കൽപറ്റ ∙ വർഷങ്ങളായി ജില്ലയിലെ കോൺഗ്രസിനുള്ളിൽ പുകയുന്ന പ്രശ്നങ്ങൾക്കൊടുവിൽ വഴിമാറിക്കൊടുത്ത് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ.
എന്നാൽ, താൻ രാജിവച്ചൊഴിഞ്ഞതായി ഇന്നലെയും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്നത്തെ ഡിസിസി ജനറൽ ബോഡി യോഗത്തിൽ രാജിക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നാണു വിവരം.
ചാനലിൽ കണ്ടപ്പോഴാണു താൻ രാജിവാർത്ത അറിഞ്ഞതെന്നാണ് അപ്പച്ചൻ മാധ്യമങ്ങളോട് ആദ്യം പ്രതികരിച്ചത്. ദൃശ്യമാധ്യമങ്ങളിൽ ബ്രേക്കിങ് ന്യൂസ് വന്ന് അധികം വൈകാതെ, രാജിക്കത്ത് സ്വീകരിച്ചതായും രാജി അംഗീകരിച്ചതായും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറയുകയും ചെയ്തതോടെ എല്ലാത്തിലും വ്യക്തതയായി.
നേരത്തേ രാജിസന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും ഇന്നലെ രാവിലെ കെപിസിസി നേതൃത്വം അദ്ദേഹത്തെ വിളിച്ചു രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നു സൂചനയുണ്ട്.
ഇന്നു നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ രാജിപ്രഖ്യാപനം നടത്താൻ അനുവദിക്കണമെന്ന ആവശ്യം നേതൃത്വം അംഗീകരിച്ചുമില്ല. രാജി സ്വീകരിച്ച വിവരം തന്നെ അറിയിക്കുന്നതിനു മുൻപു തന്നെ മാധ്യമങ്ങളിൽ വാർത്തയായത് അപ്പച്ചനെ ചൊടിപ്പിച്ചതാവാം രാജിവച്ചതായി അംഗീകരിക്കാൻ അദ്ദേഹം ആദ്യം തയാറാകാതിരുന്നതിന്റെ കാരണമെന്ന് ഡിസിസി ഭാരവാഹികളിലൊരാൾ പറഞ്ഞു.
എന്നാൽ, നേതൃത്വം ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന് എൻ.ഡി. അപ്പച്ചൻ ഉറപ്പിച്ചുപറയുന്നു.
തന്റെ രാജിസന്നദ്ധത നേരത്തേ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും മറ്റു കാര്യങ്ങളിൽ അവരാണു തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവായാൽ നേതൃനിരയിലേക്കു മാന്യമായ പരിഗണന നൽകുമെന്ന ഉറപ്പ് പാലിച്ചാണ് അദ്ദേഹത്തെ കോൺഗ്രസിന്റെ ഉന്നതസമിതിയായ എഐസിസിയിൽ ഉൾപെടുത്തിയത്.
മുള്ളൻകൊല്ലിയിലെ ഗ്രൂപ്പ് പോരും ബത്തേരി ബാങ്ക് നിയമനങ്ങളുമായി ബന്ധപ്പെട്ട
സാമ്പത്തിക ആരോപണങ്ങളും തുടർന്നുണ്ടായ ആത്മഹത്യകളുമെല്ലാം കഴിഞ്ഞ കുറെനാളുകളായി വയനാട്ടിലെ കോൺഗ്രസിനു തുടർച്ചയായ വെല്ലുവിളികളാണുയർത്തിയത്. ഗ്രൂപ്പ്പോര് അവസാനിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ പുൽപള്ളിയിൽ കൂടിയ യോഗം തമ്മിലടിയിലാണു കലാശിച്ചത്.
ഈ യോഗത്തിൽ എൻ.ഡി. അപ്പച്ചനു നേരെപ്പോലും കയ്യേറ്റശ്രമമുണ്ടായി.
തുടർന്ന് ഒരുവിഭാഗം കോൺഗ്രസ് നേതാക്കളെ ക്രിമിനലുകൾ എന്നു വിശേഷിപ്പിച്ച് വയനാട്ടിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കൽപറ്റയിൽനിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുൽപള്ളിയിലെത്തി എതിർഗ്രൂപ്പുകാരെ മർദിച്ചു.
മുള്ളൻകൊല്ലി രണ്ടാം വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്റെ വീട്ടിൽ കർണാടകമദ്യവും സ്ഫോടകവസ്തുക്കളും കൊണ്ടുവച്ച് അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതും ഗ്രൂപ്പ്പോരിനെത്തുടർന്നായിരുന്നു.
ഇതിനുപിന്നാലെയുണ്ടായ സമൂഹമാധ്യമ പ്രചാരണങ്ങളിൽ മനംനൊന്ത് മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് നെല്ലേടം ആത്മഹത്യ ചെയ്യുകയും ചെയ്തതോടെ നേതൃത്വത്തിന് ഇടപെടാതെ വയ്യെന്നായി. ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയും എൻ.എം.
വിജയന്റെ മരുമകൾ പത്മജയുടെ ആത്മഹത്യാശ്രമവും പ്രിയങ്ക ഗാന്ധി മണ്ഡല പര്യടനത്തിനായി വയനാട്ടിലുള്ള ദിവസമായിരുന്നുവെന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിച്ചു.
എൻ.എം. വിജയന്റെ കുടുംബവുമായി ഉണ്ടാക്കിയ ധാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതിരുന്നതാണു പരസ്യമായ വിഴുപ്പലക്കലുകളിലേക്കു കൊണ്ടെത്തിച്ചത്.
മുള്ളൻകൊല്ലി, പുൽപള്ളി മേഖലകളിലെ വിഭാഗീയത അവസാനിപ്പിക്കാനായില്ലെന്നു മാത്രമല്ല, പുനഃസംഘടനയിലൂടെ പ്രശ്നം കൂടുതൽ വഷളാക്കിയെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ടായി. ഒടുവിൽ കെപിസിസി തന്നെ നേരിട്ട് ഇടപെട്ട് സജീവ് ജോസഫ് എംഎൽഎ, ജമീല ആലിപ്പറ്റ എന്നിവരുടെ സമിതിയെ നിയോഗിച്ചാണു മുള്ളൻകൊല്ലിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്.
എൻ.എം. വിജയന്റെ കുടുംബത്തിന്റെ ബാധ്യത കെപിസിസി അക്കൗണ്ടിൽനിന്നു പണമടച്ചു വീട്ടുകയും ചെയ്തു.
വയനാട്ടിലെ ഓരോ പാർട്ടി പ്രശ്നങ്ങൾക്കും പുറത്തേക്കെങ്കിലും പരിഹാരമായതിന്റെ ഒടുവിലാണ് എൻ.ഡി. അപ്പച്ചന്റെ രാജിയെന്നതു വൈരുധ്യമായി.
എല്ലാവർക്കു സ്വീകാര്യനായി തുടക്കം പടിയിറങ്ങുന്നത് ചാരിതാർഥ്യത്തോടെ
കൽപറ്റ ∙ അനാരോഗ്യം വകവയ്ക്കാതെയും ജില്ലയിൽ എല്ലായിടത്തും ഓടിയെത്തി പാർട്ടിപ്രവർത്തനം നടത്തിയ ആളാണ് എൻ.ഡി.
അപ്പച്ചൻ. വയനാട്ടിൽ ഏതു ബൂത്തിലും പ്രധാന പ്രവർത്തകരെയെല്ലാം പേരെടുത്തു വിളിക്കാനുള്ള പരിചയം എൻ.ഡി.
അപ്പച്ചനുണ്ടായിരുന്നു. പ്രാദേശിക–സാമൂഹിക–ഗ്രൂപ്പ് വ്യത്യാസങ്ങൾക്കുപരിയായി എല്ലാവർക്കും സ്വീകാര്യനായ നേതാവ് എന്ന പ്രതിച്ഛായയിലാണ് അദ്ദേഹം ഡിസിസി നേതൃത്വം ഏറ്റെടുക്കുന്നത്.
അപ്പച്ചൻ ചേട്ടൻ ഒരു വാക്ക് പറഞ്ഞാൽ എല്ലാവരും അംഗീകരിക്കുന്ന കാലം വയനാട്ടിലെ കോൺഗ്രസിനുണ്ടായിരുന്നു. വയനാട്ടിൽ ജില്ലാ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ ആദ്യം പ്രസിഡന്റായ ആളാണ് അപ്പച്ചൻ.
സംഘടനാ തിരഞ്ഞെടുപ്പിലൂടെ സ്ഥാനത്തെത്തിയ ആദ്യ ഡിസിസി പ്രസിഡന്റ് എന്ന ഖ്യാതിയും അദ്ദേഹത്തിനു സ്വന്തം. 1991ൽ ഡിസിസി പ്രസിഡന്റായ അപ്പച്ചൻ തുടർച്ചയായി 10 വർഷക്കാലം ജില്ലയിലെ കോൺഗ്രസിനെ നയിച്ചു.
ഏറ്റവും കൂടുതൽ വർഷം ഡിസിസി പ്രസിഡന്റ് സ്ഥാനം വഹിച്ചയാളും അപ്പച്ചനാണ്. മുട്ടിൽ പഞ്ചായത്ത് അംഗം, പ്രസിഡന്റ്, ഡിസിസി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചതിനു ശേഷം 1991ൽ സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ് എൻ.ഡി.അപ്പച്ചൻ ഡിസിസി പ്രസിഡന്റ് ആകുന്നത്.
1995ൽ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രഥമ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആയി.
എന്നും ലീഡർക്കൊപ്പം; ഡിഐസിയിൽനിന്ന് കോൺഗ്രസിലേക്ക്
2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരിയിൽ നിന്നു മത്സരിച്ച് വിജയിച്ച ശേഷമാണു ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. പിന്നീട് കോൺഗ്രസ് പിളർന്ന് ഡിഐസി രൂപീകരിച്ചപ്പോൾ കൂടെ പോയ എംഎൽഎമാരിൽ എൻ.ഡി.
അപ്പച്ചനും ഉണ്ടായിരുന്നു. 5 വർഷം തികയുന്നതിനു മുൻപ് എംഎൽഎ സ്ഥാനവും രാജിവച്ചു.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരിയിൽ യുഡിഎഫിനൊപ്പം ഡിഐസി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കെ.
കരുണാകരനൊപ്പം കോൺഗ്രസിൽ തിരിച്ചെത്തിയ ശേഷം ഉമ്മൻചാണ്ടി ഭരണകാലത്തു ഹാഡ വൈസ് ചെയർമാൻ ആയിരുന്നു. തുടർന്നു യുഡിഎഫ് ജില്ലാ കൺവീനറായും കുറച്ചു കാലം പ്രവർത്തിച്ചു.
2023ൽ വീണ്ടും ഡിസിസി പ്രസിഡന്റ് ആയി നിയമിതനായി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയും മത്സരിച്ചപ്പോൾ ജില്ലയിലെ കോൺഗ്രസിനെ നയിച്ചതും അപ്പച്ചനായിരുന്നു.
ഊർജമായതു തുടർച്ചയായ തിരഞ്ഞെടുപ്പുവിജയങ്ങൾ
ഓരോ നേതാക്കളും സ്വന്തം തട്ടകം വ്യാപിപ്പിക്കാനുള്ള ശ്രമം കൂടുതൽ ഊർജിതമാക്കിയതോടെയാണ് ഡിസിസിയുടെ പിടി അയഞ്ഞത്.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഡിസിസി പ്രസിഡന്റിനെ അസഭ്യം പറയുന്ന ഫോൺ സംഭാഷണം പുറത്തുവന്നതു പാർട്ടിക്കാകെ നാണക്കേടായി.
ബത്തേരി, പുൽപള്ളി ബാങ്കുകളുമായി ബന്ധപ്പെട്ടു നടന്ന വായ്പാത്തട്ടിപ്പും പ്രധാന നേതാക്കൾ എല്ലാവരും കോക്കസ് ആയി പ്രവർത്തിച്ചു പണം തട്ടിയ നിയമനക്കോഴ ആരോപണവുമെല്ലാം വയനാട്ടിലെ കോൺഗ്രസ് നേതൃത്വം ചെന്നുപതിച്ച പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി. അപ്പോഴും ജില്ലയിലെ തിരഞ്ഞെടുപ്പ് വിജയം കോൺഗ്രസിനൊപ്പം നിന്നു.
നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വൻ ട്രാക്ക് റെക്കോർഡ് കരസ്ഥമാക്കാനായി.
എന്നാൽ, ഇതു പലപ്പോഴും ജില്ലയിലെ കോൺഗ്രസിന്റെ സംഘടനാ–നേതൃപാടവം കൊണ്ടല്ലെന്നും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സ്ഥാനാർഥിത്വം കൊണ്ടാണെന്നും വിമർശനമുയർന്നെങ്കിലും തുടർച്ചയായ സമരങ്ങളും മികച്ച പങ്കാളിത്തവും വഴി ഇത്തരം വിമർശനങ്ങളെ മറികടക്കാനായി. എക്കാലത്തും കോൺഗ്രസിന്റെ കൈപ്പിടിയിലായിരുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ വിജയം നേടിയപ്പോഴും ജില്ലാ പഞ്ചായത്തിൽ പകുതി സീറ്റ് എൽഡിഎഫ് കൊണ്ടുപോയതു തിരിച്ചടിയായിരുന്നു. പ്രശ്നങ്ങൾ പലതരത്തിൽ തലപൊക്കിയപ്പോഴും ബത്തേരി, പുൽപള്ളി, മുള്ളൻകൊല്ലി ഗ്രൂപ്പ് വിവാദങ്ങൾക്കു സംഘടനാതലത്തിൽ പരിഹാരം കണ്ടശേഷമാണു പടിയിറക്കമെന്നതിൽ അപ്പച്ചന് അഭിമാനിക്കാം.
പ്രിയങ്ക പറഞ്ഞു റിമൂവ് ഹിം ഇമ്മീഡിയറ്റ്ലി
പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തെക്കുറിച്ചു ഇംഗ്ലിഷ് പത്രത്തിൽ നടത്തിയ പരസ്യപ്രതികരണമാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് എത്രയും പെട്ടെന്നുള്ള രാജി എന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡിനെ എത്തിച്ചതെന്നാണു വിവരം. പുനഃസംഘടന നീണ്ടുപോകുകയാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എൻ.ഡി.
അപ്പച്ചൻ തുടരട്ടെ എന്ന വികാരത്തിനായിരുന്നു ആദ്യം മേൽക്കൈ. എന്നാൽ, പ്രിയങ്ക ഗാന്ധിയുടെ പരിപാടികൾ പാർട്ടി നേതൃത്വത്തെ അറിയിക്കുന്നില്ല, എല്ലാം പ്രിയങ്കയുടെ ഓഫിസ് ആണു കൈകാര്യം ചെയ്യുന്നത്, അവർക്ക് പ്രാദേശിക രാഷ്ട്രീയവിഷയങ്ങളിൽ ഇടപെടാൻ താൽപര്യമില്ല എന്നതുപോലുള്ള പരാമർശങ്ങൾ വാർത്തയായത് പ്രതികൂലമായി. ഹൈക്കമാൻഡും ഇടഞ്ഞതോടെ എത്രയും പെട്ടെന്ന് രാജി ആവശ്യപ്പെടാൻ കെപിസിസി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
വാർത്ത ശ്രദ്ധയിൽപെട്ട പ്രിയങ്ക ഗാന്ധി, റിമൂവ് ഹിം ഇമ്മീഡിയറ്റ്ലി എന്നു പറഞ്ഞുവെന്നാണറിയുന്നത്.
അപ്പച്ചന്റെ രാജിയിൽ ആഹ്ലാദ പ്രകടനം
വെള്ളമുണ്ട∙ ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ രാജി വച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകൻ എട്ടേനാൽ ടൗണിൽ മധുരം വിതരണം ചെയ്യുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹിയും മുൻ മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റും ആയിരുന്ന നാസർ വാഴയിൽ ആണ് ആഹ്ലാദ പ്രകടനം നടത്തിയത്. കോൺഗ്രസ് ജില്ലാ കമ്മിറ്റി പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങൾക്കു മുൻപ് ഇദ്ദേഹം ഒറ്റയാൾ പ്രകടനം നടത്തിയിരുന്നു. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെ ആത്മഹത്യയും ഒട്ടു മിക്ക മണ്ഡലങ്ങളിലും പ്രവർത്തകർ പാർട്ടിയിൽ നിന്ന് അകലാനും കാരണം ഇപ്പോഴുള്ള നേതൃത്വമാണെന്നും ജില്ലയിൽ കോൺഗ്രസിന് പുതിയ നേതൃത്വം വരുന്നത് പാർട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നും നാസർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]