കൽപറ്റ ∙ മഞ്ഞിൽ പൊതിഞ്ഞ തലപ്പുഴ പുതിയിടം മുനീശ്വരൻ കുന്നിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. സമുദ്ര നിരപ്പിൽ നിന്ന് 3355 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ ‘വയനാടിന്റെ വാഗമൺ’ എന്നാണ് അറിയപ്പെടുന്നത്.
സാഹസികത ഇഷ്ടപ്പെടുന്നവർക്കും പ്രകൃതി സ്നേഹികൾക്കും പ്രിയങ്കരമായ ഇവിടം തിരക്കേറിയ ജീവിതത്തിൽ നിന്നൊഴിഞ്ഞുമാറി ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിൽ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ്. മലനിരകളുടെയും തേയിലത്തോട്ടങ്ങളുടെയും മനോഹരമായ കാഴ്ച ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നു.
വൈവിധ്യമാർന്ന ഔഷധസസ്യങ്ങൾ ഉൾപ്പെടെ നിറഞ്ഞുനിൽക്കുന്ന മനോഹരമായ പുൽമേടിലൂടെയാണ് മുനീശ്വരൻ കുന്നിലേക്കുള്ള ഹൈക്കിങ് പാത കടന്നുപോകുന്നത്. ജൈവവൈവിധ്യം നിറഞ്ഞ ഇവിടം ഏഷ്യൻ ആന, കടുവ, പുള്ളിപ്പുലി, കാട്ടുനായ, വിവിധ മാൻ ഇനങ്ങൾ തുടങ്ങി നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്.
മുനീശ്വരൻകുന്നിൽ സ്ഥിതി ചെയ്യുന്ന മുനീശ്വരൻ കോവിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. കോടമഞ്ഞ് പുതച്ച പ്രഭാതങ്ങൾ, തെളിമയുള്ള നീലാകാശവും തണുത്ത കാറ്റുമുള്ള പകലും അസ്തമയ കാഴ്ചകളും ഏറെ മനോഹരമാണിവിടെ.
ഓരോ സമയത്തും വ്യത്യസ്തമായ കാഴ്ചകളാണ് മുനീശ്വരൻകുന്നിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്
മാനന്തവാടിയിൽ നിന്ന് 13 കിലോമീറ്റർ ദൂരെ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലാണ് മുനീശ്വരൻ മലയും കോവിലും സ്ഥിതി ചെയ്യുന്നത്. ബേഗൂർ ഫോറസ്റ്റ് റേഞ്ചിനു കീഴിലാണ് ഈ പ്രദേശം.
മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്കും 30 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവേശന സമയം.
ഒരു ദിവസം 250 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
നോർത്ത് വയനാട് ഡിവിഷനിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രമായി മുനീശ്വരൻകുന്ന് ഇക്കോ ടൂറിസം കേന്ദ്ര പ്രഖ്യാപനവും സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ ഉദ്ഘാടനവും തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് നിർവഹിച്ചു. നോർത്ത് വയനാട് ഡിഎഫ്ഒ സന്തോഷ് കുമാർ, ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ.
സുരേഷ് ബാബു, ഹരിത കേരളം മിഷൻ അംഗങ്ങൾ, ഹരിത കർമ സേനാംഗങ്ങൾ പഞ്ചായത്ത് ജീവനക്കാർ, തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ, മക്കിമല എവിഎസ്എസ് അംഗങ്ങൾ, പരിസരവാസികൾ, വിനോദസഞ്ചാരികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]