
ഉരുളെടുത്ത മുണ്ടക്കൈയും ചൂരൽമലയും പുനർജനിക്കും; വീടുകൾ ഉയരും 9 മാസം കൊണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ ഉരുളെടുത്ത മുണ്ടക്കൈയും ചൂരൽമലയും 25 കിലോമീറ്റർ അകലെ കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ പുനർജനിക്കുന്നു. പിറന്നുവീണ നാട്ടിൽനിന്ന് ഒരു ജനതയെയൊന്നാകെ മറ്റൊരിടത്തേക്കു പറിച്ചുനടുന്നതിന്റെ തുടക്കം. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുമ്പോൾ പ്രതീക്ഷകൾ വാനോളം. ഗുണഭോക്തൃ പട്ടികയിൽ ഇടംനേടുന്ന എല്ലാവർക്കും കൽപറ്റയിൽത്തന്നെ വീടൊരുക്കാൻ കഴിയുമെന്നാണു കണക്കുകൂട്ടൽ. ഉരുളെടുത്തുപോയ 298 പാവം മനുഷ്യരുടെ ഒരിക്കലും മറക്കാത്ത ഓർമകൾ അലടിക്കുന്ന അന്തരീക്ഷത്തിൽ എൽസ്റ്റൺ തേയിലത്തോട്ടത്തിൽ ഉയരുന്ന ടൗൺഷിപ് ഒരു അതിജീവന സ്മാരകം കൂടിയായിരിക്കും.
അധ്വാനിച്ചു ജീവിച്ച മണ്ണ് കൈവിടേണ്ടിവന്നപ്പോഴും അതിജീവന സ്വപ്നങ്ങൾ കൂടെക്കൂട്ടിയവർ, ഉരുളൻകല്ലുകളും തകർന്ന കെട്ടിടങ്ങളും മാത്രം ബാക്കിയായ ദുരിതക്കയത്തിൽനിന്ന് ഒന്നിച്ചു പൊരുതിക്കയറിവന്നവർ, പരാതികളും ആശങ്കകളും പെരുകിയപ്പോഴും സമാധാനപരമായി മാത്രം പ്രതിഷേധിച്ചവർ.തിരികെക്കിട്ടിയ ജീവൻ മാത്രം കൈമുതലാക്കി ജീവിതത്തിലെ രണ്ടാം ഇന്നിങ്സിന് അവരും തുടക്കം കുറിക്കുകയാണ്.
കഷ്ടപ്പാടുകൾക്കിടയിലും പരസ്പരം സന്തോഷവും സൗഹാർദവും മാത്രം പുലർത്തി മുണ്ടക്കൈയിലും ചൂരൽമലയിലും ഒരുമിച്ചു കഴിഞ്ഞിരുന്നവരാണ്. മലയിടിച്ചെത്തിയ ഉരുൾജലത്തെ പ്രതിരോധിക്കാൻ ദുരിതരാത്രിയിലെ കൊടുംതണുപ്പിൽ മലമുകളിലും പുഴനടുവിലും കൊടുംകാട്ടിലും ഒരുമിച്ചുനിന്നപോലെ അവർ ഈ അതിജീവനകാലത്തും ഐക്യം കൈവിട്ടില്ല. വിശാലമായ നാട്ടിൽനിന്നു ടൗൺഷിപ്പിലെ തുണ്ടുഭൂമിയിലേക്കു മാറ്റപ്പെടുമ്പോഴും കേരളം ഒപ്പമുണ്ടെന്ന ധൈര്യമാണ് അവരെ മുന്നോട്ടുനയിക്കുന്നത്.
വീടുകൾ ഉയരും 9 മാസം കൊണ്ട്
ഡിസംബറിനുള്ളിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ പറയുന്നു. കിഫ്കോണിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണു നിർമാണച്ചുമതല. 750 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു സഹായസന്നദ്ധതയുമായി 38 സ്പോൺസർമാരുമുണ്ട്.