കൽപറ്റ ∙ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 5,000 തൊഴിലന്വേഷകർക്ക് ജോലി ഉറപ്പ് നൽകുമെന്ന് മന്ത്രി ഒ.ആർ.കേളു. മാനന്തവാടി പായോട് അസാപ് സ്കിൽ സെന്ററിൽ കേരള നോളജ് ഇക്കോണമി മിഷൻ നിയോജക മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തന പദ്ധതിയുടെ രൂപരേഖ അവതരണ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
വിദ്യാസമ്പന്നർ തൊഴിലില്ലായ്മ കാരണം വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതി മറികടക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ നടപ്പാക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
എംഎൽഎമാരുടെ ആവശ്യപ്രകാരം തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ നിയോജക മണ്ഡലാടിസ്ഥാനത്തിൽ തുടങ്ങിയ പ്രത്യേക പദ്ധതികളുടെ തുടർ പ്രവർത്തനത്തിനായി രൂപരേഖ തയാറാക്കി. ഐടിഐ, പോളിടെക്നിക്, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടപ്പിലാക്കുക.
അവസാന വർഷ ബിരുദധാരികൾ, പഠനം പൂർത്തിയാക്കിയ തൊഴിലന്വേഷകർ, ഏറ്റവും പെട്ടെന്ന് തൊഴിൽ ആവശ്യമുള്ളവർ എന്നിവരെ കേന്ദ്രീകരിച്ച് മൊബിലൈസേഷൻ പ്രവർത്തനം നടപ്പാക്കും. ഇവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മൊബിലൈസ് ചെയ്യണം.
അവരുടെ താൽപര്യത്തിനും യോഗ്യതയ്ക്കും അനുസരിച്ചുള്ള തൊഴിലിലേക്കെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ (ഡിഡബ്യൂഎംഎസ്) റജിസ്റ്റർ ചെയ്ത ഓരോ വാർഡിലെ തൊഴിലന്വേഷകരും ഡിഡബ്യൂഎംഎസ് പോർട്ടലിൽ നിലവിലുള്ള തൊഴിലുകളിലേക്ക് അപേക്ഷ നൽകണമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതിന് വാർഡ് അംഗങ്ങൾ നേതൃത്വം നൽകണം.
പുതിയ തൊഴിലന്വേഷകരെ ഡിഡബ്യൂഎംഎസിൽ റജിസ്റ്റർ ചെയ്യിപ്പിക്കണം. അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ബ്ലോക്ക് ജോബ് സ്റ്റേഷനിലോ കമ്മ്യൂണിറ്റി അംബാസിഡർമാരെയോ ബന്ധപ്പെടാം.
ഐടിഐ, പോളിടെക്നിക്, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ എന്നിവരുടെ സന്നദ്ധസേവനം ഇതിനായി ഉറപ്പാക്കണം.
മണ്ഡലത്തിലെ മെന്റർമാർ, മറ്റ് വിഷയ വിദഗ്ധർ (തൊഴിൽദാതാക്കൾ, എച്ച്ആർ വിദഗ്ധർ) എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫാക്കൽറ്റി കോഓർഡിനേറ്റർമാരെയും സ്റ്റുഡന്റ് കോഓർഡിനേറ്റർമാരെയും തിരഞ്ഞെടുക്കണം.
ഒരു നിയോജക മണ്ഡലത്തിൽ ഒന്നോ രണ്ടോ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നോഡൽ സ്ഥാപനങ്ങളായി തീരുമാനിക്കുകയും ആ സ്ഥാപനത്തിൽ വച്ച് ഹ്രസ്വ കാല നൈപുണ്യ പരിശീലനം സംഘടിപ്പിക്കുകയും ചെയ്യും.
സോഫ്റ്റ് സ്കിൽ പരിശീലനം /തൊഴിൽ പരിശീലനം എന്ന വിഭാഗത്തിൽ ആശയവിനിമയം, ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം, റെസ്യൂമെ ബിൽഡിങ്, ഇന്റർവ്യൂ പരിശീലനം, കോൺഫിഡൻസ് ബിൽഡിങ്, കരിയർ കൗൺസിലിങ്, ഫൗണ്ടേഷൻ മൊഡ്യൂൾ പരിശീലനം എന്നിവ നോഡൽ സ്ഥാപനത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കും. പരിശീലനം നേടിയവരെ വിജ്ഞാന കേരളം ജില്ലാ തലത്തിൽ നടത്തി വരുന്ന തൊഴിൽ മേളകളിലും വെർച്വൽ തൊഴിൽ മേളകളിലും പങ്കെടുപ്പിക്കുകയും തൊഴിലവസരം നൽകുകയും ചെയ്യും.
തൊഴിൽ മേളകളിൽ തൊഴിൽ ലഭിക്കാത്തവർക്ക് അതിനുള്ള കാരണം മനസ്സിലാക്കി പ്രത്യേക പരിശീലനം നൽകി കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കണം.
കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ പി.എസ്.ശ്രീകല പദ്ധതി ലക്ഷ്യങ്ങൾ, ഉത്തരവാദിത്ത്വങ്ങൾ, ഘട്ടങ്ങൾ എന്നിവ വിശദീകരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വിജയൻ, മീനാക്ഷി രാമൻ, എ.എൻ.സുശീല, വിജ്ഞാന കേരളം ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്.ശ്രീജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.കെ.ബാലസുബ്രഹ്മണ്യൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ വി.കെ.
റജീന, സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, തദ്ദേശ സ്വയഭരണ വാർഡ് അംഗങ്ങൾ, മണ്ഡലത്തിലെ ജോബ് സ്റ്റേഷൻ ഇൻചാർജുകൾ, മണ്ഡലത്തിലെ പ്ലേസ്മെന്റ് പാട്നർന്മാർ, സ്കില്ലിങ് ഏജൻസികൾ, ലൈബ്രറി കൗൺസിൽ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സാമൂഹിക സന്നദ്ധ, രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികൾ, യുവജനക്ഷേമ ബോർഡ് പ്രതിനിധികൾ, വിഎച്ച്എസ്ഇ/പോളി/ഐടിഐകളിലെ പ്ലേസ്മെന്റ് ഓഫിസർമാർ, യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]