
മേപ്പാടി ∙ കള്ളാടി– ആനക്കാംപൊയിൽ തുരങ്കപ്പാത നിർമാണത്തിനുള്ള പ്രാരംഭ പ്രവൃത്തികൾ തുടങ്ങി. മേപ്പാടി–ചൂരൽമല റോഡിൽ നിന്നുള്ള നിർമാണമാണ് തുടങ്ങിയത്.
പ്രധാന റോഡിന്റെ 300 മീറ്റർ അകലെ നിന്നാണ് തുരങ്ക നിർമാണം ആരംഭിക്കുക. ഇവിടേക്ക് നിർമാണ സമഗ്രികൾ എത്തിക്കുന്നതിനുള്ള പാതയുടെ പ്രവൃത്തിയാണ് കഴിഞ്ഞദിവസം ആരംഭിച്ചത്.മണ്ണുമാന്തി യന്ത്രംകൊണ്ടുള്ള പണികൾ പുരോഗമിക്കുകയാണ്.
പാതയുടെ പ്രധാന പ്രവൃത്തി കള്ളാടിയിൽ നിന്നാണ് ആരംഭിക്കുക.
ആധുനിക യന്ത്രസഹായത്തോടെയാവും നിർമാണം. തൊഴിലാളികൾക്ക് താമസിക്കുന്നതിനുള്ള സൗകര്യം നിർമാണ കമ്പനി കള്ളാടിയിൽ ഒരുക്കിയിട്ടുണ്ട്.
ഓഫിസ് ഒരുക്കുന്നതിനുള്ള കണ്ടെയ്നറും എത്തിച്ചു. പ്രവൃത്തിയുടെ ഒൗദ്യോഗിക ഉദ്ഘാടനം 31നു വൈകിട്ടു 3ന് ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.കൊങ്കൺ റെയിൽവേ കോർപറേഷന്റെ മേൽനോട്ടത്തിൽ ഭോപ്പാൽ ആസ്ഥാനമായ ദിലിപ് ബിൽഡ്കോൺ കമ്പനിയാണ് പ്രവൃത്തി നടത്തുക.
ഒന്നാം പിണറായി സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുരങ്കപ്പാത പദ്ധതിക്കു തുടക്കമിട്ടത്.
ഒട്ടേറെ കടമ്പകൾ കടന്നാണ് അനുമതി നേടിയത്. തുരങ്കപ്പാത യാർഥ്യമാകുന്നതോടെ ആനക്കാംപൊയിലിൽ നിന്നു 22 കിലോമീറ്റർ കൊണ്ട് മേപ്പാടിയിലെത്താം. ചുരം യാത്രാദുരിതത്തിനും ഇതോടെ അറുതിയാകുമെന്നാണ് പ്രതീക്ഷ.
ടൂറിസം, കാർഷിക മേഖലകളിൽ മുന്നേറ്റമുണ്ടാകും.
തുരങ്കപ്പാതയുടെ പ്രവൃത്തി ഉദ്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.ആനക്കാംപൊയിലിൽ 31ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മേപ്പാടിയിൽ നിന്നു 500 പേർ പങ്കെടുക്കും. ഇതിനായി മേപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു. പ്രസിഡന്റ് കെ.
ബാബു ചെയർമാനും സെക്രട്ടറി എം. ഷാജു കൺവീനറുമായാണ് സമിതി.
രൂപീകരണ യോഗം ടി.സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, രാധാ രാമസ്വാമി, രാജു ഹെജമാടി, ബി.നാസർ, രാധാമണി, രാഘവൻ, എൻ.കെ.സുകുമാരൻ, കെ.നസീമ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]