവേഷണം വരെ സാധ്യമാകുന്ന കലിംഗ മോഡൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും സമീപത്ത് എൻസിസി ബറ്റാലിയൻ കേന്ദ്രവും ഉണ്ടാവുന്ന തരത്തിലായിരുന്നു യുഡിഎഫ് ഭരണകാലത്ത് നടപടികൾ സ്വീകരിച്ചത്. ബോയ്സ് ടൗണിൽ ശ്രീചിത്തിര മെഡിക്കൽ സെന്ററും ആരംഭിക്കാൻ പദ്ധതി തയാറാക്കിയിരുന്നു.
ആദ്യഘട്ടമെന്ന നിലയ്ക്കാണ് എംആർഎസ് കെട്ടിടം നിർമാണം തുടങ്ങിയത്. കേന്ദ്ര സഹായവും സംസ്ഥാന സംസ്ഥാന വിഹിതവും ചേർത്തായിരുന്നു നിർമാണം.
എന്നാലൽ 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ എല്ലാം അട്ടിമറിക്കുകയായിരുന്നുവെന്ന് ജയലക്ഷ്മി പറഞ്ഞു.
സ്കൂളിന്റെ ശോച്യാവസ്ഥ: മനുഷ്യാവകാശ കമ്മിഷനു പരാതി നൽകി
മാനന്തവാടി ∙ ആശ്രമം സ്കൂളിലെ ബാലാവകാശ സംരക്ഷണ നിയമ ലംഘനം സംബന്ധിച്ച് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി(എച്ച്ആർസിപിസി) സംസ്ഥാന കമ്മിറ്റി മനുഷ്യാവകാശ കമ്മിഷനും, പട്ടിക വർഗ വികസന വകുപ്പിനും പരാതി നൽകി. പട്ടിക വർഗ വകുപ്പ് നേരിട്ട് നടത്തുന്ന തിരുനെല്ലി ആശ്രമം സ്കൂളിലെ 127 പെൺകുട്ടികളെ 3 ക്ലാസ് മുറികളിൽ ഒരു ശുചിമുറി മാത്രമുള്ള പരിമിതമായ സാഹചര്യത്തിൽ 3 മാസം താമസിപ്പിച്ചു എന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനവും നീതി നിഷേധവും ജാതീയ അവഹേളനവും ആണ്.
അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗത്തിൽപെട്ട പ്രാക്തന ഗോത്ര വിദ്യാർഥികൾ എന്തും സഹിക്കാൻ കടപ്പെട്ടവരാണ് എന്ന ധാരണയാണ് ട്രൈബൽ വകുപ്പിലെ അധികൃതർക്ക് ഉളളത്.
മാധ്യമങ്ങളിൽ വാർത്ത വന്നതിനു ശേഷം 36വിദ്യാർഥികളെ മാറ്റി താമസിപ്പിച്ചതിലൂടെ വകുപ്പ് തെറ്റ് അംഗീകരിച്ചു. എങ്കിലും തികഞ്ഞ മനുഷ്യാവകാശ ലംഘനത്തിന് എതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് എച്ച്ആർസിപിസി സംസ്ഥാന പ്രസിഡന്റ് പി.ജെ.ജോൺ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

