ഉരുൾപൊട്ടൽ പുനരധിവാസം: 235 പേർ സമ്മതപത്രം കൈമാറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ (വയനാട്) ∙ പുനരധിവാസ ടൗൺഷിപ്പിന് 27നു മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടാനിരിക്കെ സമ്മതപത്രം കൈമാറിയത് 235 ഗുണഭോക്താക്കൾ. പുനരധിവാസത്തിനായുള്ള ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ട 242ൽ 235 പേരാണ് കലക്ടറേറ്റിൽ എലെത്തി സമ്മതപത്രം കൈമാറിയത്.കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ നിർമിക്കുന്ന ടൗൺഷിപ്പിൽ വീടിനായി 170 പേരും 65 പേർ സാമ്പത്തിക സഹായത്തിനായും സമ്മതപത്രം കൈമാറി. സമ്മതപത്രം കൈമാറാനുള്ള അവസാന ദിനമായ ഇന്നലെ മാത്രം 113 ഗുണഭോക്താക്കൾ സമ്മതപത്രം നൽകി.
ഇതിൽ 63 പേർ ടൗൺഷിപ്പിൽ വീടിനായും 50 പേർ സാമ്പത്തിക സഹായത്തിനുമാണ് സമ്മതമറിയിച്ചത്. ആദ്യഘട്ട പട്ടികയിലെ ശേഷിക്കുന്നവർക്ക് സമ്മതപത്രം നൽകാൻ ഇന്നു പ്രത്യേക സംവിധാനമൊരുക്കുമെന്നറിയുന്നു.ദുരന്തബാധിത മേഖലയിലെ വീടും മറ്റു നിർമാണങ്ങളും ഒഴിപ്പിക്കുമെന്നതുൾപ്പെടെയുള്ള വ്യവസ്ഥകളിൽ എതിർപ്പുണ്ടായതിനെത്തുടർന്ന്, ആദ്യഘട്ടത്തിൽ സമ്മതപത്രം കൈമാറാൻ ദുരന്തബാധിതർ മടിച്ചിരുന്നു. പിന്നീട് സമ്മതപത്രത്തിലെ ഇത്തരം നിബന്ധനകളിൽ സർക്കാർ മാറ്റം വരുത്തിയതോടെയാണു കൂടുതൽപേർ സന്നദ്ധത അറിയിച്ചു രംഗത്തെത്തിയത്.
കൽപറ്റ ബൈപ്പാസിനോട് ചേർന്ന് ഉയരുന്ന ടൗൺഷിപ്പിൽ 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിലാണ് വീട് നിർമിക്കുക. ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാർക്കറ്റ്, കമ്യൂണിറ്റി സെന്റർ എന്നിവ ടൗൺഷിപ്പിലുണ്ടാകും. ടൗൺഷിപ്പിൽ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വർഷത്തേക്കു കൈമാറ്റം പാടില്ലെന്നതാണു വ്യവസ്ഥ. പാരമ്പര്യ കൈമാറ്റം നടത്താം.
സാമ്പത്തിക സഹായം തിരഞ്ഞെടുക്കുന്നവർക്ക് 15 ലക്ഷം രൂപ സഹായം ലഭിക്കും. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലാണു വീടും സാമ്പത്തിക സഹായവും ലഭിക്കുക. സംഘടനകൾ, സ്പോൺസർമാർ, വ്യക്തികൾ എന്നിവർ വീടുവച്ച് നൽകുന്നവർക്ക് സർക്കാർ നിശ്ചയിച്ച നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കും.
രണ്ടാംഘട്ട 2 എ, 2 ബി പട്ടികയിലുൾപ്പെട്ട ഗുണഭോക്താക്കളിൽ നിന്നു ടൗൺഷിപ്പിൽ വീട്, സാമ്പത്തിക സഹായം എന്നിവ തിരഞ്ഞെടുക്കാനുള്ള സമ്മതപത്രം ഇന്നു മുതൽ സ്വീകരിക്കും.ഇതു സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20നു പ്രസിദ്ധീകരിക്കും.