
കൽപറ്റ ∙ സമൂഹ മാധ്യമങ്ങൾ വഴി വിവാഹാലോചനകൾ ക്ഷണിച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ വയനാട് സൈബർ ക്രൈം പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശി മുഹമ്മദ് റമീസ് ആണ് (27) പിടിയിലായത്.
വിവിധ മാട്രിമോണി വെബ്സൈറ്റുകളിൽനിന്ന് സ്ത്രീകളുടെ ഫോട്ടോകളും മറ്റു വിവരങ്ങളും ശേഖരിച്ച് വിവാഹലോചനയ്ക്കായി സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ നിർമിച്ചായിരുന്നു തട്ടിപ്പെന്ന് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ ഷജു ജോസഫ് പറഞ്ഞു.
വ്യാജ അക്കൗണ്ടുകൾ വഴി ഇടപാടുകാരെ കണ്ടെത്തി റജിസ്ട്രേഷൻ ഫീസ് വാങ്ങി ഫൊട്ടോ അയച്ചു നൽകി കബളിപ്പിക്കുകയാണ് ചെയ്തിരുന്നത്.ചൂരൽമല സ്വദേശിയായ യുവാവ് തന്റെ ബന്ധുവിന്റെ വിവാഹലോചനക്കായി 1400 രൂപ നൽകി റജിസ്റ്റർ ചെയ്തിരുന്നു. പണം വാങ്ങിയ ശേഷം തട്ടിപ്പ് സംഘം യുവാവിനെ ബ്ലോക്ക് ചെയ്തു.
തുടർന്ന് മറ്റൊരു നമ്പറിൽ നിന്നു ബന്ധപ്പെട്ടപ്പോൾ മുൻപ് അയച്ച ഒരു പെൺകുട്ടിയുടെ ഫൊട്ടോ മറ്റൊരു പേരിൽ അയച്ചുകൊടുത്തപ്പോൾ തട്ടിപ്പ് മനസിലാക്കുകയും സൈബർ പൊലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു മാസത്തിനുള്ളിൽ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് 1400 രൂപ വീതം 300 ഓളം ഇടപാടുകൾ നടന്നതായി കണ്ടെത്തി. നിലവിൽ ഇയാൾക്കെതിരെ നാഷനൽ സൈബർ റിപ്പോർട്ടിങ് പോർട്ടലിൽ 27 പരാതികൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊലീസ് സംഘത്തിൽ എസ്ഐ ബിനോയ് സ്കറിയ, എസ്സിപിഒ അബ്ദുൽ സലാം, സിപിഒമാരായ അരുൺ അരവിന്ദ്, മുഹമ്മദ് അനീസ് എന്നിവരും ഉണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]