
‘മെൻസിന്റെ ആയിരുന്നോ, ഞാൻ മാൻ എന്നാ വായിച്ചേ!’; ഷർട്ടുകളുടെ ഷോറൂമിലേക്ക് പുള്ളിമാൻ ഓടിക്കയറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി ∙ ഷർട്ടുകളുടെ ബ്രാൻഡഡ് ഷോറൂമിലേക്ക് അപ്രതീക്ഷിതമായി ഓടിക്കയറിയെത്തിയ പുള്ളിമാനെ കണ്ട് ജീവനക്കാരും കടയിലെത്തിയവരും അമ്പരന്നു. ആളെത്തിയാൽ താനേ തുറക്കുന്ന സെൻസർ ഘടിപ്പിച്ച വാതിലിലൂടെയാണ് മാൻ ഉള്ളിലേക്കെത്തിയത്. ഷർട്ടുകൾ തൂക്കിയിട്ട റാക്കുകൾക്കിടയിലൂടെ ഓടി ഒടുവിൽ ട്രയൽ റൂമിൽ കയറി അനങ്ങാതെ നിന്നു. അര മണിക്കൂറിന് ശേഷം വനപാലകരെത്തിയാണ് വലയിട്ട് പിടികൂടി കൊണ്ടു പോയത്.ബത്തേരി ടൗണിൽ ദൊട്ടപ്പൻകുളത്ത് ദേശീയപാതയോരത്തുള്ള ബ്രാൻഡഡ് ഷോറൂമിലേക്കാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെ അപ്രതീക്ഷിത അതിഥിയായി മാൻ എത്തിയത്. 2 നായ്ക്കൾ ഓടിച്ചുകൊണ്ടു വരികയായിരുന്നു മാനിനെ. ഒരു നായ മാനിന് പിന്നാലെ ഷോറൂമിലേക്ക് ഓടിക്കയറാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ തടഞ്ഞു.മാനിനെ ശല്യം ചെയ്യാതെ ജീവനക്കാരായ മിഥുൻ രാജ്, ക്ലമന്റ്, ലൂഫസ് എന്നിവർ ചേർന്ന് ഉടൻ വനംവകുപ്പിനെ വിവരമറിയിച്ചു. അപ്പോഴേക്കും ഷോപ്പിങ് മാളിലെ പലരും സ്ഥലത്തേക്കെത്തിയിരുന്നു. മാൻ ട്രയൽ റൂമിൽ നിൽക്കുമ്പോഴും ഉപയോക്താക്കൾ വരികയും ഇടപാടുകൾ നടക്കുകയും ചെയ്തു. എന്നാൽ ട്രയൽ റൂമിൽ മാനുള്ളതിനാൽ അങ്ങോട്ടു പോകരുതെന്ന് നിർദേശം നൽകിയത് കേട്ടവരിൽ കൗതുകമുണർത്തി. ഒടുവിൽ വലയുമായി വനപാലക സംഘമെത്തി പിടികൂടിയ മാനിനെ പിന്നീട് വനത്തിൽ തുറന്നു വിട്ടു. മാൻ കയറിയ കടയുടെ എതിർ വശത്ത് ടൗണിന് പിന്നിലായി 2 കിലോമീറ്ററോളം പോയാൽ വയനാട് വന്യജീവി സങ്കേതമാണ്.