കൽപറ്റ ∙ ജില്ലയിൽ വീണ്ടും മഴ ശക്തമായി. ഇന്നലെ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയാണു പെയ്തത്.
കഴിഞ്ഞ 2 ദിവസമായി തുടരുന്ന കനത്ത മഴയോടൊപ്പം വെള്ളിയാഴ്ച വൈകിട്ടോടെ കാറ്റും ശക്തമായി. പലയിടങ്ങളിലും മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ടായി. വൈദ്യുതിക്കാലുകൾക്കു മുകളിൽ മരങ്ങൾ വീണ് വൈദ്യുതി വിതരണം താറുമാറായി. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുണ്ടക്കൈ–ചൂരൽമല ദുരന്തപ്രദേശത്ത് നോ ഗോ സോൺ മേഖലയിലേക്കുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചതായി കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു. മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട് പഞ്ചായത്തുകളിലെ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവർത്തനം ജില്ലാ ഭരണകൂടം നിരോധിച്ചു. കനത്ത മഴ വരുംദിവസങ്ങളിലും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
നടവയൽ
∙ കാറ്റിലും മഴയിലും മരം റോഡിനു കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു.
കഴിഞ്ഞ രാത്രി നടവയൽ – പുൽപള്ളി റോഡിൽ നെയ്ക്കുപ്പ വനത്തിലാണ് റോഡിന് കുറുകെ കൂറ്റൻ മരം കടപുഴകി വീണത്. ഈ സമയത്തു റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്നു രാവിലെ 7 മണിയോടെ വനപാലകരെത്തിയാണു മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. പുലർച്ചെ പുൽപള്ളിയിൽ നിന്ന് വരുന്നതും പുൽപള്ളി ഭാഗത്തേക്ക് പോകുന്നതുമായ പത്തനംതിട്ട
– പാടിച്ചിറ കെഎസ്ആർടിസി ബസ് അടക്കം ഒട്ടേറെ വാഹനങ്ങൾ മണിക്കൂറുകളോളം വനത്തിൽ കുടുങ്ങി. രണ്ടുമാസം മുൻപും ഇതിനു സമീപത്തായി മറ്റൊരു മരവും കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. അന്ന് അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചു നിക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
ശക്തമായ കാറ്റിൽ നെയ്ക്കുപ്പ കയറ്റത്തിൽ സൊസൈറ്റിക്ക് സമീപത്തും വൈദ്യുത ലൈനിന് മുകളിലേക്കും മരം കടപുഴകി വീണു.
മാനന്തവാടി
∙ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ 2 ദിവസമായി തുടരുന്ന കനത്ത മഴയിൽ നാശനഷ്ടങ്ങൾ വ്യാപകം. മഴയോടൊപ്പം വീശിയടിക്കുന്ന ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. പലയിടത്തും വൈദ്യുതി ലൈനുകൾ പൊട്ടി വീണതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. തൃശ്ശിലേരി മൊട്ട, കൈതക്കൊല്ലി, പനവല്ലി എന്നിവിടങ്ങളിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മാനന്തവാടിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് മരങ്ങൾ മുറിച്ച് നീക്കി ഗതാഗതം പുനർ സ്ഥാപിച്ചത്. മഴ ശക്തമായി തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കൺട്രോൾ റൂം തുറന്നു
ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ പഞ്ചായത്ത് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
വില്ലേജ്തല കൺട്രോൾ റൂമുകളിൽ നിന്നും വിവരങ്ങൾ തത്സമയം ജില്ലാ എമർജൻസി ഓപറേഷൻ സെൻററിലേക്ക് നൽകാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. തവിഞ്ഞാൽ പഞ്ചായത്ത് കൺട്രോൾ റൂം നമ്പർ- 8156 810 944, 9496048313 , 9496048312.
തോണി സർവീസ് നിർത്തിവച്ചു
കബനിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പെരിക്കല്ലൂരിൽനിന്നുള്ള തോണി സർവീസ് നിർത്തിവച്ചു.
2 ദിവസത്തേക്കു പെരിക്കല്ലൂരിലെയും സമീപത്തെയും കടവുകളിലെ തോണി സർവീസുകൾ നിർത്തിവയ്ക്കാനാണു ബൈരക്കുപ്പ പഞ്ചായത്ത് സെക്രട്ടറി നൽകിയിരിക്കുന്ന നിർദേശം. മൈസൂരു ജില്ലയിൽ അതിശക്തമായ മഴയുണ്ടാകുമെന്നും ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]