
ബത്തേരി ∙ ബന്ദിപ്പൂർ വനമേഖലയിലൂടെ പഴം–പച്ചക്കറി വാഹന ഗതാഗതത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം വ്യാപാരമേഖലയിൽ ആശങ്കയാകുന്നു. സുഗമമായ പഴം–പച്ചക്കറിനീക്കത്തെ പുതിയ നിർദേശം ബാധിക്കുമെന്ന ആശങ്കയാണുയരുന്നത്.
ദേശീയപാത 766ൽ കർണാടകയിലെ മദൂർ മുതൽ സംസ്ഥാന അതിർത്തിയായ മൂലെഹൊളെ വരെ ബന്ദിപ്പൂർ വനമേഖലയിലൂടെ പഴം പച്ചക്കറി വാഹനങ്ങൾക്ക് വൈകിട്ട് 6 മുതൽ നിരോധനം ഏർപ്പെടുത്താനാണു കർണാടക വനംവകുപ്പിന്റെ നീക്കം.ബന്ദിപ്പൂർ കടുവ സങ്കേതം സബ് ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ എൻ.പി. നവീൻകുമാർ ചാമരാജ് നഗർ കലക്ടർക്ക് നൽകിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.
നിലവിൽ രാത്രി 9 മുതൽ രാവിലെ 6 വരെയാണ് ഇതുവഴി ഗതാഗത നിരോധനമുള്ളത്. ഇതു കൂടാതെയാണു പഴം–പച്ചക്കറി ചരക്കു വാഹനങ്ങൾക്ക് വൈകിട്ട് 6 മുതൽ നിരോധനമേർപ്പെടുത്താനുള്ള നീക്കം.
പച്ചക്കറി, പഴങ്ങൾ, കരിമ്പ് എന്നിവയെല്ലാമായി പോകുന്ന വാഹനങ്ങൾ കാട്ടാനകൾ തടുത്തുനിർത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധന നീക്കം നടക്കുന്നത്. അടുത്തിടെ ബന്ദിപ്പൂർ വനമേഖലയിൽ ഗൂഡല്ലൂർ– ഊട്ടി റോഡിൽ കാരറ്റു കയറ്റി വന്ന ലോറി ആന തടയുകയും ഇതു മൊബൈൽ ഫോണിൽ ചിത്രീകരിച്ച ആളെ കാട്ടാന ആക്രമിക്കുകയും ചെയ്തിരുന്നു.
ഈ ദൃശ്യം വലിയതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
പച്ചക്കറി നീക്കത്തെ ബാധിക്കും
പച്ചക്കറി– പഴം വാഹനങ്ങൾ തടഞ്ഞാൽ അത് മലബാറിലേക്കുള്ള പച്ചക്കറി നീക്കത്തെ സാരമായി ബാധിക്കും.
വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് ഗുണ്ടൽപേട്ട്– ബത്തേരി വഴി വൻതോതിലാണ് പച്ചക്കറി ലോഡുകൾ എത്തുന്നത്. മലപ്പുറത്തിനപ്പുറത്തേക്ക് എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലേക്കും ഇതുവഴിയുള്ള പച്ചക്കറി എത്തുന്നുണ്ട്.
ഗുണ്ടൽപേട്ട് മാർക്കറ്റിൽ നിന്നു മാത്രം ദിവസേന കയറ്റിപ്പോരുന്നത് നൂറിലധികം ലോഡുകളാണ്. വയനാട് അടക്കമുള്ള വിവിധ ജില്ലകളിലേക്ക് കർണാടകയിലെ മൈസൂരു, ബെംഗളൂരു, ഗുണ്ടൽപേട്ട്, തൃക്കണാമ്പി എന്നിവിടങ്ങളിൽ നിന്നാണ് ബന്ദിപ്പൂർ വനപാത വഴി പച്ചക്കറിയും പഴങ്ങളുമെത്തുന്നത്.
അതിൽ തന്നെ ഗുണ്ടൽപേട്ട്, തൃക്കണാമ്പി മാർക്കറ്റുകളിൽ നിന്നാണ് 90 ശതമാനവും പച്ചക്കറിയെത്തുന്നത്.പഴങ്ങൾ കൂടുതലായും ബെംഗളൂരു മാർക്കറ്റിൽ നിന്നും അവിടുത്തെ തോട്ടങ്ങളിൽ നിന്നുമാണ്.
ഫ്രഷ് പഴം–പച്ചക്കറി വരില്ലെന്ന് വ്യാപാരികൾ
കർഷകർ തങ്ങളുടെ പച്ചക്കറി ഉൽപന്നങ്ങൾ ഉച്ച തിരിഞ്ഞാണ് കൂടുതലായും ഗുണ്ടൽപേട്ടിലെ മാർക്കറ്റിൽ എത്തിക്കുന്നത്. അന്നു തന്നെ ലോഡു കയറ്റിപ്പോരുകയാണ് പതിവ്.
രാത്രി 9ന് മുൻപ് അതിർത്തി കടന്നു പോന്നാൽ രാത്രിയും പിറ്റേന്ന് പുലർച്ചെയുമായി കേരളത്തിലെ വിവിധ മാർക്കറ്റുകളലെത്താൻ കഴിയും. എന്നാൽ വൈകിട്ട് 6ന് റോഡ് അടച്ചാൽ ഫ്രഷ് പച്ചക്കറി കയറ്റിപ്പോരാൻ കഴിയാതെ വരും. ഒരു ദിവസം വൈകി പിറ്റേന്നു പോന്നാൽ പച്ചക്കറികൾക്ക് ഒരു ദിവസത്തെ പഴക്കം കൂടിയാകും.
ബെംഗളൂരുവിന്റെ പ്രാന്ത പ്രദേശങ്ങളിലെ മുന്തിരിത്തോട്ടങ്ങളിൽ നിന്ന് വൈകിട്ടോടെ മുന്തിരി ലോഡ് കയറ്റിപ്പോരുന്നതിന് പുതിയ തീരുമാനം വന്നാൽ തടസ്സമാകുമെന്ന് ബത്തേരിയിലെ പഴം വ്യാപാരി അനിൽ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]