
നാലു ദിവസത്തെ മഴയിൽ നശിച്ചത് 2,259 പേരുടെ കൃഷി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ∙ നാല് ദിവസമായി ജില്ലയിൽ കനത്തു പെയ്യുന്ന മഴയിലും കാറ്റിലും 242.74 ഹെക്ടറിലെ കൃഷി വിളകൾക്ക് നാശനഷ്ടം. വൈത്തിരി, പനമരം, മാനന്തവാടി, ബത്തേരി ബ്ലോക്കുകളിലെ 2,259 കർഷകരുടെ കൃഷിയാണു നശിച്ചത്. 21.99 കോടി രൂപയുടെ നഷ്ടമാണു കൃഷിമേഖലയിലുണ്ടായത്. ഏറ്റവും കൂടുതൽ നാശം സംഭവിച്ചത് വാഴ കൃഷിക്കാണ്. 305100 കുലച്ച വാഴകൾ പൂർണ്ണമായി നശിച്ചതായാണ് പ്രാഥമിക കണക്കുകൾ. 20.25 കോടി രൂപയുടെ നഷ്ടമുണ്ടായി. 92 ഹെക്ടർ സ്ഥലത്തെ നെൽകൃഷിയും പൂർണമായി നശിച്ചു. ഏറ്റവുമധികം കൃഷിനാശമുണ്ടായതും കൂടുതൽ കർഷകരെ ബാധിച്ചതും മാനന്തവാടി താലൂക്കിലാണ്. 931 കർഷകരുടെ 106.80 ഹെക്ടറിലെ കൃഷി നശിച്ചു. 10.61 കോടി രൂപയുടെ നാശം.
24 മണിക്കൂറിനകം അറിയിക്കണം
കൃഷിനാശം നേരിട്ട കർഷകർ 24 മണിക്കൂറിനകം നാശനഷ്ടത്തിന്റെ കണക്ക് ബന്ധപ്പെട്ട കൃഷി ഉദ്യോഗസ്ഥരെ അറിയിക്കണം. 10 ദിവസത്തിനകം ആവശ്യമായ രേഖകളും കൃഷി നഷ്ടത്തിന്റെ ഫോട്ടോയും സഹിതം അക്ഷയ കേന്ദ്രങ്ങളിലെത്തി ഓൺലൈനായി അപേക്ഷ നൽകണം. ഇൻഷൂർ ചെയ്ത വിളകൾക്ക് കാലവർഷക്കെടുതിയിലെ നഷ്ടപരിഹാരത്തിന് പുറമേ വിള ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കും. ഇതിനായി വിളനാശം സംഭവിച്ച് 15 ദിവസത്തിനകം ഓൺലൈനായി അപേക്ഷ നൽകാം. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലും കർഷകർക്ക് ബന്ധപ്പെടാം- 9495012353, 9383471912.