കൽപറ്റ ∙ ഒട്ടേറെ ചോദ്യങ്ങൾ ബാക്കിവച്ച് എൻ.ഡി. അപ്പച്ചൻ സ്ഥാനമൊഴിഞ്ഞ ദിവസത്തിന്റെ ക്ലൈമാക്സിൽ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു വയനാട്ടുകാരുടെ സ്വന്തം ഐസക് വക്കീലിന്റെ എൻട്രി.
അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തിയാണ് ഇന്നലെ രാത്രി എട്ടരയോടെ അപ്പച്ചനെ എഐസിസി അംഗമാക്കിയതായും കൽപറ്റ നഗരസഭാധ്യക്ഷൻ ടി.ജെ. ഐസക്കിനെ ഡിസിസി പ്രസിഡന്റാക്കിയും എഐസിസി ജനറൽ സെക്രട്ടറി കെ.സി.
വേണുഗോപാലിന്റെ പത്രക്കുറിപ്പിറങ്ങിയത്. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു താൽക്കാലികമായി ഐസക്കിനെ ചുമതലപ്പെടുത്തിയെന്നായിരുന്നു ആദ്യം പരന്ന വാർത്ത.
ഇതു സ്ഥിരീകരിക്കാനോ നിഷേധിക്കാനോ നേതൃത്വം തയാറായതുമില്ല.
ഡിസിസി നേതൃയോഗം നടക്കാനിരിക്കെ പ്രഖ്യാപനം ഇന്നു വരുമെന്ന പ്രതീക്ഷയാണു വയനാട്ടിലെ നേതാക്കൾ പങ്കുവച്ചത്. എന്നാൽ, അപ്പച്ചനെ വിഷമിപ്പിക്കാത്ത തരത്തിൽ എത്രയും വേഗം തീരുമാനം വേണം എന്ന സന്ദേശം കെപിസിസി നേതൃത്വം ഹൈക്കമാൻഡിനെ അറിയിച്ചു.
തുടർന്നാണ് അപ്പച്ചനെ കേരളത്തിൽനിന്നുള്ള കോ ഓപ്റ്റഡ് അംഗമായി എഐസിസിയിൽ ഉൾപെടുത്തിയതായും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെപിസിസി സെക്രട്ടറി ടി.ജെ.
ഐസക്കിനെ നിയമിച്ചതായുമുള്ള ഹൈക്കമാൻഡ് തീരുമാനത്തിന്റെ പത്രക്കുറിപ്പ് ഡൽഹിയിൽനിന്ന് ഇറങ്ങിയത്. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.
വിനയൻ, എഐസിസി അംഗം പി.കെ. ജയലക്ഷ്മി തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നെങ്കിലും സീനിയോറിറ്റിയും പാർട്ടി പ്രവർത്തന പാരമ്പര്യവും പാർലമെന്ററി രംഗത്തെ അനുഭവപരിചയവുമെല്ലാം കണക്കിലെടുത്ത് ഐസക്കിനു നറുക്കുവീഴുകയായിരുന്നു.
കൽപറ്റ സ്വദേശിയായ ഐസക് കഴിഞ്ഞ 13 വർഷമായി തുടർച്ചയായി കൽപറ്റ നഗരസഭയിലെ സ്ഥിരസമിതി അധ്യക്ഷനാണ്.
ബത്തേരി സെന്റ് മേരീസ് കോളജിലെ കെഎസ്യു യൂണിറ്റ് സെക്രട്ടറിയായാണ് പൊതുപ്രവർത്തനത്തിന്റെ തുടക്കം. ഐ ഗ്രൂപ്പിൽ സജീവമായിരുന്നുവെങ്കിലും പിന്നീട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഏവർക്കും സ്വീകാര്യനായി. 1989ൽ തിരഞ്ഞെടുപ്പിലൂടെ കെഎസ്യു ജില്ലാ പ്രസിഡന്റായി.
വയനാട്ടിലെ കോളജുകളിലും സ്കൂളുകളിലും കെഎസ്യു വിജയക്കൊടി പാറിച്ച കാലമായിരുന്നു അത്. ക്യാംപസ് സംഘടനാപ്രവർത്തനത്തിലെ പ്രാവീണ്യം കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും എത്തിച്ചു.
അക്കാലത്ത് കെ.സി. വേണുഗോപാലാണ് കെഎസ്യു പ്രസിഡന്റ്.
1990ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും ഒരു വോട്ടിനാണു പരാജയപ്പെട്ടത്. പിന്നീട് യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്, ഡിസിസി സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്കു പടിപടിയായി ഉയർന്നു.
ബത്തേരി സെന്റ് മേരീസ് കോളജിൽനിന്ന് ബിഎ ഇക്കണോമിക്സ്, എംഎ പൊളിറ്റിക്കൽ സയൻസ് ബിരുദങ്ങൾ നേടിയശേഷം കോഴിക്കോട് ഗവ. ലോ കോളജിൽനിന്ന് എൽഎൽബിയും നേടി.
വിഭാഗീയതയും ഗ്രൂപ്പ് പ്രവർത്തനവും രൂക്ഷമായ കാലത്തുപോലും ആത്യന്തികമായി കോൺഗ്രസുകാരൻ.
കെ. കരുണാകരന്റെയും കെ.
മുരളീധരന്റെയും ഇഷ്ടക്കാരനായിരുന്നിട്ടും ഡിഐസി രൂപീകരിച്ചപ്പോൾ ഐസക് കോൺഗ്രസ് വിട്ടുപോയില്ല. സാധാരണ കോൺഗ്രസുകാരിൽനിന്നു വ്യത്യസ്തമായ പ്രവർത്തനശൈലിക്കുടമയാണെന്ന് അടുപ്പക്കാർ പറയും.
എല്ലാ വിഭാഗക്കാർക്കും സ്വീകാര്യമായ ഈ രാഷ്ട്രീയപ്രവർത്തനശൈലി തന്നെയാണ് 61 ാം വയസ്സിൽ ഏറെ വൈകിയാണെങ്കിലും അർഹിക്കുന്ന സ്ഥാനം തേടിവന്നതിന്റെ കാരണമെന്നും അവർ പറയുന്നു.2010 മുതൽ 2021 വരെ തുടർച്ചയായി കൽപറ്റ നഗരസഭാ കൗൺസിലിലേക്കു വിജയം നേടി. അന്നു മുതൽ 13 കൊല്ലക്കാലം സ്ഥിരംസമിതിയധ്യക്ഷനായി റെക്കോർഡിട്ടു.
രണ്ടുവർഷമായി കൽപറ്റ നഗരസഭാധ്യക്ഷൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]