അമ്പലവയൽ ∙ ബ്രീട്ടിഷ് നിർമിത സൈനിക ബാരക്കുകൾക്കു സംരക്ഷണകവചമൊരുക്കി പുരാവസ്തു വകുപ്പ്. നിസാൻഹട്ടുകളെ വകുപ്പിന്റെ കീഴിൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. അമ്പലവയൽ മ്യൂസിയത്തിന് സമീപം ബ്രീട്ടിഷുകാർ നിർമിച്ച ഇവ കാലങ്ങളായി നശിക്കുകയായിരുന്നു.
ഏറെക്കാലമായി സംരക്ഷണമൊരുക്കണമെന്ന ആവശ്യത്തിനൊടുവിലാണു പുരാവസ്തു വകുപ്പിന്റെ ഇടപെടൽ. ഇതിനിടെയാണ് പുരാവസ്തു വകുപ്പ് സൈനിക ബാരക്കുകളുടെ സംരക്ഷണം ഏറ്റെടുത്ത് നിർമാണ പ്രവൃത്തി ആരംഭിച്ചത്.
ബാരക്കുകളുടെ ചുറ്റുമുള്ള മാലിന്യമെല്ലാം നീക്കി കാടുവെട്ടി സുരക്ഷ മതിലുകളുടെ നിർമാണം പൂർത്തിയാക്കി.
നല്ല ഉയരത്തിലാണ് ഇരുമ്പു നെറ്റുകൾ ഉപയോഗിച്ചുള്ള വേലിയൊരുക്കിയത്. തകർന്ന വാതിലുകളും ജനലുകളുമെല്ലാം മാറ്റി പുതിയതു സ്ഥാപിച്ചു.
അരികിലൂടെ നടക്കാവുന്ന വിധത്തിൽ നടപ്പാത നിർമിച്ചു. ദ്രവിച്ച് ചോർന്നൊലിച്ചിരുന്ന ബാരക്കിന്റെ മേൽഭാഗങ്ങളെല്ലാം ശരിയാക്കുന്നു.
ഒരെണ്ണത്തിൽ വെള്ളം വീഴാതിരിക്കാൻ താൽക്കാലികമായി ഷീറ്റിട്ടു. മേൽക്കൂരയിലെ ഷീറ്റുകളെല്ലാം അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നുണ്ട്.
അമ്പലവയൽ പ്രദേശത്ത് ബ്രീട്ടിഷുകാർ സൈനിക ആവശ്യങ്ങൾക്കും അവരുടെ വസ്തുക്കൾ സൂക്ഷിക്കുന്നതിനും ഉപയോഗിച്ചിരുന്നവയാണ് ഈ ഹട്ടുകൾ.
അക്കാലത്ത് ബ്രീട്ടിഷുകാർ ശേഖരിച്ചിരുന്ന സുഗന്ധവ്യജ്ഞനങ്ങൾ സൂക്ഷിക്കാനും ഇവ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. അമ്പലവയൽ ആശുപത്രിക്കുന്നിലും പരിസരത്തുമായി 9 ഹട്ടുകളുണ്ടായിരുന്നു.
കാലക്രമേണ അവയെല്ലാം സംരക്ഷണമില്ലാതെ നശിച്ചു.ശേഷിച്ചത് മ്യൂസിയത്തോട് ചേർന്നുള്ള രണ്ടെണ്ണം മാത്രമാണ്.
അടിയിൽ കല്ലുകളുപയോഗിച്ച്സ തറയിൽ അർധവൃത്താകൃതിയിൽ ഷീറ്റുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഏത് കാലത്തും അമിതമായ ചൂട് ഉണ്ടാവാത്ത രീതിയിലാണു നിർമാണം. അമ്പലവയലിലെ ആശുപത്രി, സ്കൂൾ, അങ്കണവാടി എന്നിവയെല്ലാമായി സൈനിക ബാരക്കുകൾ ഏറെക്കാലം പ്രവർത്തിച്ചിരുന്നു.
കുറേ വർഷങ്ങളായി ഉപയോഗിക്കാതെ വന്നതോടെ ഷീറ്റുകളെല്ലാം പഴകി നശിച്ചു. വാതിലുകളും ജനലുകളുമെല്ലാം ഇളകിപ്പോവുകയും കേടുപാടു സംഭവിക്കുകയും ചെയ്തു.
സാമൂഹികവിരുദ്ധരുടെ ശല്യവും രൂക്ഷമായി.
മദ്യക്കുപ്പികളും മാലിന്യങ്ങളുമെല്ലാം വലിച്ചെറിയുന്നതും പതിവാണ്. ഹട്ടുകളെ മ്യൂസിയത്തോട് ചേർന്ന് സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും നടപ്പായില്ല.
സാമൂഹികവിരുദ്ധർ കയറുന്നതു തടയാൻ പുരാവസ്തുവകുപ്പ് സൂചനാ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. സംരക്ഷിത സ്മാരകം കേടുവരുത്തുകയോ വിരൂപമാക്കുകയോ ചെയ്യന്നവർക്കെതിരെ പുരാവസ്തു നിയമത്തിലെ വകുപ്പ് അനുസരിച്ച് നടപടി എടുക്കുമെന്നാണു ബോർഡിലുള്ളത്.
മൂന്നുമാസത്തോളം തടവ് ശിക്ഷയോ 5000 രൂപ പിഴയോ രണ്ടും കൂടിയുള്ള ശിക്ഷയോ ലഭിക്കും. ബ്രീട്ടിഷ് നിർമാണവും അതിന്റെ സവിശേഷതകളും കാണാനും അറിയാനും വിനോദ സഞ്ചാരികൾക്ക് സംവിധാനം ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]