
കൃഷി വിജ്ഞാന കേന്ദ്രത്തിൽ ക്രമക്കേട്: ആരോപണ വിധേയരെ സംരക്ഷിക്കാൻ വ്യാപക ചോദ്യം ചെയ്യൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമ്പലവയൽ ∙ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ക്രമക്കേട് നടത്തിയവർക്കെതിരെ നടപടികൾ ഇഴയുന്നു. ശിക്ഷാനടപടി പരമാവധി നീട്ടിക്കൊണ്ടുപോകാനായി ക്രമക്കേടിൽ ബന്ധമില്ലാത്തവരെയും ഒാഡിറ്റ് റിപ്പോർട്ടിൽ പേരില്ലാത്തവരെയുമുൾപെടെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനായി കേന്ദ്രത്തിലെ എല്ലാവരോടും അന്വേഷണ ഹാജരാകാൻ സർവകലാശാല നോട്ടിസ് നൽകി. 28, 29, 30 തിയതികളിലാണ് കേന്ദ്രത്തിലെ എല്ലാവരും അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകേണ്ടത്.
കഴിഞ്ഞ 2 വർഷത്തെ ഒാഡിറ്റ് റിപ്പോർട്ടുകളിൽ 1.20 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഒാഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്തിയവരിൽ പ്രധാനികളായ മുൻ മേധാവി എൻ.ഇ. സഫിയ, സയന്റിഫിക്് ഒാഫിസർ രാജാമണി എന്നിവർക്കെതിരെ ഇതുവരെ ഒരു നടപടിയും സർകലാശാല സ്വീകരിച്ചിട്ടില്ല. ഇവർക്ക് നോട്ടിസ് നൽകി വിശദീകരണം ചോദിച്ചിട്ട് മാസങ്ങളായെങ്കിലും ക്രമക്കേടിൽ കൃത്യമായ രേഖകളോ മറുപടിയോ നൽകിയതുമില്ല. തുടർ നടപടികൾ എടുക്കാതെ സർവകലാശാല ഇവരെ സംരക്ഷിക്കുകയാണെന്ന ആക്ഷേപം നിലനിൽക്കുകയാണ്.
ഇതിനിടെയാണ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകളിലുള്ളവർക്കു വരെ അന്വേഷണ സംഘത്തിന് മുൻപിലെത്താൻ നോട്ടിസ് നൽകിയത്.2 വർഷത്തെ ഒാഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയ ക്രമക്കേടുകളിലെ പ്രധാന പേരുകളിലൊരാളായ സയന്റിഫിക് ഒാഫിസർ രാജാമണി ഇൗ മാസം 31 ന് വിരമിക്കാനിരിക്കുകയാണ്. രാജാമണിയെ വിരമിക്കുന്നത് വരെ നടപടികളിൽ നിന്നു സംരക്ഷിക്കാനാണ് സർവകലാശാല അന്വേഷണം വീണ്ടും ആരംഭിച്ചതെന്നും അന്വേഷണത്തിന്റെ ഭാഗമായി എല്ലാവരോടും ഹാജരാകാൻ ആവശ്യപ്പെട്ടതുമെന്നാണ് ആരോപണം.
ഇൗ ചോദ്യം ചെയ്യൽ പൂർത്തിയാക്കി റിപ്പോർട്ടുകൾ വരുമ്പോഴേക്കും ‘വിരമിക്കൽ’ കഴിയുമെന്നതിനാൽ പിന്നീട് സർവകാശാലയ്ക്ക് രാജാമണിക്കെതിരെ നടപടികളെടുക്കേണ്ട സാഹചര്യമുണ്ടാകില്ല. ഇതിനായുള്ള ശ്രമത്തിന്റെ ഭാഗമാണ് ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് ആക്ഷേപം. മുൻപ് കേന്ദ്രത്തിലെ മുഴുവൻ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും മാറ്റാനുള്ള പകവീട്ടൽ നടപടിക്കും സർവകലാശാല ശ്രമം നടത്തിയിരുന്നു. ക്രമക്കേടുകൾ തകൃതിയായി നടന്നാലും നടപടികളില്ലാത്തതിനാൽ ജില്ലയിലെ കൃഷിമേഖലയിലും കർഷകർക്കും ഉപയോഗപ്പെടേണ്ട വൻ തുകയാണു ക്രമക്കേടിലൂടെ നഷ്ടപ്പെടുന്നത്. നടപടികൾ സ്വീകരിക്കേണ്ട കാർഷിക സർവകലാശാല തന്നെ കുറ്റക്കാരെ സംരക്ഷിക്കുമെന്നതിനാൽ ക്രമക്കേടുകൾ കാലങ്ങളായി തുടരുകയാണെന്നാണ് ആക്ഷേപം.