ഗൂഡല്ലൂർ ∙ മസിനഗുഡിക്കു സമീപം മാവനഹള്ള ഗ്രാമത്തിൽ കന്നുകാലികളെ മേച്ചിരുന്ന ഗോത്ര വയോധികയെ കടുവ ആക്രമിച്ചുകൊന്നു. മാവനഹളളയിലെ ബാലന്റെ ഭാര്യ രാഗിയമ്മാൾ (65) ആണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കു 2.30 നു വീടിനു സമീപത്തുള്ള മേച്ചിൽ ഭൂമിയിൽ കന്നുകാലികളെ മേക്കുന്നതിനിടയിലാണ് കടുവ രാഗിയമ്മാളെ പിടിച്ചത്. സമീപത്തുതന്നെ കന്നുകാലികളെ മേച്ചിരുന്നവർ രാഗിയമ്മാളെ കടുവ പിടികൂടിയത് കണ്ടിരുന്നു.
തുടർന്ന് വനം വകുപ്പിന് വിവരം നൽകിയതിനെ തുടർന്ന് വനപാലകരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ സമീപത്തുള്ള നീർച്ചാലിനു സമീപം, തല കടുവ തിന്ന നിലയിൽ മൃതദേഹം കണ്ടെത്തി.
മുതുമല കടുവ സങ്കേതത്തിന് സമീപത്തുള്ള ഗ്രാമമാണ് മാവനഹള്ള. മൃതദേഹം ആശുപത്രിയിലേക്കു മാറ്റാൻ അനുവദിക്കാതെ വനപാലകരെ നാട്ടുകാർ തടഞ്ഞുവച്ചു.
തുടർന്നു നടന്ന ചർച്ചയിലാണു മൃതദേഹം ഊട്ടി മെഡിക്കൽ കോളജിലേക്കു മാറ്റിയത്.
കടുവ പേടിയിൽ മാനവഹള്ള
ഗൂഡല്ലൂർ ∙മസിനഗുഡിക്കടുത്ത് മാവനഹള്ളയിൽ വയോധികയെ കടുവ പിടികൂടിയത് കൂടെയുണ്ടായിരുന്നവരുടെ കൺമുൻപിൽ വച്ച്. രാഗിയമ്മാളും അടുത്തുള്ളവരും ഒന്നിച്ചാണു കർഷകരുടെ പട്ടയഭൂമിയിൽ ആടുകളെ മേച്ചിരുന്നത്.
സമീപത്തുള്ള മുതുമല കടുവ സങ്കേതത്തിൽ നിന്നാണ് കടുവ എത്തിയത്. കഴിഞ്ഞ 6 മാസമായി ഈ പ്രദേശത്തുള്ള കന്നുകാലികളെ കടുവ വേട്ടയാടിയിരുന്നു.
കടുവയെ പിടികൂടണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വനത്തിനു പുറത്താണു കടുവ മേയുന്നതെന്നു നാട്ടുകാർ പറഞ്ഞു. രാഗിയമ്മാളുടെ മൃതദേഹം വനപാലകർ ആശുപത്രിയിലേക്ക് മാറ്റുന്നതും നാട്ടുകാർ തടഞ്ഞു.
എംഎൽഎ പൊൻ ജയശീലന്റെ നേതൃത്വത്തിൽ വനപാലകരുമായി ചർച്ച നടത്തിയതിനെ തുടർന്ന് കടുവയെ ക്യാമറ സ്ഥാപിച്ചു നിരീക്ഷിക്കുകയും പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്നുള്ള ഉറപ്പിലാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചത്. കടുവയുടെ ആക്രമണത്തിൽ വയോധിക മരിച്ചതോടെ ജനങ്ങൾ ഭീതിയിലാണ്.
പട്ടയ ഭൂമിയിൽ പോലുമിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഈ പ്രദേശങ്ങളിൽ നൂറ്റാണ്ടുകളായ ഗോത്ര ഗ്രാമങ്ങളാണുള്ളത്.
ഇവർക്കു കന്നുകാലികളെ മേയ്ക്കുന്നതിനായി അനുവദിച്ചിരുന്ന നിലങ്ങൾ പോലും വനം വകുപ്പിന്റെ അധീനതയിലാണ്.
വന്യമൃഗങ്ങൾ പട്ടയ ഭൂമിയിലേക്ക് കടക്കാതിരിക്കാനായി സ്ഥാപിച്ചിരുന്ന സോളർ വേലികൾ പോലും വനം വകുപ്പ് അഴിച്ചു മാറ്റി. പട്ടയ ഭൂമികളിലുണ്ടായിരുന്ന കൃഷികൾ പൂർണമായും വന്യമൃഗങ്ങൾ നശിപ്പിച്ചു.
മനുഷ്യ ജീവന് യാതൊരു സുരക്ഷയുമില്ലാത്ത പ്രദേശമായി ഇവിടെ മാറിയിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

