
കൽപറ്റ ∙ ഇരുളം മരിയനാട് എസ്റ്റേറ്റ് തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര തുക വയനാട് പാക്കേജിലുള്‍പ്പെടുത്തി വിതരണം ചെയ്യുന്നത് തുടങ്ങി. വെള്ളിയാഴ്ച ഇരുളത്ത് നടന്ന വിതരണോദ്ഘാടന പരിപാടിയിൽ അഞ്ചു പേർക്ക് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ.
കേളു വിതരണം ചെയ്തു. ബാക്കി 136 പേർക്ക് അകൗണ്ടിലൂടെ പണം ലഭിക്കും.
ഇരുപതിലേറെ വർഷങ്ങളായി മരിയനാട് എസ്റ്റേറ്റ് തൊഴിലാളികൾ ഉയർത്തിവന്ന വിഷയത്തിൽ ഇതോടെ സമഗ്ര പരിഹാരമായെന്നും സർക്കാർ ഇടപെടലും തൊഴിലാളി യൂണിയൻ നേതാക്കളും ജില്ലാ കലക്ടറുമായുള്ള ആരോഗ്യകരമായ ചർച്ചകളുമാണ് പ്രശ്നപരിഹാരത്തിന് വഴിതുറന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സുൽത്താൻ ബത്തേരി ഇരുളം വില്ലേജിൽ കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുണ്ടായിരുന്നതും പിന്നീട് പ്രവർത്തനം നിർത്തലാക്കിയതുമായ മരിയനാട് എസ്റ്റേറ്റിലെ തൊഴിൽ നഷ്ടപ്പെട്ട 141 തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി വയനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തി മരിയനാട് പുനരധിവാസ പദ്ധതി പ്രകാരം 5 കോടി രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചത്.
സര്‍ക്കാര്‍ മുന്നോട്ടുവെച്ച പാക്കേജ് തോട്ടം തൊഴിലാളികള്‍, മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍, ട്രേഡ് യൂണിയന് നേതാക്കള്‍ എന്നിവർ അംഗീകരിച്ചതോടെയാണ് 141 തൊഴിലാളികളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമായത്.
സര്‍ക്കാര്‍ നിയമങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ തൊഴിലാളി നിയമ പ്രകാരം ജീവനക്കാരുടെ സർവീസ് അനുസരിച്ചാണ് ആനുകൂല്യ തുക വിതരണം ചെയ്തത് ബന്ധപ്പെട്ട
വകുപ്പ് പുറപ്പെടുവിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലാളികൾ നഷ്ടപരിഹാരത്തിന് യോഗ്യരാണെന്ന് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ വയനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് രൂപീകരിച്ചിരുന്നു.
മരിയനാട് എസ്റ്റേറ്റ് 2004-ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഇവിടെ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ജോലി നഷ്പ്പെട്ടു. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, പിരിച്ചുവിടല്‍ നഷ്ടപരിഹാരം, ഇതുവരെയുള്ള പലിശ എന്നിവ നല്‍കാനാണ് വയനാട് പാക്കേജില്‍ തുക അനുവദിച്ചത്.
ഓരോ വര്‍ഷം സേവനം ചെയ്തതിന് 15 ദിവസത്തെ വേതന നിരക്കില്‍ പിരിച്ചുവിടല്‍ നഷ്ടപരിഹാരവും ഗ്രാറ്റുവിറ്റിയും കണക്കാക്കി. പിരിച്ചുവിടല്‍ നഷ്ട
പരിഹാരം തുക 2005 മുതല്‍ 10 ശതമാനം പലിശയും 15 ശതമാനം ഗ്രാറ്റുവിറ്റി പലിശയും കണക്കാക്കിയാണ് നല്‍കിയത്. ജീവനക്കാരുടെ ഹാജര്‍ രേഖകള്‍, ഇപിഎഫ് വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് തുക തിട്ടപ്പെടുത്തിയത്. എസ്റ്റേറ്റില്‍ ഒന്‍പത് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 136 ജീവനക്കാരും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടു ജീവനക്കാരും ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഒരു ജീവനക്കാരനും രണ്ട് താൽക്കാലിക ജീവനക്കാരുമാണ് ആനുകൂല്യത്തിന് അര്‍ഹരായത്.
ഇതില്‍ 21 പേര് മരണപ്പെട്ടു.
ഐ.സി.ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനായ പരിപാടിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി കൃഷ്ണൻ, ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, സബ് കലക്ടർ മിസാൽ സാഗർ ഭരത്, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ കെ.എസ്. ശ്രീജിത്ത്, ജില്ലാ ലേബർ ഓഫിസർ സി.
വിനോദ് കുമാർ, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]