ചൂരൽമല ∙ പുന്നപ്പുഴയ്ക്കു കുറുകെ പുതിയ പാലം വരുന്നു. 35 കോടിരൂപ വിനിയോഗിച്ച് നിർമിക്കുന്ന പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കരുത്തുള്ള പാലമാണ് ഒരുക്കുക.
നിലവിൽ സൈന്യം നിർമിച്ച ബെയ്ലി പാലത്തിലൂടെയാണ് മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലേക്കുള്ള യാത്ര. ബെയ്ലി പാലത്തിന് സമാന്തരമായി 267.95 മീറ്റർ നീളത്തിലാകും നിർമാണം.
പുഴയിൽ 107 മീറ്ററും ഇരുകരകളിലും 80 മീറ്റർ വീതമാകും നീളം. പുഴയിൽ തൂണുകളില്ലാത്ത ‘ബോസ്ട്രിങ് ഗർഡർ’ പാലമാണ് ഉയരുക.
ചൂരൽമല അങ്ങാടിക്ക് നടുവിൽനിന്ന് കവാടം ആരംഭിക്കും. മറുകരയിൽ മുണ്ടക്കൈ, അട്ടമല റോഡുകൾ കൂടിച്ചേരുന്നിടത്ത് അവസാനിക്കും.
പാലത്തിന്റെ രൂപരേഖയും വിശദപദ്ധതി രേഖയും (ഡിപിആർ) നേരത്തെ പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിരുന്നു.
പൊതുമരാമത്ത് (പാലങ്ങൾ) വിഭാഗം കൈമാറിയ ഡിപിആറിന് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചു. ടെൻഡർ നടപടികൾ ആരംഭിക്കാൻ പൊതുമരാമത്ത് ചീഫ് എൻജിനീയറുടെ അംഗീകാരം ഉടൻ ലഭിക്കും. ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ ദുരന്തപ്രദേശത്തെ ഗോ സോൺ (വാസയോഗ്യം), നോ ഗോ സോൺ (വാസയോഗ്യമല്ലാത്തവ) ആയി അടയാളപ്പെടുത്തിയിട്ടുണ്ട്.
റോഡില്ലാതെ ഗോ സോണിലെ ചിലയിടങ്ങൾ ഒറ്റപ്പെട്ടുവെന്ന പ്രശ്നത്തിന് പാലം ഉയരുന്നതോടെ പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പാലത്തിനായി മുണ്ടക്കൈ ഭാഗത്ത് എച്ച്എംഎൽ എസ്റ്റേറ്റിന്റെ 3000 ചതുരശ്ര അടിയോളം ഭൂമി ഏറ്റെടുക്കാൻ ധാരണയായിട്ടുണ്ട്. ചൂരൽമല ഭാഗത്ത് വിവിധ സ്വകാര്യവ്യക്തികളിൽ നിന്നായി 10 സെന്റ് ഭൂമിയും ഏറ്റെടുക്കും. ചൂരൽമല പാലത്തിനു പുറമേ മുണ്ടക്കൈ ഗവ.എൽപി സ്കൂളിനോട് ചേർന്നും പുഞ്ചിരിമട്ടത്തും 2 പാലങ്ങൾ കൂടി നിർമിക്കുന്നുണ്ട്. ഇരുപാലങ്ങൾക്കും 15 കോടിരൂപ വീതം അംഗീകരിച്ച് ഭരണാനുമതിയായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

