പനമരം∙ വിളവെടുപ്പു സമയത്തെ അപ്രതീക്ഷിത മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും കുള്ളൻ കാപ്പി കർഷകർക്ക് ദുരിതമാകുന്നു. കുള്ളൻ കാപ്പിയുടെ വിളവെടുപ്പ് പല കൃഷിയിടങ്ങളിലും ആരംഭിച്ചപ്പോഴാണ് വില്ലനായി വീണ്ടും മഴയെത്തിയത്.
കുറച്ചു ദിവസങ്ങളായി മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും മഴ പെയ്തതോടെ വിളവെടുത്ത കാപ്പി കർഷകർക്ക് അതേപടി ഇടേണ്ട അവസ്ഥയാണ്.
മഴയും മൂടലും മൂലം കാപ്പി ഉണക്കാൻ കളങ്ങളിൽ നിരത്തിയിടുന്നതിന് കഴിയുന്നില്ല.
പകൽ സമയത്ത് എപ്പോഴെങ്കിലും കുറച്ചു നേരം വെയിൽ കിട്ടിയാലായി. മഴ മാറി നിന്ന സമയത്ത് വിളവെടുത്ത കാപ്പി കൂട്ടിയിട്ടു ടാർപോളിൻ ഷീറ്റുകൾ കൊണ്ടു മൂടിയിട്ടിരിക്കുകയാണ്.
കൂട്ടിയിടുന്ന കാപ്പിക്കുരു പൂപ്പൽ പിടിക്കുന്ന സാഹചര്യമുണ്ട്. സാധാരണ 10 ദിവസത്തിനുള്ളിൽ ഉണങ്ങിയെടുക്കാവുന്ന കാപ്പി ഇടവിട്ടുള്ള മഴയും മൂടലും മൂലം നിലവിൽ 3 ആഴ്ച കഴിഞ്ഞാലും ഉണക്കിയെടുക്കാൻ സാധിക്കുന്നില്ല.
പൂർണമായും പഴുത്തുണങ്ങിയ കാപ്പി വിളവെടുക്കാൻ കഴിയാത്തതിനാൽ കാപ്പിക്കുരുവിൽ മഴവെള്ളം കെട്ടി നിന്ന് അഴുകി കൊഴിഞ്ഞു വീണു നശിക്കാൻ ഇടയാക്കും.ഇതിനു പുറമേ തുടർച്ചയായി മഴ ലഭിച്ചതോടെ വിളവെടുപ്പു തീരും മുൻപ് തന്നെ കാപ്പി പൂവിടാനും തുടങ്ങി.
വിളവെടുക്കുമ്പോൾ പൂക്കൾ കൊഴിഞ്ഞു പോകുമെന്നതിനാൽ അടുത്ത വർഷത്തെ ഉൽപാദനത്തെയും ഇതു പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ 5 വർഷമായി കുള്ളൻ കാപ്പി പഴുത്ത് വിളവെടുക്കേണ്ട
സമയത്ത് മഴ വില്ലനായി മാറുകയാണ്.
തോട്ടം തൊഴിലാളികളുടെ മക്കൾക്ക് കോഫി ബോർഡിൽ നിന്നു ധനസഹായം
കൽപറ്റ ∙ കാപ്പി തോട്ടങ്ങളിലോ അംഗീകൃത കാപ്പി സംസ്കരണ ശാലകളിലോ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്ക് കോഫി ബോർഡിൽ നിന്നു ധനസഹായം നൽകുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ വിദ്യാലയങ്ങളിലോ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലോ പ്ലസ് വൺ, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
മെഡിക്കൽ, എൻജിനീയറിങ്, അഗ്രികൾചർ, ഫാർമസി, ബിഎസ്സി നഴ്സിങ് വിദ്യാർഥികൾക്കും അപേക്ഷിക്കാം .
ഫോട്ടോ, ആധാർ കാർഡ്, 2024-25 അധ്യയന വർഷത്തെ മാർക്ക് ലിസ്റ്റ് , ജാതി സർട്ടിഫിക്കറ്റ്, ആധാറുമായി സീഡിങ് ചെയ്ത ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം നൽകണം. അപേക്ഷ ഫോം കോഫി ബോർഡിന്റെ വെബ്സൈറ്റിൽ നിന്നോ (https://coffeeboard.gov.in) അടുത്തുള്ള ഓഫിസുകളിൽ നിന്നോ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ അതത് ലെയ്സൺ ഓഫിസുകളിൽ നവംബർ 28ന് അകം സമർപ്പിക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

