
മാനന്തവാടി ∙ ജില്ലയുടെ ആരോഗ്യ വകുപ്പിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മാനന്തവാടി ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെയൊന്നും മുന്നോട്ട് പോയിട്ടില്ലെന്നതിന് തെളിവായി മാറുകയാണ് ബസ് സ്റ്റാൻഡിൽ പണി തീരാതെ കിടക്കുന്ന ശുചിമുറി സമുച്ചയം. 2022ലാണ് ലിറ്റിൽ ഫ്ലവർ സ്കൂൾ മാനേജ്മെന്റായ സന്യാസിനീ സമൂഹം നഗരസഭയ്ക്ക് ശുചിമുറി നിർമിക്കാൻ സെന്റിന് ലക്ഷങ്ങൾ വിലവരുന്ന 15 സെന്റ് സ്ഥലം സൗജന്യമായി നൽകിയത്.പ്ലാനും എസ്റ്റിമേറ്റും തയാറാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് 2023 ജനുവരി 19ന് സ്ഥലം കരാറുകാരനു കൈമാറി.
9 മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിർമാണം നീണ്ട് പോയി.
80 ലക്ഷത്തോളം രൂപ ചെലവിലാണ് സ്ത്രീകൾക്കും പുരുഷൻമാർക്കും താമസിക്കാനുള്ള ഡോർമിറ്ററി അടക്കമുള്ള ശുചിമുറി സമുച്ചയം നിർമിക്കുന്നത്.
നിലവിൽ മാനന്തവാടിയിൽ എത്തുന്ന സ്ത്രീകൾ അടക്കമുള്ള യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ സൗകര്യങ്ങളില്ല. 50 വർഷത്തിലേറെ പഴക്കമുള്ള നിലവിലെ ബസ് സ്റ്റാൻഡ് കെട്ടിടവും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ബലക്ഷയം നേരിടുകയാണ്. ഈ കെട്ടിടം പൊളിച്ച് മാറ്റാനും നഗരസഭ തീരുമാനിച്ചിരുന്നു.
ഗാന്ധിപാർക്കിലെ ശുചിമുറി നിർമാണവും പൂർത്തിയാകാതെ കിടക്കുകയാണ്. ശുചിമുറി സമുച്ചയം പൂർത്തിയാക്കാത്തത് സംബന്ധിച്ച് മനോരമ പലവട്ടം വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഒരു ശുചിമുറി പണിയാൻ എത്രകാലം വേണമെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.
നിർമാണം അന്തിമ ഘട്ടത്തിലാണെന്നും അടുത്ത മാസം തന്നെ ശുചിമുറി സമുച്ചയം പൊതുജനങ്ങൾക്ക് തുറന്ന് നൽകുമെന്നും നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]