
കൽപറ്റ ∙ ഇഞ്ചി കൃഷിയെ ബാധിച്ച പൈരിക്കുലാരിയ ഫംഗസ് രോഗത്തിനു പ്രതിരോധം തീർക്കാൻ കർണാടക മോഡൽ. കൂർഗ്, മൈസൂരു, ഹാസൻ, ചാമരാജ്നഗർ, ഷിമോഗ ജില്ലകളിൽ രോഗം പടർന്നപ്പോൾ പ്രതിരോധത്തിന് കർഷകർ സ്വന്തം നിലയ്ക്കു നടത്തിയ പരീക്ഷണങ്ങളാണ് പൈരിക്കുലാരിയയെ ഒരുപരിധി വരെ തടുത്തുനിർത്തിയത്.
2024ൽ കർണാടകയിലെ കൂർഗ് ജില്ലയിലാണ് ആദ്യമായി ഇൗ ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തത്. രോഗബാധയേറ്റ ഇഞ്ചിച്ചെടിയുടെ ഇലകളും തണ്ടും മഞ്ഞനിറമാകുകയും പിന്നീട് കരിയുകയും ചെയ്തു.
രോഗവ്യാപനം കനത്ത ഉൽപാദന നഷ്ടത്തിനും കാരണമായി.
ഈ സാഹചര്യത്തിലാണ് കർഷകർ സ്വന്തം നിലയ്ക്ക് പ്രതിരോധ മാർഗങ്ങൾ തേടിയത്. ഫംഗസിനെതിരേ ഗ്ലോയിറ്റ്, കവച് എന്നീ മരുന്നുകളിലൊന്ന് 250 മില്ലി ലീറ്റർ ഒരു ബാരൽ വെള്ളത്തിൽ(200 ലീറ്റർ) ലയിപ്പിച്ച് തളിച്ചും ബാക്ടീരിയ പ്രതിരോധത്തിന് സ്ട്രെപ്റ്റോമൈസിൻ (പൊടി), കാസുഗാമൈസിൻ (ലിക്വിഡ്), വലിഡാമൈിസിൻ (പൗഡർ)എന്നിവയിലൊന്ന് ഒരു ബാരൽ വെള്ളത്തിൽ 100-150 ഗ്രാം/100 എംഎൽ കലർത്തി പ്രയോഗിച്ചും രോഗനിയന്ത്രണം സാധ്യമാക്കിയെന്ന് കർഷകസംഘടനയായ യുണൈറ്റഡ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.
ഫംഗസിനൊപ്പം കീടങ്ങളെയും ഇഞ്ചിയുടെ നീരൂറ്റുന്ന ജീവികളെയും നിയന്ത്രിച്ചാണ് കർണാടകയിലെ ഇഞ്ചിക്കർഷകർ രോഗത്തെ വരുതിക്കു നിർത്തിയത്. കീട
നിയന്ത്രണത്തിന് നൊവാകോഡ്, ഗേറ്റ്വേ, തകുമി തുടങ്ങിയ മരുന്നുകളും ഉപയോഗിച്ചു. ഫംഗസ്, കീട
ബാധകൾക്കെതിരായ മരുന്നുകൾ വേറിട്ടു തളിക്കുന്നത് കൂടുതൽ ഫലം ചെയ്യുമെന്ന് മറുനാടൻ കർഷകർ പറയുന്നു. മരുന്നുകൾ പ്രയോഗിച്ച് 7 ദിവസത്തിനു ശേഷം ചെടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിന് അമിനോ ആസിഡ്, സീവീഡ്, മൈക്രോ ന്യൂട്രിയൻറ്, മറ്റ് ഫോളിയർ വളങ്ങൾ എന്നിവ പ്രയോഗിക്കുന്നതു നല്ലതാണ്.
ചെടികളിൽ കീഴടക്കുന്ന നിമാ വിരകളെയും ഫംഗസുകളെയും നിയന്ത്രിക്കാൻ നിർദേശിക്കപ്പെട്ട
മരുന്നുകൾ നിശ്ചിത അളവിൽ വെള്ളത്തിൽ ചേർത്ത് ഏക്കറിന് 5 ബാരൽ എന്ന തോതിൽ ഒഴിച്ചുകൊടുത്തതും കർണാടകയിലെ രോഗബാധ കുറച്ചു. കോപ്പർ ഫംഗിസൈഡ്, ആൻറിബയോട്ടിക് മിശ്രിതം ഇടവേളകളിൽ തളിച്ചു.
രോഗബാധയുള്ള തോട്ടങ്ങളിൽ ഫംഗസിനെതിരായ മരുന്ന് പ്രയോഗിച്ച ശേഷം ഉയർന്ന അളവിൽ നൈട്രജൻ അടങ്ങിയ വളങ്ങളും രാസ- ഫോളിയർ വളങ്ങളും ഇഞ്ചിക്ക് നൽകുന്നത് പരിമിതപ്പെടുത്തണമെന്ന് യുഎഫ്പിഎ ഭാരവാഹികൾ പറഞ്ഞു.
ജാഗ്രതാ സെമിനാർ
കൽപറ്റ ∙ ഇഞ്ചികൃഷിയിൽ ഫംഗസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ യുണൈറ്റഡ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കർഷകർക്കായി കാർഷിക ജാഗ്രതാ സെമിനാർ സംഘടിപ്പിക്കുന്നു.
27നു ഉച്ച കഴിഞ്ഞ് 2നു പുൽപള്ളി എസ്എൻ ബാലവിഹാർ ഓഡിറ്റോറിയത്തിലാണ് സെമിനാറെന്നു ദേശീയ ചെയർമാൻ എമിൻസൺ തോമസ്, യൂത്ത് വിങ് ചെയർമാൻ ജോബിൻ ജോസ് എന്നിവർ അറിയിച്ചു.
ഇഞ്ചി കൃഷിക്കു പുറമേ കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികളിലെയും നവീന ആശയങ്ങൾ സെമിനാറിൽ അവതരിപ്പിക്കും. കേരള കാർഷിക സർവകലാശാല അസോഷ്യേറ്റ് പ്രഫസർ ഡോ.ഗവാസ് രാഗേഷ്, ക്രിസ്റ്റൽ ക്രോപ് പ്രൊട്ടക്ഷൻ ലിമിറ്റഡിലെ അഗ്രികൾച്ചറൽ വിദഗ്ധൻ പ്രേംകുമാർ, കോഫിബോർഡ് പ്രതിനിധികൾ എന്നിവർ ക്ലാസുകളെടുക്കും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ആളുകളുടെ വസ്ത്രങ്ങളിലും മറ്റും പറ്റിപ്പിടിച്ച് പൈരുക്കുലാരിയ ഫംഗസ് പടരുമെന്നതിനാൽ രോഗബാധയുള്ള തോട്ടങ്ങളിലെ സന്ദർശനം ഒഴിവാക്കണം. ജോലിക്കാരുടെ ശുചിത്വം ഉറപ്പുവരുത്തണം.
കന്നുകാലികൾ ഇഞ്ചിപ്പാടങ്ങളിൽ കയറുന്നത് തടയണം. രോഗബാധയുള്ള ഇടങ്ങൾ ഷെയ്ഡ് നെറ്റ് ഉപയോഗിച്ച് വേർതിരിക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]