
ഗൂഡല്ലൂർ ∙പാടന്തറയ്ക്കടുത്ത് ശങ്കരൻകൊല്ലിയിൽ നാട്ടുകാർ നോക്കിനിൽക്കെ കടുവ പശുവിനെ പിടിച്ചു. ഒരു മാസത്തിനിടെ ഈ പ്രദേശത്ത് മാത്രം 8 കന്നുകാലികളെയാണ് കടുവ പിടികൂടിയത്.
വെള്ളി വൈകിട്ട് കടുവ ഒരു പോത്തിനെ പിടികൂടി ഭക്ഷിച്ചു. ഇന്നലെ നാട്ടുകാർ നോക്കി നിൽക്കുമ്പോഴാണ് കടുവ പശുവിനെക്കൂടി പിടികൂടുന്നത്.
പാടന്തറ നേരത്തെ തന്നെ കാട്ടാന ശല്യത്തിന്റെ പിടിയിലാണ്. ഇതിനിടയിലാണ് കടുവയുടെ ആക്രമണവും.
സമീപത്തുള്ള കമ്പനി തേയില തോട്ടത്തിലെ കുറ്റിക്കാടുകളാണ് കടുവയുടെ താവളം.
കടുവയുടെ നിരന്തരമായ സാന്നിധ്യം നാട്ടുകാരെ ഭീതിയിലാഴ്ത്തി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് കടുവ കടന്നു കൂടിയിരിക്കുന്നത്.
കടുവയെ പിടികൂടണമെന്ന ആവശ്യവും ശക്തമായി. മുതുമലയിൽ നിന്നുള്ള ആർആർടി സംഘം ഇന്നലെ ശങ്കരൻകൊല്ലിയിൽ എത്തിയിട്ടുണ്ട്. സിഎസ്െഎ സ്കൂൾ മുതൽ സർക്കാർമൂല വരെയുള്ള ഭാഗത്ത് കടുവയെ നിരീക്ഷിക്കുവാൻ ക്യാമറ സ്ഥാപിച്ചു.
ആലവയൽ കെണിയംവയൽ പാടന്തറ,ശങ്കരൻകൊല്ലി പ്രദേശത്തുള്ളവർ കന്നുകാലികളെ മേയ്ക്കുവാൻ ഈ പ്രദേശങ്ങളിലിറങ്ങരുതെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കന്നുകാലികളെ വേട്ടയാടുന്ന കടുവ പ്രായാധിക്യം മൂലം വനത്തിൽ നിന്നും പുറത്ത് വന്നതാകുമെന്ന് സംശയിക്കുന്നു.
ഇന്നലെ കടുവ പിടിച്ച പശുവിന്റെ ജഡം നീക്കം ചെയ്യാതെ നിരീക്ഷണം നടത്തും. കടുവയെ കണ്ടെത്തിയതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]