പ്രിയങ്ക ഗാന്ധിയുടെ ഇടപെടല്‍; 300 റോഡുകള്‍ക്ക് എന്ആര്ഐഡിഎയുടെ അംഗീകാരം
കൽപറ്റ ∙ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് പിഎംജിഎസ്വൈ ഫേസ് നാലില്‍ മുഴുവന്‍ ബ്ലോക്കുകളെയും ഉള്‍പ്പെടുത്തി 300 റോഡുകള്‍ക്ക് നാഷനല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയുടെ (എന്ആര്ഐഡിഎ) അംഗീകാരം ലഭിച്ചു. വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത വികസന പദ്ധതികളുടെ അവലോകന യോഗമായ ദിശ 2025-26 വര്‍ഷത്തെ ഒന്നാംപാദ യോഗത്തില്‍ സംസാരിക്കവേയാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
വയനാട്ടില്‍ 331 റോഡുകളാണ് പ്രോഗാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് പിഎംജിഎസ്വൈ) കണ്ടെത്തിയത്.
ഇതില്‍ കല്പറ്റ ബ്ലോക്കിലെ 64 റോഡുകള്‍ക്ക് മാത്രമായിരുന്നു എന്ആര്ഐഡിഎ അംഗീകാരം ലഭിച്ചത്. പനമരം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളില്‍പ്പെട്ട
റോഡുകള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുടെ ഫലമായാണ് 300 റോഡുകള്‍ക്ക് അംഗീകാരം ലഭിച്ചത്.
റോഡുകൾ അനുവദിക്കുമ്പോൾ എല്ലാ ബ്ലോക്കുകളെയും നീതിപൂർവമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഗ്രാമീണ വികസന വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാന് പ്രിയങ്ക ഗാന്ധി കത്തെഴുതിയിരുന്നു. വയനാട് മെഡിക്കല്‍ കോളജിന്റെ ഭൂമി സംബന്ധിച്ച വിവരങ്ങളും, കല്പറ്റ കൈനാട്ടി ഗവ.
ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് തുടങ്ങുന്നതിനായി സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച നടപടികളെ കുറിച്ചും എംപി യോഗത്തിൽ ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട
നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്കി. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിനായി 23.75 കോടി രൂപ കേന്ദ്ര ഫണ്ട് അനുവദിച്ചിരുന്നു.
ഇതിന്റെ കാലാവധി 2026 മാര്‍ച്ചില്‍ അവസാനിരിക്കെ, പദ്ധതി വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. സ്വന്തമായി സ്ഥലമുള്ളതും, കെട്ടിടം ഇല്ലാത്തതുമായ 25 അങ്കണവാടികളുടെ പട്ടിക ഐസിഡിഎസ് പ്രോജക്ട് ഓഫിസര്‍ പ്രിയങ്ക ഗാന്ധിക്ക് സമര്‍പ്പിച്ചിരുന്നു.
ഈ അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനായി സിഎസ്ആര്‍ ഫണ്ട് കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് എംപി യോഗത്തില്‍ ഉറപ്പ് നല്കി. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ചെന്നലോട് – ഊട്ടുപാറ റോഡിന്റെ നിര്‍മാണം തടസ്സപ്പെട്ടതില്‍ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തരമായി പ്രവൃത്തി പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എംപി ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി.
പിഎംജിഎസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പുരോഗമിക്കുന്ന വെള്ളമുണ്ട-പുളിഞ്ഞാല്‍ റോഡിന്റെ പ്രവൃത്തിയും അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഡെല്‍റ്റ റാങ്കിഗ് കുറഞ്ഞതിനെ കുറിച്ചും, ഇതിന് പരിഹാരം കാണുന്നതിനായി ആരോഗ്യവകുപ്പ് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കണമെന്നും എംപി പറഞ്ഞു.
വയനാട് ജില്ലയിലെ മറ്റു കേന്ദ്ര പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ കലക്ടര്‍ മേഘശ്രീ, അസിസ്റ്റന്റ് കലക്ടര്‍ പി.പി.അര്‍ച്ചന, പ്രോജക്ട് ഡയറക്ടർ അജീഷ് സി.കെ.
ചെറിയകോലോത്ത്, വിവിധ വകുപ്പുകളുടെ പദ്ധതി നിർവഹണ ഉദ്യോഗസ്ഥര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]