വാഴവറ്റ ∙ കരിങ്കണ്ണിക്കുന്നിലെ സഹോദരങ്ങളുടെ വൈദ്യുതാഘാതമേറ്റുള്ള അപ്രതീക്ഷിത മരണത്തിൽ സങ്കടക്കടലായി നാട്. പൂവ്വംനിൽക്കുന്നതിൽ അനൂപിന്റെയും ഷിനുവിന്റെയും മരണവാർത്ത നാടിനെ ഞെട്ടിച്ചു.
രാവിലെ സംഭവം പുറത്ത് വന്നതിന് പിന്നാലെ ഇവരുടെ വീട്ടിലേക്ക് നാട്ടുകാരെല്ലാം ഒഴുകിയെത്തി. വൈകിട്ടോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴേക്കും തേങ്ങലടികൾ പൊട്ടിക്കരച്ചിലിനു വഴിമാറി.ഏറെക്കാലമായി വിവിധ കൃഷികൾ ചെയ്തിട്ടും കാര്യമായ സാമ്പത്തിക നേട്ടമില്ലാതായതോടെയാണ് അനൂപും ഷിനുവും കോഴിവളർത്തൽ ആരംഭിച്ചത്.
കുറച്ചുദിവസം മുൻപാണ് ഷെഡ് വാടകയ്ക്ക് എടുത്ത് അതിൽ കോഴികളെ ഇറക്കിയത്.
തീറ്റയും വെള്ളംകൊടുക്കാനും മറ്റു പണികൾക്കുമായി രാവിലെ തന്നെ ഇരുവരും ഫാമിലെത്തുമായിരുന്നു. പതിവുപോലെ ഇന്നലെ രാവിലെ കോഴികൾക്കു വെള്ളവും തീറ്റയും കൊടുക്കാൻ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് നിഗമനം. വൈദ്യുത വേലിയിലേക്കുള്ള കണക്ഷൻ വേർപ്പെടുത്താൻ വിട്ടുപോയെന്ന സംശയമാണുയരുന്നത്.
പ്രദേശത്തു തെരുവുനായ്ക്കളുടെയും കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളുടെയും ശല്യം രൂക്ഷമാണ്.ജില്ലയിൽ പലയിടത്തും കോഴിഫാമിൽ കടുവ ഉൾപ്പെടെയുള്ള വന്യജീവികൾ സ്ഥിരമായെത്തുന്നുണ്ട്.
വൈദ്യുത ലൈനിൽ പ്രവഹിച്ചത് 230 വാട്ട്
അപകടമുണ്ടായ കോഴിഫാമിന് ചുറ്റിലുമായി സ്ഥാപിച്ച വൈദ്യുതവേലിയിൽ പ്രവഹിച്ചിരുന്നത് വലിയ അപകടമുണ്ടാക്കാവുന്ന തോതിലുള്ള വൈദ്യുതിയെന്ന് കെഎസ്ഇബി. 230 വാട്ട് വൈദ്യുതിയാണു ചെമ്പുകമ്പിയിലൂടെ പ്രവഹിച്ചത്. സാധാരണ ഫാമുകളുടെയും കൃഷിയിടങ്ങളുടെയും ചുറ്റുമെല്ലാം മറ്റുള്ള മൃഗങ്ങളുടെ ആക്രമത്തിൽ നിന്ന് സുരക്ഷ ഒരുക്കാൻ വൈദ്യുത വേലി സ്ഥാപിക്കാറുണ്ട്. ഇത്തരത്തിലുള്ള വൈദ്യുതി വേലികളിൽ പരമാവധി കടത്തി വിടുന്നത് 12 വാട്ടാണ്.
ഇത്രയും വൈദ്യുതി കടത്തി വിട്ടാൽ ഷോക്കേൽക്കുമെങ്കിലും അപകടകാരണമാകാറില്ല.
പരമാവധി 50 വാട്ട് വരെ ചിലയിടങ്ങളിൽ ഇതുപോലെ കടത്തി വിടാറുണ്ടെങ്കിലും അതൊന്നും മരണത്തിന് കാരണമാകില്ല. എന്നാൽ ഇവിടെ വലിയ തോതിൽ വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിനും ജീവൻ നഷ്ടപ്പെടാനും ഇടയാക്കിയതെന്ന് അധികൃതർ പറയുന്നു.അനൂപും ഷിനുവും വാടകയ്ക്ക് എടുക്കുമ്പോൾത്തന്നെ ഫാമിൽ വൈദ്യുതവേലി ഉണ്ടായിരുന്നു. സ്ഥാപിച്ചിരുന്ന കമ്പിക്ക് ഏറെ പഴക്കമുണ്ടെന്നും പല ഭാഗങ്ങളിലും തുരുമ്പെടുത്തിട്ടുണ്ടെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഫാമിനായി ഷെഡ് ഒരുക്കിയപ്പോഴോ അതിന് ശേഷമോ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടാമെന്നാണു നിഗമനം.
ഇതിൽ കൂടുതൽ അന്വേഷണമുണ്ടാകും. സംഭവസ്ഥലത്ത് കെഎസ്ഇബി അധികൃതർ പരിശോധന നടത്തിയിരുന്നു.
ഉപജീവനമാർഗം ജീവനെടുത്തു
വർഷങ്ങളായി കൃഷിമേഖലയിൽ ഏറെ അധ്വാനിച്ചവരാണ് ഷിനുവു അനൂപും.
ഒട്ടേറെ കൃഷി മാറിമാറി ചെയ്തെങ്കിലും വിളനാശവും വിലക്കുറവും വന്യജീവി ശല്യവുമെല്ലാമായി വൻ നഷ്ടത്തിലായി. ഇ ഞ്ചിയിലും വാഴയിലും പരീക്ഷണം നടത്തിയെങ്കിലും അഭിവൃദ്ധിയുണ്ടായില്ല. തുടർന്നാണ് അവസാനപിടിവള്ളിയെന്ന നിലയിൽ കോഴിഫാം നടത്തിപ്പിലേക്കു തിരിഞ്ഞത്.
പുതിയ ഫാം തുടങ്ങാനുള്ള സാമ്പത്തികമില്ലാതിരുന്നതിനാൽ വാടകയ്ക്കെടുത്തു നടത്തുകയായിരുന്നു.
രണ്ടാഴ്ച മുൻപു മാത്രമാണ് ഇതിനുള്ള പ്രവർത്തനം തുടങ്ങിയത്. ഒരാഴ്ച മുൻപ് കോഴികളെ ഇറക്കുകയും ചെയ്തു.
മൂവായിരത്തിലേറെ കോഴികളെ വളർത്താൻ ശേഷിയുള്ളതാണ് ഫാം. വയോധികരായ മാതാപിതാക്കളുടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു അനൂപും ഷിനുവും. അനൂപ് വിവാഹിതനാണ്.
ഇരുവരുടെയും ദാരുണാന്ത്യത്തോടെ സാധാരണക്കാരായ കർഷക കുടുംബം തീർത്തും അനാഥമായി.
ആദ്യം കണ്ടത് മോഹൻദാസ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അനൂപും ഷിനുവും ഷോക്കേറ്റു കിടന്ന സ്ഥലത്ത് ആദ്യമെത്തിയത് അയൽവാസി അവിനാട്ട് മോഹൻദാസ് ആണ്. അദ്ദേഹം ഷോക്കേൽക്കാതെ തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു.
ഇരുവരെയും ഫോണിൽ വിളിച്ചിട്ടും എടുക്കാതെ വന്നതോടെയാണ് മോഹൻദാസ് അന്വേഷിച്ചെത്തിയത്. ഫാമിന്റെ സമീപത്തെത്തി പരിശോധന നടത്തിയപ്പോൾ ഇരുവരും കിടക്കുന്നതാണ് കണ്ടത്.
ഷോക്കേറ്റതാണെന്ന് അറിയാതെ അനൂപിനെയും ഷിനുവിനെയും വിളിച്ചെങ്കിലും ഒരു അനക്കവുമുണ്ടായിരുന്നില്ല.
തൊട്ടടുത്തെത്തി പരിശോധിച്ചെങ്കിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടുകിടന്നതിനാൽ രക്ഷയായി. മോഹൻദാസ് എത്തുന്നതിന് കുറച്ച് സമയം മുൻപ് മറ്റൊരിടത്ത് വൈദ്യുതി ലൈനിൽ മരംവീണ്, അപകടം നടന്ന ഫാം അടക്കമുള്ള പ്രദേശത്തു വൈദ്യുതി നിലച്ചിരുന്നു.
ഇതിനാലാണ് മോഹൻദാസ് ഷോക്കേൽക്കാതെ രക്ഷപ്പെട്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]