കൽപറ്റ ∙ ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള കൽപറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച 178 വീടുകൾ ഇത്തരത്തിൽ ഉടൻ കൈമാറുമെന്ന് മന്ത്രി ഒ.ആർ.കേളു അറിയിച്ചു.
ആദ്യഘട്ടത്തിലെ വീടുകൾ ഫെബ്രുവരിയിൽ തന്നെ കൈമാറുമെന്നാണ് സൂചന. മൊത്തം 410 വീടുകളാണ് ഇവിടെ നിർമിക്കുന്നത്.
ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കുന്ന രീതിയാകും നടപ്പാക്കുകയെന്ന് മന്ത്രി കേളു പറഞ്ഞു.
ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കാണ് ആദ്യ പരിഗണന. കൽപറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നറുക്കെടുപ്പ് വിശദാംശങ്ങൾ ചർച്ച ചെയ്തു.
ഉദ്ഘാടനദിനത്തിൽ തന്നെ താമസിക്കാനാകും വിധത്തിൽ വീടു കൈമാറുമ്പോൾ തന്നെ വൈദ്യുതി, കുടിവെള്ളം, സാനിറ്റേഷൻ, വീട്ടു നമ്പർ, വീടിന്റെ രേഖകൾ തുടങ്ങിയവ താമസക്കാർക്കു നൽകും. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ ടൗൺഷിപ്പ് ഉദ്ഘാടന തീയതി അടക്കം തീരുമാനിക്കും എന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി ഒ.ആർ.കേളുവും ടി.സിദ്ദിഖ് എംഎൽഎയും ഉൾപ്പെടുന്ന സംഘം ടൗൺഷിപ്പ് സന്ദർശിച്ചു.
വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്ക് നൽകിവരുന്ന ധനസഹായം തുടരാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സ്വന്തം വീടുകളിലേക്ക് മടങ്ങുംവരെ വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇരയായവർക്ക് ജീവനോപാധി നൽകിവരുന്നത് നീട്ടാനാണ് സർക്കാർ ഉത്തരവായത്.
കുടുംബത്തിലെ രണ്ട് പേർക്ക് ദിവസവും 300 രൂപവീതം മാസം 9000 രൂപയാണ് നൽകുന്നത്. ധനസഹായം ജൂൺ വരെയോ വീട് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നത് വരെയോ തുടരുമെന്നാണ് ഉത്തരവിൽ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

