പുൽപള്ളി ∙ ഗോത്രവയോധികൻ ദേവർഗദ്ദ ഊരിലെ കൂമനെ കൊലപ്പെടുത്തിയതിനുശേഷം വനാതിർത്തിയിൽതന്നെ തമ്പടിക്കുന്ന കൊലയാളി കടുവയെ പിടികൂടാനുള്ള വനംവകുപ്പ് ശ്രമങ്ങൾ തുടരുന്നു. വനത്തിലും പുറത്തും സുശക്തമായ കാവലും പരിശോധനയും നടക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ആശങ്കയൊഴിവാകുന്ന നടപടികളൊന്നുമുണ്ടായിട്ടില്ല.
കൂട് സ്ഥാപിച്ചോ, മയക്കുവെടിവച്ചോ കടുവയെ പിടിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് നൽകിയിട്ട് നാല് ദിവസമായെങ്കിലും കടുവാദൗത്യം വിജയം കാണുന്നില്ല.
നടപടിക്രമങ്ങളിൽ കാലതാമസം വരുത്തി ജനരോഷം തണുക്കുമ്പോൾ പരിപാടി ഉപേക്ഷിക്കാനുള്ള തന്ത്രങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
കടുവാ ദൗത്യത്തിന്റെ ഒരുവിവരങ്ങളും ചോരാൻ പാടില്ലെന്നാണ് മേലുദ്യോഗസ്ഥരുടെ നിർദ്ദേശം. പുറമെ നിന്നാർക്കും വനത്തിലേക്ക് പ്രവേശനവുമില്ല.
രാത്രിയോടെ വനപാലകർ കാടിറങ്ങും. രാത്രി വനാതിർത്തിയിലാണ് കാവൽ.
കഴിഞ്ഞദിവസങ്ങളിൽ പലവട്ടം വനപാലകർ കടുവയെ കണ്ടിരുന്നു.
പ്രദേശത്തെ 4 കടുവകളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞെങ്കിലും അതിൽ കുഴപ്പക്കാരനായ കടുവ സമീപപ്രദേശത്തുകൂടി മാത്രം വട്ടംകറങ്ങുന്നെന്ന് പരിശോധനയിൽ കണ്ടെത്തി. മനുഷ്യഗന്ധം ലഭിക്കുന്ന ദിശയിലേക്ക് കടുവ മാറിമാറി നടക്കുന്നെന്ന കണ്ടെത്തലുമുണ്ടായി.
മയക്കുവെടി വയ്ക്കാൻ പാകത്തിൽ കടുവയെ കിട്ടിയില്ലെന്നു വനപാലകർ പറയുന്നു.
വനാതിർത്തിയിലെ റോഡിൽ പട്രോളിങ് സംഘത്തിന്റെ വാഹനത്തിനടുത്ത് പകൽ കടുവയെ കണ്ടിരുന്നു. അതിനിടെ കടുവയെ കുടുക്കാൻ നാലാമത്തെ കൂടും ഇന്നലെ സ്ഥാപിച്ചു.
കുറിച്യാട് റോഡിലും കർണാടക വനാതിർത്തിയിലും ഓരോന്നും കൂമനെ ആക്രമിച്ചുകൊന്ന ഭാഗത്ത് 2 കൂടുകളുമാണ് സ്ഥാപിച്ചത്. വനത്തിൽ സേനാസാന്നിധ്യവും ബഹളവുമെല്ലാമുണ്ടായിട്ടും കടുവ ഉൾവനത്തിലേക്കു പോകാതെ വട്ടംകറങ്ങുന്നതും വനപാലകരെ ആശയക്കുഴപ്പത്തിലാക്കുന്നു.
ഉദ്യോഗസ്ഥർക്കും വെല്ലുവിളി
കൊലയാളി കടുവയെ കൂട് സ്ഥാപിച്ചോ, മയക്കുവെടി വച്ചോ പിടികൂടാൻ 21ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയതിനുശേഷമാണ് ദൗത്യം ഊർജിതമാക്കിയത്.
അന്നുരാവിലെ ചേർന്ന ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് വാർഡൻ അനുമതി നൽകിയത്.
അന്നുമുതൽ കൂടുതൽ കൂടുകളെത്തിച്ചു വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചു നിരീക്ഷണം തുടരുന്നുണ്ട്. വന്യജീവി സങ്കേതത്തിനുള്ളിൽ കൂട് സ്ഥാപിച്ചോ, മയക്കുവെടി വച്ചോ കടുവപോലുള്ള മൃഗങ്ങളെ പിടികൂടുന്നത് പതിവില്ലാത്ത നടപടിയാണ്.
ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ കൃത്യമായ മാനദണ്ഡങ്ങളും നിർദേശങ്ങളും അനുസരിച്ചു മാത്രമേ കടുവകളുടെ കാര്യത്തിൽ നടപടി പാടൂള്ളൂവെന്നതാണ് ഉദ്യോഗസ്ഥരെ അലട്ടുന്ന മുഖ്യപ്രശ്നം.
കടുവയെപ്പേടിച്ച് കർഷകർ പശുക്കളെ ഉപേക്ഷിക്കുന്നു; ഒരാഴ്ചയ്ക്കിടെ 5 പശുക്കളെ വിറ്റൊഴിച്ചു
പുൽപള്ളി ∙ നിരന്തരമായ കടുവാഭീതിയെ തുടർന്ന് വനാതിർത്തി പ്രദേശങ്ങളിലെ കർഷകർ കന്നുകാലികളെ വിറ്റൊഴിവാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വണ്ടിക്കടവ്, മാടപ്പള്ളിക്കുന്ന് ഗ്രാമങ്ങളിൽ 5 പശുക്കളെ കിട്ടിയവിലയ്ക്ക് കർഷകർ വിറ്റു.
മാടപ്പള്ളിക്കുന്നിൽനിന്നു വിറ്റ പശുക്കളെ കുറ്റ്യാടി ഭാഗത്തേക്കാണു കൊണ്ടുപോയത്.
വണ്ടിക്കടവ് വനത്തിൽ ഗോത്ര വയോധികനെ കടുവകൊന്ന സംഭവത്തോടെ ക്ഷീരമേഖല കടുത്ത ആശങ്കയിലായി. കർണാടക വനാതിർത്തിയിലെ കന്നാരംപുഴക്കരയിൽ കടുവ പലതവണ പ്രത്യക്ഷപ്പെട്ടതും അവശനായ ആ കടുവ വളർത്തുമൃഗങ്ങളെ പിടിക്കാൻ കാടിറങ്ങിയേക്കുമെന്നുള്ള അറിയിപ്പുകളും കർഷകരെ വലച്ചു.
ഇരതേടി നാട്ടിലിറങ്ങുന്ന കടുവ കന്നുകാലികളെ കൊല്ലുകയോ, പരുക്കേൽപിക്കുകയോ ചെയ്താലുണ്ടാവുന്ന നഷ്ടം താങ്ങാനാവില്ലെന്നു പറഞ്ഞാണ് പലരും കിട്ടിയ വിലയ്ക്ക് കറവയുള്ള പശുക്കളെയും കിടാരികളെയും വിൽക്കാൻ നിർബന്ധിതരായത്. ഒരുവിധം കറവയുള്ള നല്ലയിനം പശുവിന് ഒരു ലക്ഷം മുതൽ 2 ലക്ഷം വരെ വിലയുണ്ട്.
കടുവ പശുവിനെ കൊന്നാൽ സർക്കാരിൽനിന്നു എന്നെങ്കിലും ലഭിച്ചേക്കാവുന്ന തുച്ഛമായ കാശുകൊണ്ട് ആടിനെ വാങ്ങാൻപോലും തികയില്ലെന്നു കർഷകർ പറയുന്നു.
കഴിഞ്ഞ വർഷം ശശിമലയിൽ ഒരു കർഷകൻ ഇരുമ്പുഗ്രില്ലുസ്ഥാപിച്ചാണ് തൊഴുത്തിനു സംരക്ഷണമൊരുക്കിയത്.കടുവ കന്നുകാലികളെ ആക്രമിക്കുന്നതിനു പുറമേ അവയ്ക്ക് തീറ്റയൊരുക്കാനും മേയാൻ വിടാനും മാർഗമില്ലാതായതും കാലിവിൽപനയ്ക്ക് വഴിതെളിക്കുന്നു. പറമ്പുകളിൽ പോയി പുല്ലരിയാനും തുറസായ സ്ഥലത്ത് അഴിച്ചുവിട്ട് മേയ്ക്കാനും സാധിക്കാത്ത അവസ്ഥ. വന്യജീവി ആക്രമണം വർധിച്ചശേഷം ക്ഷീരോൽപാദനം കാര്യമായി കുറയുന്നു. സംഘങ്ങളിലെ പാൽ അളവിൽ കാര്യമായ കുറവുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

